1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2024

സ്വന്തം ലേഖകൻ: യുഎഇയിലെ വിദ്യാര്‍ഥികളുടെ വാര്‍ഷിക സ്‌കൂള്‍ ആരോഗ്യ പരിശോധനയ്ക്ക് സമഗ്രമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് യുഎഇ. രാജ്യത്തെ എല്ലാ എമിറേറ്റുകളിലും ബാധകമാവുന്ന രീതിയിലാണ് പുതിയ സ്‌കൂള്‍ ഹെല്‍ത്ത് കെയര്‍ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

വിദ്യാര്‍ഥികളുടെ ആരോഗ്യ സംരക്ഷണ ശ്രമങ്ങള്‍ ഏകീകരിക്കുന്നതിനും യുഎഇയിലെ യുവാക്കള്‍ക്കിടയില്‍ ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനുമായി നാഷണല്‍ സ്‌കൂള്‍ ഹെല്‍ത്ത് സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി അധികൃതര്‍ അറിയിച്ചു.

കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ഗ്രേഡ് 12 വരെയുള്ള സ്‌കൂള്‍ കുട്ടികളുടെ ആരോഗ്യം, വളര്‍ച്ച തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്‌ക്രീനിങ്ങിൻ്റെ ഭാഗമായി പരിശോധനയ്ക്ക് വിധേയമാക്കും. ആവശ്യമെങ്കില്‍ ഇവര്‍ക്ക് മുന്‍കൂട്ടിയുള്ള ഇടപെടലും പിന്തുണയും നല്‍കാന്‍ ഇത് സഹായകമാവുമെന്ന് ആരോഗ്യ, പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വിദ്യാര്‍ഥികളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനുള്ള വിശദമായ ഘട്ടങ്ങള്‍ മന്ത്രാലയം വിവരിക്കുന്നുണ്ട്.

  • വാര്‍ഷിക സ്‌കൂള്‍ ആരോഗ്യ പരിശോധന നടത്തല്‍.
  • ഓരോ വിദ്യാർഥിയുടെയും മെഡിക്കല്‍ ചരിത്രം അപ്‌ഡേറ്റ് ചെയ്യല്‍
  • ഉയരം, ഭാരം, ബോഡിമാസ് ഇന്‍ഡക്‌സ് തുടങ്ങിയ വളര്‍ച്ചാ സൂചകങ്ങള്‍ വിലയിരുത്തല്‍
  • വിഷന്‍ സ്‌ക്രീനിങ് അഥവാ നേത്രപരിശോധന
  • ദേശീയ പ്രതിരോധ പദ്ധതി പ്രകാരം വാക്‌സിനേഷന്‍ സ്റ്റാറ്റസിന്റെ അവലോകനം.

ഇതിനു പുറമെ സമഗ്രമായ ശാരീരിക വിലയിരുത്തലുകള്‍ നട്ടെല്ലിനെ ബാധിക്കുന്ന സ്‌കോളിയോസിസ് കണ്ടെത്തല്‍, കേള്‍വി പരിശോധന, ദന്താരോഗ്യ പരിശോധനകള്‍, മാനസികവും പെരുമാറ്റ സംബന്ധവുമായ ആരോഗ്യ വിലയിരുത്തലുകള്‍, 10 വയസ്സിന് മുകളിലുള്ള വിദ്യാര്‍ഥികളുടെ പുകവലി ശീലങ്ങള്‍ നിരീക്ഷിക്കല്‍ തുടങ്ങിയവയും സ്ക്രീനിങ്ങിൻ്റെ ഭാഗമായി വിലയിരുത്തും. വ്യത്യസ്ത പ്രായത്തിലുള്ള വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു ബോധവല്‍ക്കരണ പരമ്പരയും ഗൈഡ് അവതരിപ്പിക്കുന്നു.

വിദ്യാര്‍ഥികളുടെ പരിശോധന കാര്യക്ഷമമാക്കുന്നതിനു പുറമേ പൊതു, സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആരോഗ്യ പരിശോധന ഫലങ്ങളുടെ വിശ്വസനീയമായ ദേശീയ ഡാറ്റാബേസ് നിര്‍മിക്കാനും ഈ സംരംഭം പദ്ധതിയിടുന്നുണ്ട്. ‘ഞങ്ങളുടെ ഏറ്റവും പുതിയ സംരംഭം സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും യുഎഇ ശതാബ്ദി പദ്ധതി 2071മായി യോജിപ്പിക്കുന്നതിനും സഹായിക്കും.

ഭാവിതലമുറയെ മികച്ച ആരോഗ്യത്തോടെ തയ്യാറാക്കാനും സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കാനും ഇത്‌ ലക്ഷ്യമിടുന്നതായി മന്ത്രാലയത്തിലെ പബ്ലിക് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ. ഹുസൈന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ റാന്‍ഡ് പറഞ്ഞു. കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യത്തിന് വേണ്ടിയുള്ള നിക്ഷേപം രാജ്യത്തിന്റെ ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന യുഎഇ ഗവണ്‍മെന്റിന്റെ തിരിച്ചറിവാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.