സ്വന്തം ലേഖകൻ: ഗ്രീൻ കാർഡ് നൽകുന്നതിന് ഓരോ രാജ്യത്തിനും നിശ്ചയിച്ചിരുന്ന പരിധി എടുത്തുകളയുന്നതിനുള്ള ബിൽ യുഎസ് ജനപ്രതിനിധി സഭയിൽ. 7% എന്ന പരിധി നിലവിലുള്ളതിനാൽ ഗ്രീൻ കാർഡ് കിട്ടാതെ വർഷങ്ങളായി കാത്തിരിക്കുന്ന ഇന്ത്യൻ ഐടി പ്രഫഷനലുകൾക്ക് ഗുണകരമാകുന്നതാണ് ബിൽ. കുടിയേറ്റക്കാർക്ക് നിശ്ചയിച്ചിട്ടുള്ള 7% എന്ന പരിധി എടുത്തുകളയാനും കുടുംബ സ്പോൺസർഷിപ്പിൽ വീസ നൽകുന്നതിനുള്ള 7% എന്ന പരിധി 15 ശതമാനമാക്കി ഉയർത്താനും ബിൽ ശുപാർശ ചെയ്യുന്നു.
ജോ ബൈഡൻ സർക്കാർ അധികാരത്തിലേറിയ ശേഷം ഇരുപക്ഷവും സംയുക്തമായി അവതരിപ്പിക്കുന്ന ആദ്യ ബില്ലാണിത്. ഡമോക്രാറ്റിക് പാർട്ടിയിലെ സോയി ലോഫ്ഗ്രെന്നും റിപ്പബ്ലിക്കൻ പാർട്ടിയിലെ ജോൺ കർട്ടിസും ചേർന്നാണ് ഈഗിൾ ആക്ട് എന്നറിയപ്പെടുന്ന ഈക്വൽ അക്സസ് ടു ഗ്രീൻ കാർഡ്സ് ഫോർ ലീഗൽ എംപ്ലോയ്മെന്റ് ആക്ട് 2021 അവതരിപ്പിച്ചത്. സെനറ്റ് കൂടി ബിൽ പാസാക്കിയാൽ പ്രസിഡന്റിന്റെ അനുമതിക്ക് അയയ്ക്കും.
സമാനമായ ബിൽ 2020 ൽ വൻ ഭൂരിപക്ഷത്തിന് (365–65) സെനറ്റ് പാസാക്കിയിരുന്നെങ്കിലും ജനപ്രതിനിധിസഭയിൽ വന്നില്ല. അന്നത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അതിന്റെ നേട്ടം ലഭിക്കുമെന്ന കാരണത്താൽ ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുണ്ടായിരുന്ന ജനപ്രതിനിധിസഭ പരിഗണിക്കാതിരുന്നതാണെന്ന് ആക്ഷേപമുണ്ട്. ഇന്ത്യക്കാരെയാണ് ഈ പരിധി ഏറ്റവുമധികം ബാധിച്ചത്.
ഇനി യുഎസ് കമ്പനികൾക്ക് ഏറ്റവും വിദഗ്ധരായ ആളുകളെ ആകർഷിക്കാൻ കഴിയുമെന്നും ഇപ്പോൾ ഇവരെ യുഎസിനു പുറത്തുള്ള കമ്പനികൾ തട്ടിയെടുക്കുകയാണെന്നും ലോഫ്ഗ്രെൻ ചൂണ്ടിക്കാട്ടി. രാജ്യമേതെന്നു നോക്കാതെ ആദ്യം വരുന്നവർക്ക് യോഗ്യത നോക്കി തൊഴിൽ വീസ നൽകാൻ കഴിയുമെന്ന് കർട്ടിസും ചൂണ്ടിക്കാട്ടി. ഇപ്പോൾ 3 ലക്ഷം ഇന്ത്യക്കാരാണ് യുഎസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനായി ക്യൂവിലുള്ളത്. നിലവിലുള്ള രീതിയനുസരിച്ചാണെങ്കിൽ ഇവർക്കു മുഴുവൻ ഗ്രീൻ കാർഡ് നൽകാൻ 150 വർഷം വേണ്ടിവരും.
ഇന്ത്യയിൽ നിന്ന് കോവാക്സിനെടുത്ത് വരുന്നവർക്ക് യുഎസിൽ വീണ്ടും വാക്സിൻ
വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ അംഗീകാരം ലഭിക്കാത്ത ഇന്ത്യയുടെ കോ വാക്സിൻ, റഷ്യയുടെ സ്പുട്നിക്ക് എന്നീ വാക്സിനുകൾ സ്വീകരിച്ച വിദ്യാർഥികൾ പഠനത്തിനായി ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തുമ്പോൾ വീണ്ടും വാക്സീൻ സ്വീകരിക്കണമെന്ന് അമേരിക്കയിലെ 400 യുഎസ് കോളജുകളും യൂണിവേഴ്സിറ്റികളും കർശന നിർദേശം നൽകി.
കൊളംബിയ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഇന്റർനാഷണൽ ആന്റ് പബ്ലിക്ക് അഫയേഴ്സിൽ മാസ്റ്റേഴ്സ് ഡിസ്ട്രിക്കായി ഇന്ത്യയിൽ നിന്നെത്തിയ മില്ലനി ദോഷി എന്ന വിദ്യാർഥി കോ വാക്സീന്റെ രണ്ടു ഡോസ് ഇന്ത്യയിൽ നിന്നും സ്വീകരിച്ചിരുന്നുവെങ്കിലും, യൂണിവേഴ്സിറ്റി ക്യാംപസിലെത്തുമ്പോൾ ഇവിടെ അംഗീകാരമുള്ള മറ്റേതെങ്കിലും വാക്സീൻ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ടു ഡോസ് കോവിഡ് വാക്സീൻ സ്വീകരിച്ചവർ വീണ്ടും കോവിഡ് വാക്സീൻ സ്വീകരിക്കണമെന്നാവശ്യപ്പെടുമ്പോൾ അതിലടങ്ങിയിരിക്കുന്ന മെഡിക്കൽ ആന്റ് ലോജിസ്റ്റിക്കൽ വിഷയങ്ങൾ പഠന വിധേയമാക്കണമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. അമേരിക്കയിൽ വിതരണം ചെയ്യുന്ന ഫൈസർ, മോഡേണ, ജോൺസൻ ആന്റ് ജോൺസൻ എന്നീ വാക്സീനുകൾക്ക് വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല