സ്വന്തം ലേഖകൻ: സൗദി അറേബ്യയിലൊരു ജോലിയാണോ നിങ്ങളുടെ സ്വപ്നം? അതുമല്ലെങ്കിൽ സൗദിയിൽ നിങ്ങൾക്ക് ഒരു ജോലിക്കായുള്ള ഓഫര്‍ ലഭിച്ചിട്ടുണ്ടോ? എന്തായാലും ഇക്കാര്യം നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. സൗദിയിൽ ജോലി ലഭിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിനായി സൗദി പ്രൊഫഷണൽ അക്രഡിറ്റേഷൻ പ്രോഗ്രാമിലൂടെ നിങ്ങളുടെ അക്കാദമിക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകൾ വേരിഫൈ ചെയ്യുന്നതും അക്രഡിറ്റേഷൻ നേടുന്നതും നല്ല കാര്യമാണ്.
വിദേശ തൊഴിലാളികളുടെ യോഗ്യതയും നൈപുണ്യവും വേരിഫൈ ചെയ്യുകയെന്ന ലക്ഷ്യത്തോടെ സൗദിയിലെ ഹ്യൂമൻ റിസോഴ്സസ് ആൻ്റ് സോഷ്യൽ ഡവലപ്മെൻ്റ് മന്ത്രാലയമാണ് ഈ അക്രഡിറ്റേഷൻ പരിപാടി ആരംഭിച്ചത്. എല്ലാ കാറ്റഗറികളിലുമുള്ള തൊഴിലുകളുടെ യോഗ്യതയും സൗദി തുടങ്ങിയ അക്രഡിറ്റേഷൻ പ്രോഗ്രാമിലൂടെ വേരിഫൈ ചെയ്യാവുന്നതാണ്. രാജ്യത്തേക്കുള്ള വിദേശ തൊഴിലാളികളുടെ കടന്നു വരവിനെ വ്യവസ്ഥപ്പെടുത്തുക എന്ന ലക്ഷ്യവും ഈ അക്രഡിറ്റേഷൻ പ്രോഗ്രാമിന് പിന്നിൽ സൗദിക്കുണ്ട്.
രണ്ട് തരത്തിലുള്ള വേരിഫിക്കേഷൻ സേവനങ്ങളാണ് സൗദി പ്രൊഫഷണൽ അക്രഡിറ്റേഷൻ പ്രോഗ്രാം വഴി തൊഴിലാളികൾക്കായി തയ്യാറാക്കിയിട്ടുള്ളത്. വൈദഗ്ദവ്യവും നൈപൂണ്യവും ആവശ്യമുള്ള ജോലികൾക്കായി സ്കിൽ വേരിഫിക്കേഷൻ പ്രോഗ്രാമും പ്രൊഫഷണൽ ജോലിക്കാര്‍ക്കായി യോഗ്യത വേരിഫിക്കേഷൻ പ്രോഗ്രാമുമാണ് ഒരുക്കിയിരിക്കുന്നത്. സൗദി ഹ്യൂമൻ റിസോഴ്സസ് മന്ത്രാലയത്തിൻ്റെ നേതൃത്വത്തിലുള്ള ഈ അക്രഡിറ്റേഷൻ പ്രോഗ്രാം സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഔദ്യോഗിക വെബ്സൈറ്റായ pacc.sa സന്ദര്‍ശിക്കേണ്ടതാണ്.
വെബ്സൈറ്റിൽ കയറിയാലുടൻ കാണുന്ന ഡ്രോപ് ഡൗൺ മെനുവിൽ നിങ്ങളുടെ തൊഴിൽ തെരഞ്ഞെടുക്കുകയെന്നതാണ് അക്രഡിറ്റേഷനുള്ള ആദ്യ സ്റ്റെപ്പ്. തൊഴിൽ വിവരം നൽകിയാൽ തൊട്ടടുത്തുള്ള കോളത്തിൽ തൊഴിലിൻ്റെ കോഡ് ഓട്ടോമാറ്റിക് ആയി ഫിൽ ആവുകയും വേരിഫിക്കേഷൻ നടത്തുന്നതിനുള്ള അനുമതി ചോദിച്ച് പോപ് അപ് ഉയര്‍ന്നു വരികയും ചെയ്യും. അവിടെ ‘Proceed to Programe’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തതിന് ശേഷം രജിസ്റ്റര്‍ ചെയ്യുന്നത് ആരംഭിക്കാം.
ഇതിനായി നിങ്ങളുടെ ഇ-മെയിൽ അഡ്രസും ഫോൺ നമ്പറും നല്‍കുക. ആവശ്യമായ പാസ്വേര്‍ഡും സെറ്റ് ചെയ്യാം. അതിന് ശേഷം നിങ്ങൾ നൽകിയ ഫോൺ നമ്പറിൽ എസ്എംഎസ് ആയി ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് രജിസ്ട്രേഷൻ കൺഫേം ചെയ്യണം. പിന്നീട് നിങ്ങളുടെ ഇമെയിൽ അഡ്രസും നേരത്തെ നൽകിയ പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിൻ ചെയ്തതിന് ശേഷം അടിസ്ഥാന വ്യക്തിഗത വിവരങ്ങ എൻ്റര്‍ ചെയ്ത് രജിസ്ട്രേഷൻ പൂര്‍ത്തിയാക്കാം. ജനനത്തീയതി, പാസ്പോര്‍ട്ട് നമ്പര്‍, പാസ്പോര്‍ട്ട് എക്സ്പയറി തീയതി തുടങ്ങിയ വിവരങ്ങൾ ഇവിടെ നല്‍കണം.
രജിസ്ട്രേഷൻ പൂര്‍ത്തിയായാൽ അടുത്തത് വേരിഫിക്കേഷൻ ഘട്ടമാണ്. ഇതിനായി ‘Proceed to Verification’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ പാസ്പോര്‍ട്ട് കോപ്പി അപ്ലോഡ് ചെയ്യുകയും സമ്മതപത്രത്തിൽ ഡിജിറ്റലായി ഒപ്പുവെക്കുകയും വേണം. വിദ്യഭ്യാസ വിവരങ്ങൾ എൻ്റര്‍ ചെയ്യാനുള്ളതാണ് അടുത്ത സ്റ്റെപ്പ്. വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ സ്ഥാനം, പഠനം നടത്തിയ മേഖല, കോഴ്സ് തുടങ്ങിയ തീയതി, പൂര്‍ത്തിയാക്കിയ തീയതി തുടങ്ങിയ വിവരങ്ങൾ നല്‍കേണ്ടതായി വരും. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കൂടി അപ്ലോഡ് ചെയ്താൽ നിങ്ങൾക്ക് ഇതിനകം തന്നെ സൗദിയിൽ നിന്ന് ജോലിക്കായുള്ള ഓഫര്‍ ലഭിച്ചിട്ടുണ്ടോ എന്ന് ചോദിക്കും. അതെ എന്ന ഓപ്ഷൻ തെരഞ്ഞെടുത്താൽ ജോബ് ഓഫര്‍ വിവരങ്ങൾ എൻ്റര്‍ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യും.
മുഴുവൻ വിവരങ്ങളും നല്‍കി കഴിഞ്ഞതിന് ശേഷം അക്രഡിറ്റേഷൻ നടത്തുന്നതിനുള്ള ഫീ അടക്കണം. ഫീ അടക്കുന്നതിന് മുമ്പ് നിങ്ങൾ നല്‍കിയ വിവരങ്ങൾ കൃത്യമാണോ എന്ന് പരിശോധിക്കാനുള്ള അവസരം ലഭിക്കും. ഇത് സ്ഥിരീകരിച്ചതിന് ശേഷം ‘Proceed to Payment’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. 348.82 സൗദി റിയാൽ, അതായത് 341.59 യുഎഇ ദിര്‍ഹമാണ് അക്രഡിറ്റേഷന് ഫീസ്. ഏകദേശം 7,766 ഇന്ത്യൻ രൂപയാണ് അക്രഡിറ്റേഷന് വേണ്ടി ഫീ ആയി നൽകേണ്ടി വരിക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല