സ്വന്തം ലേഖകന്‍: യുഎസിലേക്കുള്ള ഗ്രീന്‍ കാര്‍ഡ് കുടിയേറ്റക്കാരുടെ എണ്ണം പത്തു വര്‍ഷത്തിനുള്ളില്‍ പകുതിയായി കുറക്കാന്‍ നീക്കം, ഇന്ത്യക്കാരുടെ അമേരിക്കന്‍ സ്വപ്നത്തിന് കനത്ത തിരിച്ചടി. അമേരിക്കയില്‍ സ്ഥിര താമസമാക്കാനും ഗ്രീന്‍കാര്‍ഡ് ലഭിക്കാനും ആഗ്രഹിച്ച് ഗ്രീന്‍കാര്‍ഡിനായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് കനത്ത ആഘാതമാണ് പുതിയ നിയമ നിര്‍ദ്ദേശം.
റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടോം കോട്ടനും ഡമോക്രാറ്റ് ഡേവിഡ് പെര്‍ഡ്യൂവും ചേര്‍ന്നു സെനറ്റില്‍ അവതരിപ്പിച്ച നിയമ നിര്‍ദേശത്തിനു ട്രംപ് ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്നാണു സൂചന. വര്‍ഷം 10 ലക്ഷം ഗ്രീന്‍കാര്‍ഡുകളും സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റുകളുമാണു നിലവില്‍ യുഎസ് അനുവദിക്കുന്നത്. ഇത് അഞ്ചുലക്ഷമായി കുറയ്ക്കാനാണു നിര്‍ദേശം.
നിലവില്‍ 10 മുതല്‍ 35 വര്‍ഷം വരെ കാത്തിരുന്നാലാണ് ഇന്ത്യക്കാര്‍ക്ക് യുഎസ് ഗ്രീന്‍കാര്‍ഡ് ലഭിക്കുന്നത്. ഇപ്പോഴത്തെ നിര്‍ദേശം നിയമമായാല്‍ ഈ കാത്തിരിപ്പു വീണ്ടും കൂടും. ഉദാരമായ കുടിയേറ്റ വ്യവസ്ഥകള്‍ കാരണം യുഎസ് പൗരന്മാരുടെ വേതനം കുറയുന്നതായി ബില്‍ അവതരിപ്പിച്ച സെനറ്റര്‍മാര്‍ ചൂണ്ടിക്കാട്ടി.
ബില്‍ പാസാവുകയാണെങ്കില്‍ കാത്തിരിപ്പ് അനന്തമായി നീളുകയാവും ഫലം. എന്നാല്‍, ഈ ബില്ലില്‍ എച്ച്1ബി വിസകളില്‍ പ്രത്യേകിച്ച് നിയന്ത്രണങ്ങള്‍ വരുത്തണമെന്ന് നിര്‍ദേശിക്കുന്നില്ല. അമേരിക്കക്കാര്‍ക്ക് കഴിഞ്ഞ പതിറ്റാണ്ടില്‍ തൊഴില്‍ ലഭിക്കുന്നതിനുള്ള സാധ്യത കുടിയേറ്റക്കാരുടെ എണ്ണത്തിലെ വര്‍ധന കാരണം കുറഞ്ഞിട്ടുണ്ടെന്നും ഇതില്ലാതാക്കാന്‍ കാനഡയിലും ആസ്‌ട്രേലിയയിലും നിലവിലുള്ള സംവിധാനം സ്വീകരിക്കുന്നതിനാണ് നിയമം നിര്‍ദേശിച്ചതെന്നും സെനറ്റര്‍ ടോം കോട്ടന്‍ മാധ്യമങ്ങളോട് പറഞ്ഞു.
റൈസ് ആക്ട് എന്ന് പേരിട്ടിരിക്കുന്ന നിയമം അമേരിക്കക്കാര്‍ക്ക് ഉയര്‍ന്ന ശമ്പളത്തോടെയുള്ള ജോലിനേടാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിസ ലോട്ടറി സംവിധാനം എടുത്തുകളയണമെന്നും ബില്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം എച്ച്1ബി വിസ നിയന്ത്രിക്കുന്ന ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് നൂറിലേറെ സ്റ്റാര്‍ട്ടപ്പുകള്‍ ആവശ്യപ്പെട്ടു.സ്റ്റാര്‍ട്ടപ്പ് കമ്യൂണിറ്റിയെ ഇത് വലിയ തോതില്‍ ബാധിക്കുമെന്നും അമേരിക്കയെതന്നെ ഇത് ദുര്‍ബലപ്പെടുത്തുമെന്നും തുറന്ന കത്തില്‍ ഇവര്‍ ആവശ്യപ്പെട്ടു.
കൂടുതല്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു യുഎസിലേക്കു യാത്രാനിരോധനം ഏര്‍പ്പെടുത്താന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. ഏഴു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് കഴിഞ്ഞ ദിവസം കോടതി തടഞ്ഞിരുന്നു. ഇതിനെതിരെ യുഎസ് ഭരണകൂടം അപ്പീല്‍ നല്‍കിയിരിക്കുകയാണ്.
ഇറാഖ്, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കാണു യുഎസില്‍ പ്രവേശിക്കുന്നതിനു നേരത്തെ വിലക്കേര്‍പെടുത്തിയത്. 120 ദിവസത്തേക്കാണു വിലക്ക്.
കോടതി തടഞ്ഞതുമൂലം നിലവില്‍ ഇവര്‍ക്ക് യാത്ര ചെയ്യാന്‍ തടസ്സമില്ല.
കൂടുതല്‍ രാജ്യങ്ങളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെങ്കിലും രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഏതറ്റംവരെ പോകാനും ട്രംപ് ഭരണകൂടം മടിക്കില്ലെന്നു വൈറ്റ് ഹൗസ് വക്താവ് സീന്‍ സ്‌പൈസര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല