1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2025

സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അനധികൃത കുടിയേറ്റം പൂർണ്ണമായി അവസാനിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ജനസംഖ്യയിലെ ഏകദേശം 3.3 ശതമാനം പേർ രേഖകളില്ലാതെ യുഎസിൽ എത്തിയവരാണെന്ന് 2022ലെ സെന്‍സസ് ബ്യൂറോയിലെ രേഖകൾ വ്യക്തമാക്കുന്നു. അതാതയത് 110 ലക്ഷം പേർ. ഇത്രയും പേരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയയ്ക്കുക സാധ്യമാണോ എന്ന സംശയം ശക്തമാണ്.

പ്രസിഡന്‍റ് പദവി ഏറ്റെടുത്ത ശേഷം ട്രംപ് ആദ്യ യോഗത്തിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാൻ നടപടിയെടുത്തിരുന്നു. ഈ ഉത്തരവ് ഭരണഘടന വിരുദ്ധമാണെന്ന് യു എസ് ജഡ്ജ് വിധിച്ചു. നിലവിൽ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.

ഗര്‍ഭിണികളായ വിദേശയുവതികള്‍ അമേരിക്കയില്‍ എത്തി പ്രസവിച്ചശേഷം നവജാതശിശു അമേരിക്കന്‍ പൗരനാകുന്നതോടെ ആനുകൂല്യങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഗ്രീന്‍കാര്‍ഡും ക്രമേണ പൗരത്വവും ഇത്തരത്തിൽ സ്വന്തമാക്കുന്ന ആനുകൂല്യങ്ങളിൽ ഉൾപ്പെടും. ട്രംപ് ജന്മാവകാശ പൗരത്വം നിർത്തലാക്കാൻ തീരുമാനിച്ചതിനോട് 70 ശതമാനം അമേരിക്കന്‍ പൗരന്മാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായി അസോസിയേറ്റ് പ്രസ് നടത്തിയ പോളിങ്ങില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നും എച്ച്-1 ബി വീസയിൽ എത്തുന്നവരുടെ അമേരിക്കൻ ആഗമനത്തെ അംഗീകരിക്കുകയും പെർമനന്‍റ് വീസ നൽകുന്നതിനെ സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്യുവാനുള്ള സാധ്യതകൾ വർധിച്ചതായി വിവിധ ട്രാവൽ ഏജൻസി വക്താക്കൾ പറയുന്നു. ജന്മാവകാശ പൗരത്വവും സ്ഥിരവാസാനുമതിയും നൽകുന്ന ഏക രാജ്യം അമേരിക്ക മാത്രമാണെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ കയ്യടി നേടി വാഗ്ദാനങ്ങൾ പലതും ഇതിനകം തന്നെ ട്രംപ് ഉത്തരവായി പുറത്തറക്കിയിട്ടുണ്ട്. നോര്‍ത്ത് അമേരിക്കയുടെ തെക്കുവശത്തായും മെക്സിക്കോയുടെ പടിഞ്ഞാറുഭാഗത്തായും ഉള്ള സമുദ്രാതിര്‍ത്തി പ്രദേശത്തെ ഗള്‍ഫ് ഓഫ് മെക്സിക്കോ എന്ന നാമകരണത്തെ പരിഷ്കരിച്ച് ഗള്‍ഫ് ഓഫ് അമേരിക്ക എന്ന പുതിയ പേര് നിര്‍ദ്ദേശിച്ചതായും ട്രംപ് മേധാവിത്വസംഘം പറയുന്നതായി റിപ്പോർട്ടുകളുണ്ട്.

അനധികൃത അഭയാഥികള്‍ക്ക് താത്കാലികമായി ബൈഡന്‍ ഭരണകൂടം അമേരിക്കയിൽ താമസിക്കുന്നതിന് അനുമതി നല്‍കിയ ഉത്തരവ് പുതിയ ഭരണകൂടം അവസാനിപ്പിച്ചു. നാടുകടത്തൽ ആരംഭിക്കുന്നതിനുള്ള തിരക്കിലാണിപ്പോള്‍ ട്രംപ് ഭരണകൂടം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.