
സ്വന്തം ലേഖകൻ: ഗിനിയില്‍ തടവിലുള്ള നാവികരെ ഉടന്‍ നൈജീരിയക്ക് കൈമാറാനുള്ള നീക്കം ഊർജിതപ്പെടുത്തി ഗിനി സൈന്യം. മലാബോയിൽ തടവിൽ കഴിഞ്ഞിരുന്നു 15 നാവികരെയും ലൂബ തുറമുഖത്ത് എത്തിച്ചു. ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ധ തന്ത്രത്തിൻ്റെ ഭാഗമായാണൊ ഗിനി സൈന്യത്തിൻ്റെ ഇത്തരം നീക്കമെന്ന് ഇന്ത്യ പരിശോധിച്ച് വരുകയാണ്.
ഇക്വറ്റോറിയൽ ഗിനിയൽ തടവിലായ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ മോചനം അനിശ്ചിതാവസ്ഥയിൽ തുടരുകയാണ്. രണ്ട് മലയാളികൾ ഉൾപ്പെടെയുള്ള 15 ഇന്ത്യക്കാർ എക്വറ്റോറിയൽ ഗിനി സൈന്യം ലൂബ തുറമുഖത്ത് എത്തിച്ചു. ലൂബ വഴി നൈജീരിയൻ സൈന്യത്തിന് ഇന്ത്യക്കാരെ കൈമാറാനാണ് ഗിനിയയുടെ നീക്കം. മലയാളി നാവികൻ വിജിത്ത് അയച്ച സന്ദേഷത്തിൽ ലൂബയിൽ എത്തിയതായി പറയുന്നു. ലൂബ തുറമുഖത്തിനടുത്തായി നൈജീരിയൻ സൈന്യത്തിൻ്റെ യുദ്ധകപ്പലും എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മലാമ്പോയിൽ കഴിഞ്ഞിരുന്ന നാവികർക്ക് ഭക്ഷണം എത്തിച്ച് നൽകുന്നതിലും ഇന്ത്യൻ എംബസി വീഴ്ച്ച വരുത്തി. തീർത്തും അവശരായ നാവികരെ തിരികെ എത്തിക്കുന്നതിൽ ഇന്ത്യ കടുത്ത അലംഭാവം കാട്ടുന്നതായും ആക്ഷേപമുണ്ട്. അതേ സമയം കപ്പൽ നിയമപരമായാണ് എത്തിയതെന്ന് തെളിയിക്കുന്ന രേഖകൾ ഇന്ത്യൻ ഹൈക്കമ്മീഷൻ നൈജീരിയക്ക് നൽകിയിട്ടുണ്ട്. നോർവെയിലുള്ള കപ്പൽ കമ്പനി നിയമപരമായും കൈമാറ്റം തടയാനുള്ള നീക്കവും നടത്തുന്നുണ്ട്.
കപ്പൽ ജീവനക്കാരെ അനധികൃതമായി ബന്ദികളാക്കിയത് മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നൈജീരിയയിലെ ഫെഡറൽ കോടതിയെ കമ്പനി സമീപിച്ചിട്ടുണ്ട്. കടലിലെ തർക്കങ്ങൾ പരിഗണിക്കുന്ന ജർമനിയിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിനെയും ഉടൻ കമ്പനി സമീപിക്കും. കൂടുതൽ നിയമനടപടിയിലേക്ക് പോകുന്നതിനിടെയാണ് ജീവനക്കാരെ സൈന്യം നൈജീരിയയ്ക്ക് മാറ്റാൻ ശ്രമം നടത്തുന്നത്.
അതേസമയം, നാവികരുടെ മോചനം വേഗത്തിലാക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. സർക്കാർ എത്രയും വേഗത്തിൽ ഇടപെടണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം. സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിലാണ് മലയാളികൾ ഉൾപ്പെടെ 26 നാവികരെ നൈജീരിയയുടെ നിർദേശപ്രകാരം ഇക്വറ്റോറിയൽ ഗിനി തടവിലാക്കിയത്.
നാവികരെ മോചിപ്പിക്കുന്നതിനായി കേന്ദ്ര നയതന്ത്ര നീക്കം തുടങ്ങിയിരുന്നു. കപ്പലിന്റെ നിയമപരമായ യാത്ര സൂചിപ്പിക്കുന്ന പ്രധാന രേഖകൾ നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നൈജീരിയയ്ക്ക് കൈമാറിയിരുന്നു.
നാവികരുടെ മോചനത്തിനായി നിരന്തരം ഗിനിയും നൈജീരിയയുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഗിനിയിലെ ഇന്ത്യന്‍ എംബസിയും വ്യക്തമാക്കിയിരുന്നു. ജീവനക്കാരുമായും എംബസി സംസാരിക്കുന്നുണ്ട്. സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് നാവികരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല