സ്വന്തം ലേഖകൻ: ഡിസംബറിൽ നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി ബി.ജെ.പി. സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പാക്കുമെന്നതാണ് ബി.ജെ.പിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയാണ് പ്രകടന പത്രിക ശനിയാഴ്ച പുറത്തിറക്കിയത്.
അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നിർത്തലാക്കുന്നതിനായി തീവ്രവാദ വിരുദ്ധ സെല്ലുകൾ ആരംഭിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. പെൺകുട്ടികൾക്ക് ബിരുദാനന്തര ബിരുദം വരെയുള്ള പഠനം സൗജന്യമാക്കുമെന്നും ആയുഷ് മാൻ ഭാരതിന്‍റെ കീഴിലുള്ള മെഡിക്കൽ ഇൻഷൂറൻസ് തുക അഞ്ച് ലക്ഷത്തിൽ നിന്നും 10 ലക്ഷമായി ഉയർത്തുമെന്നും പ്രകടന പത്രികയിലുണ്ട്.
20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നതാണ് ബി.ജെ.പിയുടെ മറ്റൊരു പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. ഡിസംബർ ഒന്ന്, അഞ്ച് ദിവസങ്ങളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും. 182 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ബി.ജെ.പിയെ കൂടാതെ എ.എ.പിയും കോൺഗ്രസും എൻ.സി.പിയും മത്സരരംഗത്തുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല