സ്വന്തം ലേഖകന്‍: മകളെ മാതൃഭാഷ പഠിപ്പിക്കാന്‍ യുഎസിലെ വന്‍ ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞ ദമ്പതികള്‍ ശ്രദ്ധേയരാകുന്നു. മകളെ മാതൃഭാഷ പഠിപ്പിക്കാന്‍ ലോകത്തെ രണ്ടാമത്തെ വലിയ ബാങ്കായ ന്യുയോര്‍ക്കിലെ ഡോള്‍ഡ്മാന്‍ സാക്സില്‍ വന്‍ ശമ്പളമുള്ള ജോലി തടസമാണെന്നും കണ്ട ഗുജറാത്തി ദമ്പതികളാണ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്. ഗൗരവ് പണ്ഡിറ്റും ഭാര്യ ശീതളുമാണ് രണ്ടു വര്‍ഷം മുന്‍പ് പതിനെട്ട് മാസം പ്രായമുള്ള മകള്‍ താഷിക്കൊപ്പം ജന്മനാടായ ഭവനഗറില്‍ മടങ്ങിയെത്തി താമസമുറപ്പിച്ചത്. രാജ്യാന്തര മാതൃഭാഷാ ദിനമായ ഫെബ്രുവരി 21 ലെ ആഘോഷങ്ങളുടെ ഭാഗമായാണ് ഈ അപൂര്‍വ ദമ്പതികളുടെ മാതൃഭാഷാ സ്നേഹത്തിന്റെ കഥ സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്.
ജന്മനാട്ടില് താമസിക്കുന്നതിനും മകളെ മാതൃഭാഷ പഠിപ്പിക്കുന്നതിനുമാണ് ഇങ്ങനെ ചെയ്തതെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ മൂന്നര വയസ്സായ മകള്‍ നല്ല ഒഴുക്കോടെ ഗുജറാത്തി സംസാരിക്കുന്നുവെന്നും അതും പ്രദേശിക കത്യാവാഡി ശൈലിയില്‍ തന്നെ പറയുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. പതിനഞ്ച് വര്‍ഷത്തോളം അമേരിക്കയില്‍ ജോലി ചെയ്ത ശേഷമാണ് 2015 ല്‍ ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങിയത്. ഭാഷ മാത്രമല്ല, കുടുംബ ബന്ധങ്ങളും പരമ്പരാഗത ഭക്ഷണവും മകളെ ശീലിപ്പിക്കുന്നതിനും കൂടിയാണ് നാട്ടിലേക്ക് മടങ്ങിയതെന്നാണ് ഗൗരവും ശീതളും പറയുന്നത്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നഷ്ടപ്പെടുത്തിയ ജോലിയെക്കുറിച്ചോര്‍ത്ത് ഗൗരവിനും ശീതളിനും യാതൊരു നഷ്ടബോധവുമില്ല. മറിച്ച് മൂന്നര വയസ്സുകാരിയ മകള്‍ ഗുജറാത്തി സംസാരിക്കുന്ന സന്തോഷമാണ് ദമ്പതികള്‍ക്ക്. കുടുംബവുമായി കൂടുതല്‍ ഇടപഴകുമ്പോള്‍ കുട്ടിക്ക് ഭാഷ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നും കഴിഞ്ഞ രണ്ടു വര്‍ഷമായി തങ്ങളിതിന് സാക്ഷ്യം വഹിക്കുകയാണെന്നും ഗൗരവ് സാക്ഷ്യപ്പെടുത്തുന്നു. തങ്ങളുടെ കുടുംബവുമായുള്ള ബന്ധം മകളുടേയും ജീവിതത്തിലുടനീളം ഉണ്ടാകണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ഗൗരവ് വ്യക്തമാക്കി.
ഗുജറാത്തില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി പിന്നീട് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലേക്ക് കടന്നവരാണ് താഷിയുടെ മാതാപിതാക്കള്‍. കുട്ടികള്‍ പഠിച്ച് വളരേണ്ടത് മാതൃഭാഷയാണെന്നും വളരുന്നതിനനുസരിച്ച് മറ്റു ഭാഷകളില്‍ പ്രാവീണ്യം നേടിയാല്‍ മതിയെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല