1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2023

സ്വന്തം ലേഖകൻ: വിമാന യാത്രക്കാരുടെ ബാഗേജുകള്‍ക്ക് നിശ്ചയിച്ച അളവ് പരിധി കൃത്യമായി നടപ്പിലാക്കാന്‍ ഗള്‍ഫ് എയര്‍ അധികൃതര്‍. നേരത്തെ ദമാം വിമാനത്താവളത്തില്‍ മാത്രം ഏര്‍പ്പെടുത്തിയ കാര്‍ട്ടണ്‍ വലിപ്പ പരിധി സൗദിയിലെ മറ്റു വിമാനത്താവളങ്ങളിലും ബാധകമാക്കിയതായി കമ്പനി അറിയിച്ചു. അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ വലിപ്പത്തിലുള്ള ബാഗേജുകളുമായി എത്തുന്നവരെ വിമാനാത്താവളങ്ങളില്‍ വെച്ച് അവ മാറ്റി പാക്ക് ചെയ്യിക്കുന്ന സ്ഥിതിയുണ്ട്.

സൗദിയിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്ന ഗള്‍ഫ് എയര്‍ യാത്രക്കാര്‍ക്കാണ് ഈ നിര്‍ദ്ദേശം ബാധകം. കാര്‍ഡ്ബോഡ് പെട്ടികളുടെ വലിപ്പത്തില്‍ കമ്പനി നിശ്ചയിച്ച പരിധി കൃത്യമായി പാലിക്കാന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു. 76 സെന്‍റീമീറ്റര്‍ നീളം, 51 സെന്‍റീമീറ്റര്‍ വീതി, 31 സെന്‍റീമീറ്റര്‍ ഉയരം എന്നീ നിബന്ധന പാലിക്കുന്ന ബോക്സുകള്‍ക്ക് മാത്രമാണ് ഗള്‍ഫ് എയറില്‍ അനുമതിയുള്ളത്.

ഈ നിബന്ധന നേരത്തെ നിലവിലുണ്ടെങ്കിലും അത് ദമാം വിമാനത്താവളത്തില്‍ മാത്രമേ നടപ്പിലാക്കിയിരുന്നുള്ളൂ. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ സൗദിയിലെ മുഴുവന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഈ നിയമം കര്‍ശനമാക്കിയിരിക്കുകയാണ് അധികൃതര്‍.

ഇക്കാര്യം മുന്‍കൂട്ടി അറിയാതെ എത്തിയ യാത്രക്കാര്‍ വലിയ തുക മുടക്കി വിമാനത്താവളത്തില്‍ വെച്ച് മാറ്റി പാക്ക് ചെയ്യേണ്ട സ്ഥിതിയുണ്ടായി. ഒരു പെട്ടി മാറ്റി പായ്ക്ക് ചെയ്യാന്‍ 65 റിയാല്‍ വരെയാണ് ഇതിനായി വിമാനത്താവളങ്ങളില്‍ ഈടാക്കുന്നത്. പെട്ടിയുടെ വലിപ്പത്തിലുള്ള വ്യത്യാസം കാരണം പല സാധനങ്ങളും ബാഗേജില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയും പലര്‍ക്കുമുണ്ടായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.