സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ ഇന്ത്യയുടെ നട്ടെല്ലൊടിച്ചതായി ഗാര്ഡിയന് പത്രം, ലോക മാധ്യമങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ താരപരിവേഷം മങ്ങുന്നു. വേണ്ടത്ര ആലോചനയില്ലാതെ നടപ്പാക്കിയ തീരുമാനം ഇന്ത്യന്‍ സമ്പ്ദ്വ്യവസ്ഥ തകര്‍ക്കുന്നതാണെന്ന് മുഖപ്രസംഗത്തില്‍ പത്രം വിലയിരുത്തുന്നു. ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാത്രി, അദ്ദേഹത്തോട് സാദൃശ്യം പുലര്‍ത്തുന്ന ദേശീയവാദികളായ രാഷ്ട്രനേതാക്കള്‍ സ്വന്തം രാജ്യങ്ങളില്‍ കുഴപ്പം സൃഷ്ടിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടു എന്നു തുടങ്ങുന്ന മുഖപ്രസംഗം മോദിയെ വിമര്‍ശിക്കുന്നുമുണ്ട്.
മുഖപ്രസംഗം തുടരുന്നു. ‘ആഴ്ചകള്‍ക്കുമുമ്പ് ഒരു ദിവസം രാത്രി ടെലിവിഷന്‍ അഭിസംബോധനയിലൂടെ 500, 1000 കറന്‍സികള്‍ അസാധുവാക്കുകയാണെന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം അത്തരത്തിലൊന്നായിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായ ഈ നീക്കത്തില്‍ ജനം ഞെട്ടി. 86 ശതമാനം കറന്‍സികളുടെ മൂല്യം നഷ്ടപ്പെട്ടു.
ചകിതരായ ജനങ്ങള്‍ക്കുമുന്നില്‍ മോദി ഓഫറും വെച്ചു. പേടി വേണ്ട, പഴയ നോട്ടുകള്‍ മാറ്റിയെടുക്കാം.
എന്നാല്‍, പുതിയ കറന്‍സി വിതരണം ചെയ്യുന്നതിന് പരിധിയും നിശ്ചയിച്ചു. അഴിമതിക്കെതിരായ പോരാട്ടമായും കള്ളപ്പണക്കാരെയും (നികുതിവെട്ടിച്ച് പണംപൂഴ്ത്തിവെക്കുന്നവരെ) തടയാനുള്ള നീക്കമായും നടപടി ശ്ലാഘിക്കപ്പെട്ടു. നോട്ടുകള്‍ അസാധുവാക്കിയത് അഴിമതിതടയാനുള്ള നല്ല നടപടിയായി തുടക്കത്തില്‍ എല്ലാവരും വിലയിരുത്തി.
നോട്ടുകള്‍ അസാധുവാക്കിയതിന്റെ ആഘാതം കുറഞ്ഞകാലം കൊണ്ടുതന്നെ ഇന്ത്യന്‍ ജനതയെ ബാധിച്ചു. രണ്ട് ട്രില്യണ്‍ ഡോളര്‍ വരുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ചുരുങ്ങും. കറന്‍സി പിന്‍വലിച്ചത് പണക്കാരെ അത്രയൊന്നും ബാധിച്ചില്ല. പ്രത്യേകിച്ച്, അഴിമതിയില്‍ മുങ്ങിക്കുളിച്ച സമ്പന്നര്‍ സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ്, ഓഹരി എന്നീ മേഖലകളിലേക്ക് നിക്ഷേപമൊഴുക്കി.
130 കോടി ജനസംഖ്യയുള്ള രാജ്യത്തെ ഭൂരിപക്ഷം വരുന്ന ദരിദ്രവിഭാഗത്തിനിത് കനത്ത തിരിച്ചടിയായി മാറി. തൊഴിലിന്റെ കൂലി പണമായി സ്വീകരിച്ചുപോന്ന ആ പാവങ്ങളില്‍ പലര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ പോലുമുണ്ടായിരുന്നില്ല. കൈയിലുള്ള പഴയനോട്ടുകള്‍ മാറിയെടുക്കാന്‍ ബാങ്കുകളുടെ മുന്നില്‍ മണിക്കൂറുകളോളം അവര്‍ വരിനിന്നു. കുടുംബം പുലര്‍ത്താനായി തൊഴിലെടുക്കുന്ന സമയം വരിനിന്നതിലൂടെ അവര്‍ക്ക് നഷ്ടപ്പെട്ടു. മോദിയുടെ ധനപരിഷ്കാരം ഒരാഴ്ച പിന്നിട്ടപ്പോഴേക്കും നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടു. ആഴ്ചകള്‍ക്കകം പ്രശ്നം പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
നോട്ടുകള്‍ അസാധുവാക്കുന്നത് ഇന്ത്യയില്‍ പുതിയ സംഭവമല്ല. 1946, 1954, 1978 എന്നീ വര്‍ഷങ്ങളില്‍ നോട്ടുകള്‍ അസാധുവാക്കിയിരുന്നു. എന്നാല്‍, വേണ്ടത്ര ആസൂത്രണമില്ലാതെ നടപ്പാക്കിയ ഈ പരിഷ്കരണം പണപ്പെരുപ്പത്തിനും കറന്‍സിമൂല്യം ഇടിയുന്നതിനും ജനകീയ പ്രതിഷേധത്തിലേക്കുമാണ് നയിക്കുക.
അഴിമതി തുടച്ചുമാറ്റുമെന്നാണ് മോദിയുടെ പ്രചാരണവാഗ്ദാനം. കാലഹരണപ്പെട്ട നികുതിസമ്പ്രദായം പൊളിച്ചെഴുതുകയായിരുന്നു ആ വാഗ്ദാനം നിറവേറ്റാന്‍ സര്‍ക്കാറിന് ഏറ്റവും അനുയോജ്യം. എന്നാല്‍, ഇത്തരം മെല്ലെപ്പോക്കു നയം തരംഗം സൃഷ്ടിക്കില്ളെന്ന് സര്‍ക്കാറിന് നന്നായി അറിയാം.
ഗുജറാത്തില്‍ മുസ്ലിംകളെ കൂട്ടക്കുരുതി നടത്തിയ സംഭവത്തില്‍ കുറ്റാരോപിതനായ നരേന്ദ്ര മോദിക്ക് വര്‍ഷങ്ങളോളം അന്തര്‍ദേശീയ തലത്തില്‍ വിലക്ക് കല്പിച്ചിരുന്നു. എന്തെങ്കിലുമൊക്കെ ചെയ്ത് പേരെടുക്കാനാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ശ്രമം. അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപ് സ്വയം ഉടച്ചുവാര്‍ക്കാന്‍ മോദിക്ക് അവസരവും നല്കുന്നു.’
രണ്ടുവര്‍ഷം മുമ്പ് മോദിയുടെ തെരഞ്ഞെടുപ്പ് വിജയം ആഗോള വിപ്ളവത്തിന്റെ ഭാഗമാണെന്ന് ട്രംപിനെ ആരാധിക്കുന്ന സ്റ്റീവ് ബാനണ്‍ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍, പണഞെരുക്കവും ഭരണ പ്രതിസന്ധിയും വിപ്ലവം വീടുകളില്‍നിന്ന് തുടങ്ങുമെന്നാണ് തെളിയിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് ഗാര്ഡിയന് എഡിറ്റര്‍ ശക്തമായ മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്ന സമയത്ത് കൈയ്യടിച്ച പല ലോകമാധ്യമങ്ങളും ഇപ്പോള്‍ നിലപാട് മാറ്റിത്തുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നു വരുന്ന ജനങ്ങളുടെ ദുരിതത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആശാവഹമല്ലെന്നാണ് മിക്ക മാധ്യമങ്ങളുടേയും വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല