1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2024

സ്വന്തം ലേഖകൻ: നഗരത്തിന്റെ സുരക്ഷിതത്വവും സൗന്ദര്യ സംരക്ഷണവും കണക്കില്ലെടുത്ത് ജിദ്ദയിലെ കെട്ടിടങ്ങളില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പുറത്തുവിട്ട് ജിദ്ദ നഗര ഭരണാധികാരികള്‍. ജിദ്ദ നഗരത്തിലെ വാണിജ്യ തെരുവുകളിലെ കെട്ടിടങ്ങള്‍ക്കാണ് ജിദ്ദ മേയറുടെ ഓഫീസ് കര്‍ശനമായ നിബന്ധനകളും വ്യവസ്ഥകളും മുന്നോട്ടുവച്ചത്. ഇതുപ്രകാരം, വാണിജ്യ തെരുവുകളില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങള്‍ക്ക് കെട്ടിട ചട്ടങ്ങള്‍ ലംഘിക്കുന്ന രീതിയില്‍ നിരത്തുകളിലേക്ക് തുറക്കുന്ന രീതിയിലുള്ള ജനാലകള്‍ ഉണ്ടാകരുത്. കൂടാതെ കോമ്പൗണ്ട് ഭിത്തിയില്‍ അകത്തേക്ക് കാണാന്‍ പാകത്തിലുള്ള ദ്വാരങ്ങളും വിടവുകളും പാടില്ല.

കെട്ടിടത്തിന്റെ ബേസ്മെന്റിലുള്ള അംഗീകൃത പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ മാറ്റം വരുത്തരുതെന്നും വാണിജ്യ തെരുവുകളില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളില്‍ മെസാനൈന്‍ തറയ്ക്കായി പ്രത്യേക ഗോവണി സ്ഥാപിക്കണമെന്നും പുതിയ നിര്‍ദ്ദേശങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ സഞ്ചാരം സുഗമമാക്കുന്നതിനായി വീല്‍ ചെയര്‍ കൊണ്ടുപോകാന്‍ പാകത്തിലുള്ള റാമ്പ് കെട്ടിടത്തില്‍ ഉണ്ടായിരിക്കണം. ഭിന്നശേഷിക്കാര്‍ക്ക് റാമ്പിന് മുന്നില്‍ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഒരുക്കണം. കെട്ടിടവുമായി ബന്ധപ്പെട്ട മലിനജല ടാങ്കുകള്‍, ഓടകള്‍ എന്നിവ മൂടണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. പൊളിഞ്ഞതും അപൂര്‍ണ്ണവുമായ കോമ്പൗണ്ട് ഭിത്തികള്‍ ഉണ്ടാവാന്‍ പാടില്ല. അവ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തി വൃത്തിയുള്ളതും ഭംഗിയുള്ളതുമാക്കി മാറ്റണം.

കെട്ടിടങ്ങളുടെ മുന്‍ഭാഗങ്ങളില്‍ സ്പ്ലിറ്റ് എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കരുതെന്ന് വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നു. മറ്റുള്ളവര്‍ കാണുമ്പോഴുള്ള അഭംഗി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. അതേപോലെ കെട്ടിടത്തില്‍, പ്രത്യേകിച്ച് അതിന്റെ മുന്‍ഭാഗത്ത് വിള്ളലുകള്‍, കേടുപാടുകള്‍, തുരുമ്പ് എന്നിവയ ഉണ്ടാവരുത്. കൂടാതെ ബാല്‍ക്കണിയിലോ കെട്ടിടത്തിന്റെ മുന്‍ഭാഗങ്ങളിലോ സാറ്റലൈറ്റ് ഡിഷ് തുടങ്ങിയ ഉപകരണങ്ങളും സാധനസാമഗ്രികളും സ്ഥാപിക്കാന്‍ പാടില്ല. ജിദ്ദ അധികൃതര്‍ കെട്ടിടങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകള്‍ പ്രകാരം കെട്ടിടത്തിന്റെ അതിരുകള്‍ക്ക് പുറത്ത് ഹാംഗറുകളോ മറ്റെന്തെങ്കിലും നിര്‍മിതികളോ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

ബാല്‍ക്കണി കെട്ടിടത്തിന്റെ ആകൃതിയുമായും സ്വഭാവവുമായും പൊരുത്തപ്പെടാത്ത വസ്തുക്കള്‍ ഉപയോഗിച്ച് മറയ്ക്കരുത്. അവിടെ വസ്ത്രങ്ങള്‍ അലക്കിയിടാനോ സാധനങ്ങളും മറ്റും സൂക്ഷിച്ചുവയ്ക്കുന്ന ഇടമാക്കി മാറ്റാനോ പാടില്ല. കെട്ടിടത്തിന്റെ ചുവരുകളില്‍ വൃത്തിഹീനമായ എഴുത്തുകളോ പഴയതും ജീര്‍ണിച്ചതുമായ പരസ്യ പോസ്റ്ററുകളോ പാടില്ല. കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് റസ്റ്റോറന്റ് ചിമ്മിനികള്‍ സ്ഥാപിക്കുന്നതും നിരോധിച്ചിരിക്കുന്നു. കൂടാതെ കെട്ടിടങ്ങളിലെ വാണിജ്യ കടകളില്‍ ചിമ്മിനികളുടെ ഉയരം രണ്ട് മീറ്ററില്‍ കൂടരുതെന്നും നിര്‍ദ്ദേശമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.