സ്വന്തം ലേഖകൻ: യുഎഇ റസിഡന്റ് വീസയുള്ളവർ റോഡ് മാർഗം ഒമാനിലേക്കു പോകും മുൻപ് അതിർത്തിയിലെ നിയമങ്ങൾ അറിഞ്ഞിരുന്നാൽ യാത്ര മുടങ്ങില്ല. അതിർത്തി കടക്കാനാകാതെ തിരിച്ചുവരുന്ന സാഹചര്യം ഒഴിവാക്കാൻ അൽപം തയാറെടുപ്പ് ആവശ്യമാണ്. യുഎഇ താമസ വീസയുള്ള എല്ലാ ഇന്ത്യക്കാർക്കും ഒമാനിലേക്കു സന്ദർശക വീസ ലഭിക്കും. ചെലവ് ചുരുക്കിയും ഡ്രൈവിങ് ഒഴിവാക്കിയുമുള്ള റോഡ് യാത്രയാണ് ആഗ്രഹിക്കുന്നതെങ്കിൽ യുഎഇയിൽനിന്ന് ബസ് സർവീസുണ്ട്.
അതിർത്തി കടക്കും മുൻപ്
സ്വകാര്യ വാഹനത്തിലാണ് യാത്രയെങ്കിൽ വാഹനം സ്വന്തം പേരിലായിരിക്കണം. കമ്പനി വാഹനമാണെങ്കിൽ അതിർത്തി കടക്കാൻ അനുവദിക്കില്ല.
സ്വന്തം വാഹനമാണെങ്കിലും വായ്പ എടുത്തതാകരുത്. ബാങ്കിന്റെ എൻഒസി ഉണ്ടെങ്കിൽ പോലും, വായ്പാ തിരിച്ചടവ് ബാക്കിയുള്ള വാഹനങ്ങളെ അതിർത്തി കടക്കാൻ അനുവദിക്കില്ല. വാഹനം കൊണ്ടുപോയി പൊളിച്ചുവിൽക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണിത്.
വാഹനത്തിന് ഒമാൻ ഇൻഷുറൻസ് വേണം. ഇല്ലെങ്കിൽ അതിർത്തിയിൽ 180 ദിർഹം നൽകിയാൽ 10 ദിവസത്തെ ഒമാൻ ഇൻഷുറൻസ് ലഭിക്കും.
ഓൺലൈനിൽ വീസയെടുക്കാമെങ്കിലും യുഎഇ റസിഡന്റ് വീസയുള്ളവർ അതിർത്തിയിൽ നിന്നു നൽകുന്ന സന്ദർശക വീസ എടുക്കണം.
അസ്സൽ പാസ്പോർട്ടും എമിറേറ്റ്സ് ഐഡിയും കയ്യിൽ കരുതണം. രണ്ടിനും 6 മാസത്തെ കാലാവധി നിർബന്ധമാണ്.
സ്വന്തം നിലയിൽ വീസയെടുത്ത് പോകുന്നവർ അതിർത്തിയിലെ നിയമങ്ങളിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്നു പരിശോധിച്ച് ഉറപ്പാക്കണം.
ഒമാൻ വീസയ്ക്ക് 50 ദിർഹമാണ് ചെലവ്. നിലവിൽ വീസ സൗജന്യമാണ്.
യുഎഇയുടെ ബോർഡർ ഫീസായ 36 ദിർഹം നൽകണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല