ഗില്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷം വൈവിദ്ധ്യം നിറഞ്ഞ പുതുമയാര്‍ന്ന കലാപരിപാടികളുടെ പ്രൗഢോജ്ജ്വലമായി ആഘോഷിച്ചു. സെന്റ് ക്ലെയര്‍ ചര്‍ച്ച് ഹാളിലാണ് ആഘോഷങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചത്. ആരവങ്ങളും ആര്‍പ്പുവിളികളുമായി അവതരിപ്പിച്ച വര്‍ണ്ണശബളിമയാര്‍ന്ന കലാപരിപാടികള്‍ ഇത്തവണത്തെ ഓണാഘോഷങ്ങളെ ഉത്സവഭരിതമാക്കി. ഡെയ്‌സി, ജൂലി, ജിന്‍സി, ജിജി, ക്രിസ്റ്റന്‍, കാരണ്‍എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച സാംസ്‌ക്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം യുകെ ഗവണ്മെന്റ് നിയോഗിച്ച ലാറ്റ്വിയ രാജ്യത്തെ മെഡിക്കല്‍ അക്കാദമിക്ക് അംബാസിഡറും, ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ പ്രൊഫസറുമായ ഡോ. എല്‍സി ഡാമിയന്‍ നിര്‍വ്വഹിച്ചു.
ഹ്രസ്വമായ വാക്കുകള്‍കൊണ്ട് എല്ലാവരുടെയും ചിന്താധാരകളെ തൊട്ടുണര്‍ത്തിയ ഡോ. എല്‍സി ഡാമിയന്‍ സാഹോദര്യ സ്‌നേഹത്തിലും ഐക്യത്തിലും ഗില്‍ഫോര്‍ഡിലെ മലയാളി സമൂഹം കൂടുതല്‍ വളരുവാന്‍ ഈ ഓണാഘോഷം ഇടയാക്കട്ടെയെന്ന് ആശംസിച്ചു. ജനറല്‍ കണ്‍വീനര്‍ ആന്റണി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മാവേലിയായി നിറഞ്ഞുനിന്ന ക്ലീറ്റസ് സ്റ്റീഫന്‍ ഓണസന്ദേശം നല്‍കി. ഡോ. എല്‍സി ഡാമിയന്റെ ഭര്‍ത്താവ് എന്‍ജിനീയര്‍ ഡാമിയന്‍ ആശംസാപ്രസംഗം നടത്തി. സി.എ. ജോസഫ് വിശിഷ്ടാതിഥികള്‍ക്കും സദസ്സിനും സ്വാഗതം ആശംസിച്ചു. കെ.ജെ. ജോസഫ് നന്ദിപറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ ജി.സി.എസ്.ഇ, എ. ലെവല്‍ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച ജെസ്‌വിന്‍, തേജാ സന്തോഷിനും അഭിമാനാര്‍ഹമായ മികച്ച വിജയം കൈവരിച്ച ക്രിസ്റ്റന്‍ മാത്യു, കാരന്‍ മാത്യു, കെവിന്‍ മാത്യു എന്നിവര്‍ക്കും ഡോ. എല്‍സി ഡാമിയന്‍ കമ്മ്യൂണിറ്റിയുടെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ഇവാ ഇസബെല്‍ മുഖ്യാതിഥിയായ ഡോ. എല്‍സി ഡാമിയന് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. മലയാളി സമൂഹത്തിന്റെ ഉപഹാരം വി.എം. മാത്യുവും നല്‍കി. തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നവതരിപ്പിച്ച ഓണപ്പാട്ട്, തിരുവാതിര, നൃത്തനൃത്യങ്ങള്‍, മാജിക് ഷോ, കോമഡി സ്‌കിറ്റ്, ചിരിമാല തുടങ്ങിയ കലാപരവും വിനോദകരവുമായ ഹൃദ്യമായ പരിപാടികള്‍ കാണികളെ വിസ്മയഭരിതരാക്കി.
ജോസഫ്, തോമസ്, മാത്യു, ജെസ്‌വിന്‍, ഡെയ്‌സി, ജൂലി, ജിജി, ജിന്‍സി, അല്‍ഫോന്‍സാ എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച പൂവിളി…. പൂവിളി… എന്ന ഓണപ്പാട്ടിനൊത്ത് സദസ്സ് ഒന്നടങ്കം താളാത്മകമായ ചുവടുകളുമായി ആനന്ദനൃത്തമാടി. മോലി, ജൂലി, പ്രീന, ജിനി, ഫാന്‍സി, ജിജി എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച തിരുവാതിര ഏറെ ശ്രദ്ധേയമായി. തേജാ, ഏകതാ, ഡാനി, ജോയല്‍, ജെസ് വിന്‍, റിവിയ, ബൊബീന, കറ്റ്‌ല എന്നിവരുടെ നൃത്തനൃത്യങ്ങള്‍ ഏറെ ആകര്‍ഷണീയമായിരുന്നു. കുരുന്നു പ്രതിഭകളായ കെവിന്‍, വര്‍ഗ്ഗീസ്, മനു, ആഷിക്, സാറ, ഗീവര്‍ഗ്ഗീസ്, ആന്‍ഡ്രിയ, സാന്‍ഡ്രിയ, ജെയിക്കബ്ബ്, ഡോണ, ബോബിന്‍, ജെയിംസ്, ഷാരോണ്‍ എന്നിവരുടെ ഡാന്‍സും ഗാനങ്ങളും വേറിട്ട മികവ് പുലര്‍ത്തി.
കൊച്ചു മജീഷ്യന്‍ വര്‍ഗീസ് സജി അവതരിപ്പിച്ച മാജിക് ഷോ കാണികളെ അത്ഭുതപരതന്ത്രരാക്കി. പഴയതും പുതിയതുമായ സിനിമാഗാനങ്ങള്‍ കോര്‍ത്തിണക്കി ദമ്പതികളോടൊപ്പം യുവനര്‍ത്തകന്‍ മിഥുനും ചേര്‍ന്നവതരിപ്പിച്ച ചിത്രമാല – സിനിമാറ്റിക് ഡാന്‍സ് സദസ്സില്‍ ആവേശത്തിരയിളക്കം സൃഷ്ടിച്ചു. ഡാനി, തേജാ, ജോയല്‍, ജെസ് വിന്‍, ആന്റണി, ബിജു, കെവിന്‍, മനു എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച കോമഡി സ്‌കിറ്റും, സി.എ. ജോസഫ് അവതരിപ്പിച്ച ചിരിമാല എന്ന ഹാസ്യ കലാപ്രകടനവും അഭിനയത്തിലും അവതരണത്തിലും ഉന്നത നിലവാരം പുലര്‍ത്തി സദസ്സിന്റെ മുഴുവന്‍ ഹര്‍ഷാരവം ഏറ്റുവാങ്ങി.
നാടന്‍ വിഭവങ്ങളടങ്ങിയ സ്വാദിഷ്ടമായ ഓണസദ്യയും ഉണ്ടായിരുന്നു. വിനോദിന്റെ നേതൃത്വത്തില്‍ നടത്തിയ കൂട്ട് ലേലത്തില്‍ എല്ലാവരും ആവേശകരമായി പങ്കെടുത്തു. കലാ-കായിക-വിനോദ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സി.എ. ജോസഫ്, ഡോ. അനിത, ക്ലീറ്റസ്, സ്റ്റീഫന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മെറ്റ് ലൈഫ് ഇന്‍ഷൂറന്‍സ് കണ്‍സള്‍ട്ടന്റുമാരായ മാത്യു. വി. മത്തായി, ജോസഫ് സി. എബ്രഹാം, ബിജു ആന്റണി എന്നിവരാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്. ഈ വര്‍ഷത്തെ ഓണാഘോഷം അവിസ്മരണീയമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മോളി ക്ലീറ്റസ് നന്ദി പറഞ്ഞു. ദേശീയ ഗാനാലാപനത്തോടെ പരിപാടികള്‍ പര്യവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല