സ്വന്തം ലേഖകൻ: റസിഡന്‍സി, വീസ ലംഘകര്‍ക്കുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ശേഷം അനധികൃത താമസക്കാര്‍ക്ക് അവരുടെ പദവിയും സ്വകാര്യമേഖലയില്‍ ജോലിയും ക്രമപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദീകരിച്ച് ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ). കാലാവധി കഴിഞ്ഞ റസിഡന്‍സി, വീസ, വര്‍ക്ക് പെര്‍മിറ്റ് എന്നീ നിയമലംഘനങ്ങളുള്ള ആളുകള്‍ക്ക് അവരുടെ റസിഡന്‍സി പുനസ്ഥാപിക്കാനോ ക്രമപ്പെടുത്താനോ ജോലിക്ക് അപേക്ഷിക്കാനോ പിഴയില്ലാതെ യുഎഇ വിടാനോ അനുവദിക്കുന്ന രണ്ട് മാസത്തെ പൊതുമാപ്പ് സെപ്റ്റംബര്‍ ഒന്നിനാണ് ആരംഭിച്ചത്.
റെസിഡന്‍സി നിയമലംഘകര്‍
റസിഡന്‍സി പെര്‍മിറ്റ് കാലഹരണപ്പെട്ടവരും മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം നല്‍കിയ സാധുതയുള്ള വര്‍ക്ക് പെര്‍മിറ്റ് ഇല്ലാത്തവരുമായ വ്യക്തികളെയാണ് റെസിഡന്‍സി ലംഘകരായി കണക്കാക്കുന്നത്. അത്തരം ലംഘനങ്ങള്‍ ഉള്ളവര്‍ക്ക് രണ്ട് ഓപ്ഷനുകളാണുള്ളത്. പൊതുമാപ്പിന് അപേക്ഷിക്കുന്ന ഈ വ്യക്തി പുതിയ തൊഴിലുടമയുടെ കീഴില്‍ ജോലിക്ക് ചേരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പുതിയ തൊഴില്‍ സ്ഥാപനം ദുബായിലാണെങ്കില്‍ ജിഡിആര്‍എഫ്എയിലും മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിലും പുതിയ വര്‍ക്ക് പെര്‍മിറ്റിനായി അപേക്ഷ നല്‍കണം.
വ്യക്തി നിലവിലെ തൊഴിലുടമയ്ക്കു കീഴില്‍ തുടരാനാണ് ആഗ്രഹിക്കുന്നുവെങ്കില്‍, നിലവിലെ തൊഴിലുടമ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) മുഖേന റെസിഡന്‍സി പുതുക്കുന്നതിനുള്ള അഭ്യര്‍ത്ഥന സമര്‍പ്പിക്കണം. അതേസമയം, വ്യക്തി യുഎഇ വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാജ്യത്ത് നിന്ന് പുറപ്പെടുന്നതിന് ജിദിആര്‍എഫ്എ മുഖേന എക്‌സിറ്റ് പെര്‍മിറ്റിനായി അപേക്ഷിക്കണം.
വീസ നിയമ ലംഘകര്‍
സന്ദര്‍ശന വീസ, വിനോദസഞ്ചാര വീസ, തൊഴില്‍ വീസ, വൈദ്യചികിത്സാ വീസ, ബിസിനസ് വീസ എന്നിവയിലെത്തിയവര്‍ അവയുടെ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തുടുരുന്നുവെങ്കില്‍ അവരെ വീസ ലംഘകരായാണ് കണക്കാക്കുന്നത്. ഇവര്‍ ഒരു പുതിയ തൊഴിലുടമയ്ക്കു കീഴില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നേരത്തേ പറഞ്ഞതു പോലെ ബന്ധപ്പെട്ട മന്ത്രാലയത്തില്‍ നിന്ന് പുതിയ വര്‍ക്ക് പെര്‍മിറ്റ് സേവനത്തിനായി അപേക്ഷിക്കണം. തിരികെ പോവാനാണ് താല്‍പര്യമെങ്കില്‍ ജിഡിആര്‍എഫ്എ വഴി ഒരു എക്‌സിറ്റ് പെര്‍മിറ്റ് സേവനത്തിനുള്ള അഭ്യര്‍ത്ഥന സമര്‍പ്പിക്കണം.
ഒളിച്ചോടിയവര്‍, കാലാവധി കഴിഞ്ഞ വര്‍ക്ക് പെര്‍മിറ്റുകള്‍ ഉള്ളവര്‍
റസിഡന്‍സ് പെര്‍മിറ്റും മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം നല്‍കിയ വര്‍ക്ക് പെര്‍മിറ്റും കാലഹരണപ്പെട്ട, കോര്‍പ്പറേറ്റ് മേഖലയിലോ വീട്ടുജോലിക്കാരനായോ ജോലി ചെയ്തിരുന്ന വ്യക്തികള്‍ക്ക് ഇനിപ്പറയുന്ന ഓപ്ഷനുകളാണുള്ളത്. ഇവര്‍ നിലവിലെ തൊഴിലുടമയ്ക്കൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിലവിലെ തൊഴിലുടമ മന്ത്രാലയം മുഖേന വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനുള്ള അഭ്യര്‍ത്ഥന സമര്‍പ്പിക്കുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കരാര്‍ ബന്ധം തുടരുകയും ചെയ്യണം.
ഒരു തൊഴിലുടമ മുമ്പ് തൊഴിലാളിക്കെതിരെ ഒരു ഒളിച്ചോട്ട പരാതി നല്‍കിയിരുന്നുവെങ്കിലും ഇപ്പോള്‍ അവരുടെ വര്‍ക്ക് അറേഞ്ച്‌മെന്റ് പുനസ്ഥാപിക്കാനും കരാര്‍ തുടരാനും ആഗ്രഹിക്കുന്നുവെങ്കില്‍, തൊഴിലുടമയ്ക്ക് തൊഴില്‍ പെര്‍മിറ്റ് പുതുക്കല്‍ സേവനത്തിനായി മന്ത്രാലയം മുഖേന അപേക്ഷിക്കാം. വ്യക്തി പുതിയ തൊഴിലുടമയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിയമലംഘനം നടത്തുന്ന തൊഴിലാളിക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കാനുള്ള അഭ്യര്‍ത്ഥന പുതിയ തൊഴിലുടമ സമര്‍പ്പിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല