സ്വന്തം ലേഖകൻ: പൊതുമാപ്പ് നീട്ടുന്നതിന് മുമ്പ് ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ച് യുഎഇ. ഡിസംബർ 31 വരെ ഇവർക്ക് രാജ്യത്തു തുടരാമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ പതിനാല് ദിവസത്തിനകം രാജ്യം വിടണമെന്നായിരുന്നു നിർദേശം. ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ ഈ വർഷം അവസാനം വരെ സമയമുണ്ടെങ്കിലും, വിമാനടിക്കറ്റ് നിരക്ക് ഉയരാൻ സാധ്യതയുള്ളതുകൊണ്ട് ഇവർ എത്രയും വേഗം രാജ്യം വിടണമെന്നാണ് നിർദേശം. വീസ സ്റ്റാറ്റസ് ശരിയാക്കാത്തവർ വേഗത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
ഔട്ട് പാസ് ലഭിച്ചവർക്ക്, രാജ്യം വിടാൻ രേഖപ്പെടുത്തിയ തിയതി അടങ്ങിയ പേപ്പർ വീണ്ടും മാറ്റേണ്ടതില്ല. സിസ്റ്റത്തിൽ ഇവരുടെ ഔട്ട്പാസ് കാലാവധി നീട്ടി നൽകിയിട്ടുണ്ട്. പാസ് ലഭിച്ചവർ നാട്ടിലേക്ക് പോകാൻ അവസാനം വരെ കാത്തിരിക്കരുത്. വിമാനടിക്കറ്റ് നിരക്ക് ഉയർന്നാൽ തിരിച്ചു പോകാനാകാത്ത സാഹചര്യം ഉണ്ടാകാൻ ഇടയുണ്ടെന്നും ജി ഡി ആർ എഫ് എ അമർ കസ്റ്റമർ ഹാപ്പിനെസ്സ് ഡയറക്ടർ ലഫ്റ്റനന്റ് സാലിം ബിൻ അലി പറഞ്ഞു.
സെപ്റ്റംബർ ഒന്നു മുതൽ ഒക്ൾടോബർ 31 വരെയായിരുന്നു ആദ്യഘട്ടത്തിലെ പൊതുമാപ്പ് കാലാവധി. വിവിധ പൊതുമാപ്പു കേന്ദ്രങ്ങളിലെ തിരക്ക് പരിഗണിച്ച് അധികൃതർ കാലാവധി ഡിസംബർ 31 വരെ നീട്ടി നൽകിയിരുന്നു. ഡിസംബർ 31 ശേഷം പൊതുമാപ്പിൽ ഒരാനുകൂല്യവും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ജി ഡി ആർ എഫ് എ വ്യക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പു നൽകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല