സ്വന്തം ലേഖകൻ: വ്യക്തികൾ അവരുടെ സ്വകാര്യ വിവരങ്ങൾ പങ്കുവെക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയ അധികൃതർ. അജ്ഞാത ഫോൺ വിളികൾക്കോ ഇ-മെയിൽ സന്ദേശങ്ങൾക്കോ മറുപടിയായി വ്യക്തിവിവരങ്ങൾ നൽകരുത്. ഉറവിടം അറിയാത്ത കേന്ദ്രങ്ങളിൽ നിന്നുള്ള അന്വേഷണങ്ങളോട് പ്രതികരിക്കരുതെന്നും സ്വകാര്യ വിവരങ്ങൾ പ്രത്യേകിച്ചും ബാങ്ക് സംബന്ധമായ വിവരങ്ങൾ ഒരിക്കലും കൈമാറരുതെന്നും ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക, ഓൺലൈൻ കുറ്റകൃത്യ വിഭാഗം ഉദ്യോഗസ്ഥനായ ഫസ്റ്റ് ലഫ്. നായിഫ് നാസർ അൽ ഹമീദി പറഞ്ഞു.
‘പൊലീസ് നിങ്ങൾക്കൊപ്പം’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെങ്കിലും ഓൺലൈൻ വഴി ഇത്തരം തട്ടിപ്പുകൾക്ക് ഇരയായി എന്ന് സംശയം തോന്നിയാൽ ഉടൻ തന്നെ അയാൾ തന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ ബാങ്കുമായി നേരിട്ട് ബന്ധപ്പെടുക എന്നതാണ് ആദ്യ പടിയെന്ന് ഫസ്റ്റ് ലഫ്. അൽ ഹമീദി കൂട്ടിച്ചേർത്തു. തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ മെട്രാഷ് രണ്ട് വഴി റിപ്പോർട്ട് ചെയ്യണം. അതല്ലെങ്കിൽ നേരിട്ട് പരാതി ബോധിപ്പിക്കാൻ അതോറിറ്റിയിൽ എത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
ബാങ്കുകളിൽ നിന്നും എന്ന് പറഞ്ഞ് നിരവധി വിളികളാണ് പലർക്കും വരുന്നത്, അക്കൗണ്ട് ഡാറ്റകൾ പുതുക്കണം അതിനാൽ ചില ഡീറ്റയിൽസ് നൽകണമെന്ന് പറഞ്ഞാണ് വിളിക്കുന്നത്. നൽകിയില്ലെങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ക്ലോസ് ആകുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. ഒറ്റപ്പെട്ട ചിലരെങ്കിലും ഇത്തരം വിളികളിലൂടെ ഈ സംഘത്തിന്റെ കെണിയിൽ വീഴുന്നുണ്ട് .
ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും മെട്രാഷ് രണ്ട് ആപ്പിൽ നിന്നുമെന്ന വ്യാജേനെയുള്ള സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമ പേജിലൂടെ അറിയിച്ചു. എടിഎം കാർഡ് ബ്ലോക്ക് ചെയ്തെന്നും മറ്റും അറിയിച്ചുകൊണ്ട് എസ്എംഎസ് വഴിയും ഫോണിലൂടെയും ബന്ധപ്പെട്ടുള്ള തട്ടിപ്പുകൾ വ്യാപകമായ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയം നിരവധി മാർഗങ്ങളിലൂടെ ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല