സ്വന്തം ലേഖകന്‍: ഗ്രീസില്‍ സിപ്രസ് വീണ്ടും അധികാരത്തിലേക്ക്, ഇടതു പാര്‍ട്ടിയായ സിറിസക്ക് മുന്നേറ്റം. ആറുവര്‍ഷത്തിനിടെ ഗ്രീസില്‍ നടക്കുന്ന അ!ഞ്ചാമത്തെ പൊതു തിരഞ്ഞെടുപ്പാണിത്. 99.5 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ സിറിസയ്ക്ക് 35.5 ശതമാനം വോട്ടുകളാണു ലഭിച്ചത്. മുഖ്യഎതിരാളികളായ യാഥാസ്ഥിതികരുടെ പാര്‍ട്ടി ന്യൂ ഡമോക്രസിക്ക് 28.1 ശതമാനമേ ലഭിച്ചുള്ളു. പാര്‍ട്ടി വിമതരുടെ എതിര്‍പ്പുമൂലം കഴിഞ്ഞ മാസം ഭരണമൊഴിയേണ്ടി വന്ന അലക്സിസ് സിപ്രസ് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.
കടക്കെണിയിലായ ഗ്രീസ് യൂറോപ്യന്‍ യൂണിയന്റെ കടമോചനപദ്ധതിക്കു വഴങ്ങേണ്ടതില്ലെന്ന ഹിതപരിശോധനാഫലത്തിനു പിന്നാലെ യൂറോപ്യന്‍ യൂണിയനും ലോകബാങ്കും മുന്നോട്ടുവച്ച സാമ്പത്തിക പരിഷ്കരണ പദ്ധതി അംഗീകരിച്ചതോടെയാണ് സിപ്രസിനെ പാര്‍ട്ടിയിലെ തീവ്ര നിലപാടുകാര്‍ കയ്യൊഴിഞ്ഞത്.
അന്തിമഫലം പ്രഖ്യാപിക്കുമ്പോള്‍ 300 അംഗ പാര്‍ലമെന്റില്‍ സിറിസയ്ക്ക് 145 സീറ്റുകള്‍ ലഭിച്ചേക്കുമെന്നാണ് സൂചന. അഭിപ്രായ സര്‍വേകളില്‍ സിറിസയ്ക്കു നേരിയ വിജയമാണു പ്രവചിച്ചിരുന്നതെങ്കിലും വോട്ടെടുപ്പില്‍ വ്യക്തമായ മുന്നേറ്റമാണുണ്ടായത്.
പാര്‍ട്ടിക്കകത്തും പുറത്തും എതിരാളികള്‍ പടയ്ക്കിറങ്ങിയെങ്കിലും ഗ്രീസിലെ ഏറ്റവും ജനകീയനായ നേതാവാണു താനെന്ന് സിപ്രസ് തെളിയിച്ചു. മുന്‍ തിരഞ്ഞെടുപ്പില്‍ സിപ്രസിന്റെ കക്ഷിക്കു ലഭിച്ചത് 36.4 ശതമാനം വോട്ടുകളായിരുന്നു. തീവ്രവലതുപക്ഷ പാര്‍ട്ടി ഗോള്‍ഡന്‍ ഡോണിന് ഏഴു ശതമാനം വോട്ടു ലഭിച്ചു.
യൂറോപ്യന്‍ യൂണിയന് ബാങ്കില്‍നിന്നു കടംവാങ്ങിയ വകയില്‍ പലിശയടക്കം 32,000 കോടി യൂറോയാണ് ഗ്രീസ് അടച്ചുതീര്‍ക്കാനുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല