സ്വന്തം ലേഖകന്‍: ജി.എസ്.എല്‍.വി മാര്‍ക്ക് 3 ഭ്രമണപഥത്തില്‍, അഭിമാന നേട്ടവുമായി ഐഎസ്ആര്‍ഒ, ബഹിരാകാശത്തിലേക്ക് മനുഷ്യനെ അയക്കാനുള്ള ഇന്ത്യന്‍ സ്വപ്നം ഒരു പടികൂടി അടുത്ത്. ഐഎസ് ആര്‍ഒ വികസിപ്പിച്ച ഏറ്റവും ശക്തിയേറിയ ഉപഗ്രഹ വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് ഭാരമേറിയ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജി.സാറ്റ്19 നെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചു.
ഇതോടെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തത നേടി. വൈകുന്നേരം 5.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നായിരുന്നു ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്നിന്റെ വിക്ഷേപണം. മൂന്നു ഘട്ടങ്ങളിലായി 16 മിനിറ്റ് 20 സെക്കന്‍ഡിനുള്ളിലാണ് വിക്ഷേപണം പൂര്‍ത്തിയാക്കിയത്.
ഐ.എസ്.ആര്‍.ഒ. ഇതുവരെ വികസിപ്പിച്ചതില്‍ ഏറ്റവും ഭാരം കൂടിയ വിക്ഷേപണവാഹനമാണ് ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന്. തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചു നടത്തുന്ന ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്നിന്റെ വിക്ഷേപണം ഇന്ത്യന്‍ ബഹിരാകാശ ദൗത്യത്തിലെ സുപ്രധാന നാഴികക്കല്ലാണ്. വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഭാവിയില്‍ മനുഷ്യരെ വഹിക്കുന്ന ബഹിരാകാശ പേടകമായും ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് ഉപയോഗിക്കാന്‍ കഴിയുമെന്ന് കണക്കുകൂട്ടലുകളും സജീവമായി.
ഈ പദ്ധതിക്കുവേണ്ടി ഐ.എസ്.ആര്‍.ഒ. കേന്ദ്രസര്‍ക്കാരില്‍നിന്ന് 12,500 കോടി രൂപ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ചൈന വിജയകരമായി മനുഷ്യനെ ബഹിരാശത്ത് എത്തിച്ചതോടെ ആകാശ മത്സരത്തില്‍ പിന്നിലായ ഇന്ത്യ പത്തു വര്‍ഷത്തിനുള്ളില്‍ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനാണ് പദ്ധതിയിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല