സ്വന്തം ലേഖകന്‍: ഗുജറാത്തില്‍ ചേരി ഒഴിപ്പിക്കാനെത്തിയ ബിജെപി വനിതാ എംപി ദാ കിടക്കുന്നു ഓടയില്‍, വീഴ്ചയില്‍ തലക്ക് പരിക്ക്. ജാംനഗര്‍ എംപിയായ പൂനം ബെന്നാണ് പത്തടി താഴ്ചയുള്ള മലിന ജലമൊഴുകുന്ന ഓടയിലേക്ക് തലകുത്തി വീണത്. തലക്ക് ഗുരുതര പരിക്കേറ്റ പൂനത്തെ വിദഗ്ധ ചികിത്സയ്ക്കായി പ്രത്യേക വിമാനത്തില്‍ മുംബൈയിലേക്ക് കൊണ്ടുപോയി. ചേരി നിവാസികളെ ഒഴിപ്പിക്കാനെത്തിയ അധികൃതരെ ജനങ്ങള്‍ തടഞ്ഞതോടെയാണ് എംപി തന്നെ നേരിട്ട് എത്തിയത്. ഇന്ദിരാ മാര്‍ഗിലെ ചേരികള്‍ ഒഴിപ്പിക്കുന്നതു സംബന്ധിച്ച പരാതികള്‍ ഉണ്ടായിരുന്നു. ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ തങ്ങള്‍ എങ്ങോട്ടു പോകുമെന്ന് പറയണമെന്ന് ചേരിനിവാസികള്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഇതേകുറിച്ച് അന്വേഷിക്കാനെത്തിയതായിരുന്നു പൂനംബെന്‍. നൂറുകണക്കിന് കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടം ബലം പ്രയോഗിച്ച് ഒഴിപ്പിച്ചെടുക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. മലിന ജലമൊഴുകുന്ന ഓടയ്ക്കു മുകളില്‍ ഇട്ടിരുന്ന കോണ്‍ക്രീറ്റ് സ്‌ളാബിനു മുകളില്‍നിന്ന് ജനങ്ങളോട് സംസാരിക്കവേ തകര്‍ന്ന് വീഴുകയായിരുന്നു. എംപിക്കൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി. നിരവധി പാവപ്പെട്ടവര്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് ഈ ചേരിയില്‍ കഴിയുന്നത്. പൂനം ബെന്‍ ഓടയില്‍ വീഴുന്നതിന്റെയും രക്ഷപ്പെടുത്തുന്നതിന്റെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല