ലണ്ടന്‍: ബ്രിട്ടണില്‍ ഇന്ധനവില വീണ്ടും കൂടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വരും വര്‍ഷങ്ങളില്‍ ഇന്ധനത്തിനായി ജനങ്ങള്‍ ചിലവാക്കേണ്ട തുകയില്‍ വന്‍ വര്‍ദ്ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഹരിത നികുതിയില്‍ വര്‍ദ്ധനവുണ്ടാകുന്നതോടെയാണ് ഇന്ധനത്തിന് വില കൂടുക. കാറ്റ്, സൗരോര്‍ജം, ആണവോര്‍ജം എന്നിവ ഉപയോഗിക്കുന്നതിനാണ് കൂടുതല്‍ വില നല്‍കേണ്ടി വരിക. കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നികുതിയാണ് ഹരിത നികുതി. നിലവില്‍ പ്രതിവര്‍ഷം 89 പൗണ്ടാണ് വാതക പുറംതള്ളലിനെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ ഹരിത നികുതിയായി നല്‍കുന്നത്. എന്നാല്‍ എല്ലാ വര്‍ഷവും ഇത് വര്‍ദ്ധിച്ച് 2020ഓടെ 280 പൗണ്ടായി തീരുമെന്നാണ് അധികൃതര്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനവും ഊര്‍ജവും സംബന്ധിച്ച സര്‍ക്കാര്‍ വകുപ്പാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഈ നികുതി വഴി വിന്‍ഡ് ഫാമുകള്‍ക്കും ആണവോര്‍ജ കേന്ദ്രങ്ങള്‍ക്കും മാര്‍ഗ സൂചികാ സ്തംഭങ്ങള്‍ക്കും സൗരോര്‍ജ പാനലുകള്‍ക്കും ചെലവാകുന്ന 200 ലക്ഷം കോടി പൗണ്ടിലേക്ക് പ്രതിവര്‍ഷം എട്ട് ലക്ഷം കോടി സ്വരൂപിക്കാന്‍ സര്‍ക്കാരിന് സാധിക്കും. എന്നാല്‍ ഇതുമൂലം ജനങ്ങള്‍ക്ക് അമിതഭാരം ഉണ്ടാകുകയില്ലെന്നാണ് എനര്‍ജി സെക്രട്ടറി ക്രിസ് ഹഹ്ന്‍ പറയുന്നത്. അധോസഭയില്‍ പുതിയ നികുതി വര്‍ദ്ധനവിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ അനുസരിച്ച് ഗാര്‍ഹിക ആവശ്യത്തിനുള്ള ഇന്ധനത്തിന്റെ ഉപയോഗം ഏഴ് ശതമാനമോ 94 പൗണ്ടോ കുറവു സംഭവിക്കും. അതുപോലെ പാചക വാതക ബില്ലിലും കറണ്ട് ബില്ലിലും 2020ഓടെ വലിയ തോതില്‍ കുറവുണ്ടാകും.
എന്നാല്‍ ഹരിത നികുതി വര്‍ദ്ധിപ്പിക്കാനുള്ള നീക്കം ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വ്യവസായ ആവശ്യങ്ങള്‍ക്കുള്ള ഇന്ധനത്തില്‍ വന്‍ വില വര്‍ദ്ധനവുണ്ടാകുമെന്നതാണ് ഇപ്പോഴത്തെ ആശങ്കകള്‍ക്ക് കാരണം. ഇത് അവശ്യസാധനങ്ങളുടെ വില വര്‍ദ്ധിക്കാനും കാരണമാകും. നിലവില്‍ 1200 പൗണ്ടാണ് പ്രതിവര്‍ഷം ഇന്ധന ബില്ലായി ജനങ്ങളില്‍ നിന്ന് ഈടാക്കുന്നത്. ഇത് 2020ഓടെ 1379 പൗണ്ടാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല