സ്വന്തം ലേഖകന്‍: യുഎഇയിലേക്കോ യുഎഇ വഴി മറ്റു രാജ്യങ്ങളിലേക്കോ യാത്ര ചെയ്യുന്നവര്‍ മരുന്നുകള്‍ കൈയ്യില്‍ കരുതുമ്പോള്‍ ശ്രദ്ധിക്കാന്‍ നിര്‍ദേശം, നിരോധിത മരുന്നുകള്‍ കൊണ്ടുപോയാല്‍ പണി കിട്ടും. സ്വന്തം ആവശ്യത്തിനു കൊണ്ടുവരുന്ന മരുന്നുകള്‍ നിരോധിത പട്ടികയില്‍ ഉള്‍പ്പെട്ടതാകരുതെന്ന് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറപ്പെടുവിച്ചു.
നിയമം ലംഘിച്ചാല്‍ കര്‍ശനനടപടി നേരിടേണ്ടിവരും. നിയന്ത്രിത പട്ടികയിലുള്ള മരുന്നുകള്‍ കൈവശമുണ്ടെങ്കില്‍ ആരോഗ്യ മന്ത്രാലയത്തില്‍ നിന്നു മുന്‍കൂട്ടി അനുമതി വാങ്ങണം.
മരുന്നുകളെ സംബന്ധിച്ച്, അറബിക്കിലോ ഇംഗ്ലിഷിലോ ഉള്ള പൂര്‍ണരേഖകള്‍, ഡോക്ടറുടെ കുറിപ്പടിയോ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ ഏതെങ്കിലും ഒന്ന് എന്നിവയും നിര്‍ബന്ധമാണ്.
ഒപ്പം പുറപ്പെടുന്ന രാജ്യത്തെ ആരോഗ്യ അധികൃതരുടെ രേഖകളും ഉണ്ടാകണം. കൊണ്ടുവരുന്നയാളുടെ രോഗവും ഉപയോഗക്രമവും അളവുമെല്ലാം ഇതില്‍ വ്യക്തമാക്കണം. കസ്റ്റംസ് അധികൃതരെ രേഖകള്‍ കാണിച്ചു സ്റ്റാംപ് ചെയ്യിക്കണം. യുഎഇയില്‍ തങ്ങുന്ന കാലയളവില്‍ ഈ രേഖകള്‍ സൂക്ഷിക്കണം.
30 ദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കാനുള്ള മരുന്നുകള്‍ കൈവശം ഉണ്ടാകരുത്. നിരോധിത പട്ടികയില്‍ പെടാത്ത സാധാരണ മരുന്നുകളാണു കൈവശമുള്ളതെങ്കിലും കുറിപ്പടിയും വിശദാംശങ്ങളും വേണം. ഈ വിഭാഗത്തില്‍ പെടുന്ന മരുന്നുകള്‍ മൂന്നുമാസത്തേക്കു കരുതാം.
സ്വന്തം രാജ്യത്ത് ഉപയോഗിക്കാന്‍ അനുമതിയുള്ള മരുന്നുകളായാലും യുഎഇയില്‍ അതു ലഹരി വിഭാഗത്തിലാണു പെടുന്നതെങ്കില്‍ കൊണ്ടുവരരുതെന്നും നിര്‍ദേശമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല