സ്വന്തം ലേഖകൻ: പുതിയ അക്കാദമിക വര്‍ഷാരംഭത്തോടനുബന്ധിച്ച് കുട്ടികളുടെ ആരോഗ്യ പരിശോധനാ രജിസ്‌ട്രേഷനുകള്‍ക്ക് തിരക്കേറിയതോടെ പരിശോധയ്ക്ക് വിപുലമായ സൗകര്യമൊരുക്കി കുവൈത്ത് ആരോഗ്യ വകുപ്പ്. ആരോഗ്യ മന്ത്രാലയത്തിലെ സ്‌കൂള്‍ ആരോഗ്യ വകുപ്പ് പുതിയ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ പരിശോധനകള്‍ക്കായി സേവനങ്ങള്‍ വിപുലീകരിച്ചിട്ടുണ്ടെന്ന് സ്‌കൂള്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. വഫാ അല്‍-കന്ദരി അറിയിച്ചു.
ഇന്ന് ആരംഭിക്കുന്ന അധ്യയന വര്‍ഷത്തേക്ക് കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ത്ഥികള്‍ പൂര്‍ണ്ണമായും തയ്യാറാണെന്ന് ഉറപ്പാക്കുന്നതിന് ഈ ആരോഗ്യ പരിശോധനകള്‍ നിര്‍ണായകമാണെന്ന് ഡയരക്ടര്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ രജിസ്റ്റര്‍ ചെയ്ത സിവില്‍ ഐഡി വിലാസങ്ങള്‍ അടിസ്ഥാനമാക്കിയാണ് ക്ലിനിക്കുകളില്‍ പരിശോധന നടത്തുന്നത്.
ആരേഗ്യ പരിശോധനയ്ക്കായി വരുന്ന വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്നതിനായി, മന്ത്രാലയം ക്ലിനിക്കുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും രാവിലെയും വൈകുന്നേരവും ഷിഫ്റ്റുകള്‍ ഉള്‍പ്പെടുത്തി പ്രവൃത്തി സമയം നീട്ടുകയും ചെയ്തിട്ടുണ്ടെന്നും ഡയരക്ടര്‍ വ്യക്തമക്കി. രാവിലെ 7.30 മുതല്‍ 1.30 വരെയും ഉച്ചയ്ക്കു ശേഷം 2 മണി മുതല്‍ രാത്രി 8.30 വരെയുമാണ് ക്ലിനിക്കുകളുടെ പുതുക്കിയ സമയം.
തലസ്ഥാന ആരോഗ്യ ജില്ലയില്‍ ഹമദ് അല്‍-സഖര്‍, വടക്കുപടിഞ്ഞാറന്‍ സുലൈബിഖാത് കേന്ദ്രങ്ങള്‍, ഫര്‍വാനിയ ആരോഗ്യ ജില്ലയില്‍ അല്‍-റഖ, അല്‍-റബിയ കേന്ദ്രങ്ങള്‍, മുബാറക് അല്‍-കബീറില്‍ അദാനിലെ സ്‌കൂള്‍ ഹെല്‍ത്ത് സെന്റര്‍ (ബ്ലോക്ക് 2, സ്ട്രീറ്റ് 60), ഹവല്ലിയില്‍ ബയാനിലെ സ്‌കൂള്‍ ഹെല്‍ത്ത് സെന്റര്‍ (ബ്ലോക്ക് 7, സ്ട്രീറ്റ് 1), അഹമ്മദി ആരോഗ്യ ജില്ലയില്‍ ഫഹാഹീല്‍, സബാഹ് അല്‍-അഹമ്മദ് കേന്ദ്രങ്ങള്‍ (സെക്ടര്‍ ഡി), ജഹ്റ ആരോഗ്യ ജില്ലയില്‍ ജഹ്റ ഹെല്‍ത്ത് കോംപ്ലക്സും അല്‍-മുത്ല ഹെല്‍ത്ത് സെന്ററും (എന്‍10) എന്നിവയാണ് കുട്ടികളുടെ ആരോഗ്യ പരിശോധനയ്ക്കായി പ്രത്യേകമായി ഏര്‍പ്പെടുത്തിയ കേന്ദ്രങ്ങള്‍. സബാഹ് അല്‍-അഹമ്മദ്, അല്‍-മുത്ല ക്ലിനിക്കുകള്‍ രാവിലെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചു.
കുട്ടികളുടെ ഹെല്‍ത്ത് പരിശോധനാ രജിസ്‌ട്രേഷന് വരുന്നവര്‍ രക്ഷിതാവിന്റെ സിവില്‍ ഐഡിയുടെ പകര്‍പ്പ്, വിദ്യാര്‍ത്ഥിയുടെ സിവില്‍ ഐഡിയുടെ പകര്‍പ്പ്, സ്‌കൂള്‍ അഡ്മിഷന്‍ അറിയിപ്പ്, വിദ്യാര്‍ത്ഥിയുടെ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വിദ്യാര്‍ത്ഥിയുടെ രണ്ട് ഫോട്ടോകള്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് (ബാധകമെങ്കില്‍) എന്നിവ കൊണ്ടുവരണം. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നത്. രജിസ്‌ട്രേഷനും ആരോഗ്യ പരിശോധനാ നടപടികളും സെപ്റ്റംബര്‍ 30 തിങ്കളാഴ്ച വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല