ഐഎംഎഫിന്‍റെയും യൂറോപ്യന്‍ യൂണിയന്‍റെയും രണ്ടാംഘട്ട സാമ്പത്തിക രക്ഷാപാക്കെജ് ലഭിക്കുന്നതിനായി രാജ്യത്ത് നടപ്പാക്കാന്‍ തീരുമാനിച്ച ചെലവ് ചുരുക്കല്‍ നടപടികള്‍ക്കു ഗ്രീക്ക് പാര്‍ലമെന്‍റിന്‍റെ അനുമതി. അതേ സമയം ബില്ലിനെതിരേയുള്ള ജനകീയ പ്രക്ഷോഭം രൂക്ഷമായി. ഏതന്‍സിലും സ മീപ പ്രദേശങ്ങളില്‍ അക്രമങ്ങള്‍ അരങ്ങേറുകയാണ്. വോട്ടെടുപ്പ് നടക്കുമ്പോള്‍ പാര്‍ലമെന്‍റിനു പുറത്ത് ഒരു ലക്ഷം വരുന്ന പ്രക്ഷോഭകരും പൊലീസും പലതവണ ഏറ്റുമുട്ടി.
300 പാര്‍ലമെന്‍റ് അംഗങ്ങളില്‍ 199 പേര്‍ മാത്രമാണു ബില്ലിനെ പിന്തുണച്ച് വോട്ടു ചെയ്തത്. സോഷ്യലിസ്റ്റ്, കണ്‍സര്‍വേറ്റീവ് പാര്‍ട്ടികളിലെ 43 അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്തു. പ്രധാനമന്ത്രി ലുകാസ് പാപ്പഡെമോസിന്‍റെ പാര്‍ട്ടിയാണു സോഷ്യലിസ്റ്റ്. ഇതേത്തുടര്‍ന്നു ഇരു പാര്‍ട്ടികളും ബില്ലിനെതിരേ വോട്ടു ചെയ്ത അംഗങ്ങളെ പുറത്താക്കി.
വോട്ടെടുപ്പ് നടക്കുന്ന സമയത്ത് പ്രക്ഷോഭകാരികള്‍ പെട്രോള്‍ ബോംബ് എറിഞ്ഞു. രൂക്ഷമായ കല്ലേറില്‍ നിരവധി പൊലീസുകാര്‍ക്കു പരുക്ക്. പൊതുമുതല്‍ അഗ്നിക്കിരയാക്കിയും കല്ലെറിഞ്ഞുമാണു ജ നം ബില്ലിനോടുള്ള പ്രതിഷേധം അറിയിച്ചത്.
ഏതന്‍സിലെ സിനിമ തിയെറ്ററുകള്‍, കോഫി ഷോപ്പുകള്‍, ബാങ്കുകള്‍ എന്നിവയും അഗ്നിക്കിരയായി. 17,200 കോടി ഡോളറിന്‍റെ രക്ഷാപാക്കെജ് ലഭിക്കുന്നതിനായി പൊതുമേഖലയില്‍ 15,000 തൊഴില്‍ എടുത്തു കളയേണ്ടി വരും.തൊഴില്‍ നിയമങ്ങള്‍ ഉദാരമാക്കുക, മിനിമം കൂലി 750 യൂറോയില്‍ നിന്ന് 600 യൂറോയാക്കുക എന്നീ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. തലസ്ഥാനത്തെ 150 കടകള്‍ പ്രക്ഷോഭകാരികള്‍ അഗ്നിക്കിരയാക്കിയെന്നു പൊലീസ് അറിയിച്ചു.
വിനോദ സഞ്ചാര കേന്ദ്രമായ കോര്‍ഫു, ക്രീറ്റ് എന്നിവടങ്ങളിലേക്കും കലാപം പടര്‍ന്നു. ചെലവ് ചുരുക്കല്‍ നടപടികള്‍ക്ക് അംഗീകാരം ലഭിച്ചതോടെ ഏഷ്യന്‍ സൂചികകളും യൂറോയും നേട്ടത്തില്‍. ഗ്രീസിനു രക്ഷാപാക്കെജ് ലഭിക്കുന്നതോടെ സാമ്പത്തിക പ്രതിസ ന്ധി ഒഴിയുമെന്ന നിക്ഷേപകരുടെ ശുഭ ചിന്തയാണു നേട്ടത്തിനു കാരണം.
എന്നാല്‍ മിനിമം കൂലി 22% കുറയ്ക്കുന്നതു നടപ്പാക്കുന്നതു ഗ്രീക്ക് സര്‍ക്കാരിനു വെല്ലുവിളിയാണ്. ടെക്നോക്രാറ്റ് കൂടിയായ പ്രധാനമന്ത്രി പാപ്പഡെമോസ് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. 15കാരനായ സ്കൂള്‍ വിദ്യാര്‍ഥിയെ പൊലീസ് വെടിവച്ചതിനെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭം പാപ്പഡൊമോസിന്‍റെ ഭാവിയും ചോദ്യ ചിഹ്നമാക്കുന്നു. അക്രമണത്തിനും നശീകരണത്തിനും ജനാധിപത്യ രാജ്യത്തില്‍ സ്ഥാനമില്ലെന്നു പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ആരും ജയിച്ചാലും ചെലവ് ചുരുക്കല്‍ നടപടികള്‍ നടപ്പാക്കിയ ശേഷമേ പാക്കെജ് നല്‍കൂവെന്നു യൂറോപ്യന്‍ യൂണിയനും ഐഎംഎഫും വ്യക്തമാക്കി. ചെലവ് ചുരുക്കല്‍ നടപടികള്‍ ഗ്രീക്ക് പാര്‍ലമെന്‍റ് പാസാക്കിയതോടെ യൂറോ നേട്ടത്തില്‍. എന്നാല്‍ യൂറോസോണ്‍ രാജ്യങ്ങളുടെ പ്രതികരണം സംബന്ധിച്ച ആശങ്ക തുടരുന്നു. യൂറോ 0.3% ഉയര്‍ന്ന് 1.3235 ഡോളറിലെത്തി. വെള്ളിയാഴ്ച ജനുവരിക്കു ശേഷം ഏറ്റ വും കുറഞ്ഞ വിലയിലായിരുന്ന സ്വര്‍ണം ഔണ്‍സിനു 1,725 ഡോളറായി ഉയര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല