സ്വന്തം ലേഖകൻ: യു.എ.ഇ.യിലെ പൊതുമാപ്പില്‍ ഇതുവരെ 10,000-ത്തിലേറെ ഇന്ത്യക്കാര്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സേവനംതേടിയതായി കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ പറഞ്ഞു. വിവിധ പ്രവാസി സംഘടനകളുമായി സഹകരിച്ചാണ് ഇവര്‍ക്ക് സഹായം നല്‍കിവരുന്നത്.
ഇതുവരെ 1300-ലേറെ പാസ്‌പോര്‍ട്ടുകളും 1700 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളും നല്‍കി. കൂടാതെ, എക്‌സിറ്റ് പെര്‍മിറ്റ് നേടാന്‍ 1500-ലേറെപ്പേര്‍ക്ക് സഹായംനല്‍കി. പൊതുമാപ്പുമായി ബന്ധപ്പെട്ട മറ്റുസേവനങ്ങളിലെ ഫീസ്, പിഴ എന്നിവയില്‍ ഇളവുലഭിക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കുകയും ചെയ്തു.
ദുബായിലും വടക്കന്‍ എമിറേറ്റുകളിലും അനധികൃതമായി താമസിക്കുന്ന ഇന്ത്യന്‍ പൗരര്‍ താമസം നിയമവിധേയമാക്കാനോ രാജ്യംവിടാനോ എത്രയുംവേഗത്തില്‍ പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് കോണ്‍സല്‍ ജനറല്‍ അഭ്യര്‍ഥിച്ചു.
ബര്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും അല്‍ അവീറിലുമായാണ് പൊതുമാപ്പുമായി ബന്ധപ്പെട്ട കോണ്‍സുലേറ്റ് സേവനങ്ങള്‍ ലഭിക്കുക. അപേക്ഷ പൂരിപ്പിക്കുന്നതടക്കമുള്ള സേവനങ്ങള്‍ ഇവിടെ സൗജന്യമായി ലഭിക്കും. ഇതുമായി ബന്ധപ്പെട്ട എന്താവശ്യങ്ങള്‍ക്കും ഇന്ത്യക്കാര്‍ക്ക് കോണ്‍സുലേറ്റിലേക്ക് നേരിട്ടെത്താമെന്ന് കോണ്‍സല്‍ ജനറല്‍ നേരത്തേ അറിയിച്ചിരുന്നു.
സെപ്റ്റംബര്‍ ഒന്നിനാണ് യു.എ.ഇ. പൊതുമാപ്പ് ആരംഭിച്ചത്. ഈ മാസം 31-ന് ഇതിന്റെ കാലാവധി അവസാനിക്കും. പൊതുമാപ്പ് പ്രയോജനപ്പെടുത്തി യു.എ.ഇ.യില്‍നിന്ന് നാട്ടിലേക്കുമടങ്ങുന്ന അര്‍ഹരായവര്‍ക്ക് സൗജന്യമായി വിമാന ടിക്കറ്റ് നല്കുമെന്ന് കോണ്‍സല്‍ ജനറല്‍ വ്യക്തമാക്കിയിട്ടുണ്ട്. യു.എ.ഇ.യിലെ 86 ആമര്‍ കേന്ദ്രങ്ങളിലും സേവനത്തിനായി സമീപിക്കാം.
പൊതുമാപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി ഇന്ത്യന്‍ പൗരര്‍ക്ക് 0509433111 എന്ന നമ്പറില്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുമണിവരെ ബന്ധപ്പെടാം. കൂടാതെ, എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പി.ബി.എസ്.കെ. ഹെല്‍പ് ലൈന്‍ (800-46342) സേവനവും ലഭ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല