സ്വന്തം ലേഖകൻ: യുഎഇ റസിഡന്‍സി നിയമ ലംഘകര്‍ക്ക് നിലവിലുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ ഇളവുകളുമായി യുഎഇ. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവരുടെ പാസ്പോര്‍ട്ടിന്‍റെ ശേഷിക്കുന്ന കാലാവധി ഒരു മാസം മതിയെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തേ പാസ്‌പോര്‍ട്ടിന് ചുരുങ്ങിയത് ആറ് മാസത്തെ കാലാവധി വേണമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ അത് ഒരു മാസമായി കുറച്ചതായാണ് പുതിയ പ്രഖ്യാപനം.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (ഐസിപി)യാണ് പൊതുമാപ്പ് അപേക്ഷകരുടെ പാസ്പോര്‍ട്ട് സാധുത കാലയളവ് കുറയ്ക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്. റസിഡന്‍സി, വീസ നിയമലംഘകര്‍, വിദേശത്തു ജനിച്ച ശേഷം യുഎഇയിലേക്ക് വന്ന കുട്ടികള്‍, അഡ്മിനിസ്ട്രേറ്റീവ് ലിസ്റ്റിലുള്ളവര്‍ തുടങ്ങിയവരുടെ പാസ്പോര്‍ട്ടിന്‍റെ സാധുതാ കാലാവധി ഒരു മാസമാക്കി മാറ്റിയതായി അതോറിറ്റിയുടെ ഐസിപി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി പറഞ്ഞു.
നേരത്തേയുള്ള നിര്‍ദ്ദേശ പ്രകാരം പാസ്‌പോര്‍ട്ടിന് ആറു മാസത്തെ കാലാവധിയില്ലാത്തതിനാല്‍ പലര്‍ക്കും പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ പ്രയാസത്തിലായിരുന്നു. അത് ഒരു മാസമാക്കി ചുരുക്കിയതോടെ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ സാധിക്കും.
ആറ് മാസത്തെ കാലാവധി ഇല്ലാത്ത പലരും യുഎഇയിലുള്ള എംബസികളും കോണ്‍സുലേറ്റുകളും മുഖേന പാസ്പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. ഇതിന് കൂടുതല്‍ സമയം ആവശ്യമായി വരുന്നതിനാല്‍ പലര്‍ക്കും പൊതുമാപ്പ് കാലാവധിക്ക് മുമ്പ് പാസ്‌പോര്‍ട്ട് പുതുക്കി ലഭിക്കില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് കാലാവധി ഒരു മാസമായി കുറയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
പൊതുമാപ്പ് അപേക്ഷകര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള അതോറിറ്റിയുടെ ആത്മാര്‍ഥതയാണ് പുതിയ തീരുമാനത്തില്‍ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമലംഘനം നടത്തുന്നവരോട് അതോറിറ്റിയുടെ കോള്‍ സെന്‍ററുമായി ബന്ധപ്പെടാനും എത്രയും വേഗം പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകാനും ഡയറക്ടര്‍ ജനറല്‍ ആവശ്യപ്പെട്ടു.
പൊതുമാപ്പില്‍ ഔട്ട്പാസ് ലഭിച്ചവര്‍ 14 ദിവസത്തിനകം രാജ്യം വിടണമെന്ന തീരുമാനത്തിലും കഴിഞ്ഞ ദിവസം അധികൃതര്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന ഒക്ടോബര്‍ 31 വരെ ഔട്ട് പാസിന് കാലാവധി ഉണ്ടായിരിക്കുമെന്നായിരുന്നു ഐസിപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇത് ഒട്ടേറെ പ്രവാസികള്‍ക്ക് ആശ്വാസമായിരുന്നു. വീസാ നിയമലംഘനത്തിന്‍റെ പിഴകള്‍ ഒഴിവാക്കി നിയമവിധേയമായി മടങ്ങുന്നവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതായിരുന്നു ഈ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല