രാഹുല്‍ ദ്രാവിഡ് മറ്റു ക്യാപ്റ്റന്മാര്‍ക്ക് നല്‍കിയ പിന്തുണ തിരികെ ലഭിച്ചിരുന്നെങ്കില്‍ എക്കാലത്തെയും മികച്ച നായകരില്‍ ഒരാളായി അദ്ദേഹം മാറുമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗ്രെഗ് ചാപ്പല്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗ്രെഗ് ചാപ്പലിന്റെ ‘രാഹുല്‍ ദ്രാവിഡ് ടൈംലെസ് സ്റ്റീല്‍’ എന്ന പുസ്തകത്തിലാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്
ദ്രാവിഡിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം നിരവധി വിജയങ്ങള്‍ സ്വന്തമാക്കുമ്പോള്‍ ടീമിലെ മറ്റു താരങ്ങള്‍ സന്തുഷ്ടരായിരുന്നില്ല.അദ്ദേഹം ക്യാപ്റ്റനായിരിക്കെ ടീം നേടിയ വിജയങ്ങള്‍ ടീം ഒന്നടങ്കം ആസ്വദിച്ചിരുന്നില്ല. വിജയങ്ങള്‍ ചില താരങ്ങള്‍ക്ക് ഭീഷണിയായി തോന്നിയതായും അവര്‍ ദ്രാവിഡിനെതിരെ പ്രവര്‍ത്തിച്ചതായും ചാപ്പല്‍ തന്റെ പുതിയ പുസ്തകത്തില്‍ പറയുന്നു.
മറ്റു ക്യാപ്റ്റന്മാര്‍ക്ക് ദ്രാവിഡ് നല്‍കിയ പിന്തുണ ക്യാപ്റ്റനായിരിക്കെ അദ്ദേഹത്തിന് ലഭിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രം മാറുമായിരുന്നു. എക്കാലത്തെയും മികച്ച ഇന്ത്യന്‍ ക്യാപ്റ്റനായി അദ്ദേഹം മാറുമായിരുന്നുവെന്ന് പറയുന്ന ചാപ്പല്‍, ദ്രാവിഡിന്റെ നേതൃത്വത്തില്‍ ടീം ഇന്ത്യ നേടിയ ശ്രദ്ധേയമായ വിജയങ്ങള്‍ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
ദ്രാവിഡിനോട് പ്രത്യേക സ്നേഹബന്ധം പുലര്‍ത്തിയിരുന്നു. ക്യാപ്റ്റന്റെ ഉത്തരവാദിത്തം മനോഹരമായി അദ്ദേഹം നിറവേറ്റി. ദ്രുതഗതിയിലുള്ള തീരുമാനങ്ങള്‍ അദ്ദേഹം എടുത്തിരുന്നില്ല. കളത്തിനകത്തും പുറത്തും മോശമായ വാക്കുകള്‍ ദ്രാവിഡ് ഒരിക്കലും ഉപയോഗിക്കാറില്ലെന്നും ചാപ്പല്‍ പറഞ്ഞു. വാള്‍ട്ട് ഡിസ്നി കമ്പനിയാണ് പുസ്തകം പുറത്തിറക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല