സ്വന്തം ലേഖകൻ: റസിഡന്‍സി നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ താമസം ക്രമപ്പെടുത്താനോ പിഴയില്ലാതെ രാജ്യം വിടാനോ അനുമതി നല്‍കുന്ന യുഎഇ പൊതുമാപ്പ് കാലാവധി ഇന്ന് ഒക്ടോബര്‍ 31ന് അവസാനിക്കും. ഇതിനു പിന്നാലെ നാളെ അഥവാ നവംബര്‍ ഒന്നു മുതല്‍ പൊതുമാപ്പ് കാലാവധി പ്രയോജനപ്പെടുത്താതെ രാജ്യത്ത് നിയമവിരുദ്ധമായി തുടരുന്ന പ്രവാസികള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
നാളെ മുതല്‍ അനധികൃത താമസക്കാരെ ജോലിക്ക് നിയമിക്കുന്ന തൊഴിലുടമകള്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി)യും, ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. ഗ്രേസ് പിരീഡ് അവസാനിച്ചതിന് ശേഷവും രാജ്യത്ത് നിയമവിരുദ്ധമായി തുടരുന്നവരെ ജോലിക്ക് നിയമിക്കരുതെന്നും പിടിക്കപ്പെട്ടാല്‍ തൊഴിലുടമ ഉത്തരവാദിയാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നവംബര്‍ 1 മുതല്‍, അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലും സ്ഥാപനങ്ങളിലും പരിശോധനകള്‍ ആരംഭിക്കും. കൂടാതെ റെസിഡന്‍സി ലംഘകരെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു. നിയമവിരുദ്ധമായ തൊഴിലുകള്‍ക്കെതിരായ ഫെഡറല്‍ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിക്കുക.
സെപ്തംബര്‍ 1-ന് ആരംഭിച്ച ഗ്രേസ് പിരീഡ് ഇതിനകം പതിനായിരക്കണക്കിന് റെസിഡന്‍സി ലംഘകര്‍ പ്രയോജനപ്പെടുത്തിയതായി ഐസിപി റിപ്പോര്‍ട്ട് ചെയ്തു. ഈ രണ്ട് മാസത്തെ പൊതുമാപ്പ് വീസ ലംഘകര്‍ക്ക് ഒന്നുകില്‍ പ്രവേശന നിരോധനം നേരിടാതെ തന്നെ യുഎഇയില്‍ നിന്ന് പുറത്തുകടക്കാനോ നിയമപരമായ പദവി ശരിയാക്കി നിയമാനുസൃതമായ തൊഴില്‍ ഉറപ്പാക്കാനോ അനുവദിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല