1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2011

സുരക്ഷാപരിശോധനകളെല്ലാം പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറിയ 16 യാത്രക്കാരെ വിമാനത്തിന്റെ ഭാരം കുറയ്ക്കാനെന്ന പേരില്‍ ഇറക്കിവിട്ടു. ഇതേത്തുടര്‍ന്ന് വിമാനം ഒരു മണിക്കൂര്‍ വൈകി. ബഹ്‌റിനിലേക്ക് പോകാനായി ഗള്‍ഫ് എയര്‍ വിമാനത്തില്‍ കയറിയ 16 യാത്രക്കാരെയാണ് പൈലറ്റിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇറക്കിവിട്ടത്. വിമാനത്തില്‍ മൊത്തം 136 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ 3.30 ന് ബഹ്‌റിനില്‍ നിന്നും കൊച്ചിയിലെത്തിയ ഗള്‍ഫ് എയര്‍ വിമാനം 4.20 ന് മടങ്ങിപ്പോകേണ്ടിയിരുന്നതാണ്. യാത്രക്കാരെല്ലാം കയറി വിമാനം പുറപ്പെടാനൊരുങ്ങുമ്പോഴാണ് മഴയെ തുടര്‍ന്ന് റണ്‍വേയില്‍ വെള്ളക്കെട്ടുണ്ടെന്ന അറിയിപ്പ് എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവറില്‍ നിന്ന് ലഭിച്ചത്. വെള്ളക്കെട്ടുള്ളപ്പോള്‍ തെന്നല്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് അപകടാവസ്ഥ കണക്കിലെടുത്ത് പൈലറ്റ് വിമാനത്തിന്റെ ഭാരം കുറയ്ക്കണമെന്ന നിര്‍ദേശം നല്‍കിയത്.

ഇതേത്തുടര്‍ന്ന് വിമാനത്തില്‍ കയറിയിരുന്ന യാത്രക്കാരില്‍ 16 പേരെ അവരുടെ ലഗേജുകളുമായി ഇറക്കുകയായിരുന്നു. ഇതുകാരണമാണ് വിമാനം പുറപ്പെടാന്‍ വൈകിയത്. 5.20 ന് വിമാനം ബഹ്‌റിനിലേക്ക് പറക്കുകയും ചെയ്തു. ഗള്‍ഫിലേക്കിപ്പോള്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ ഗള്‍ഫ് എയര്‍ വിമാനത്തിലും നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു. കൊച്ചിയില്‍ നിന്നും ഗള്‍ഫിലേക്ക് പറക്കുന്ന വിമാനങ്ങളെല്ലാം ഇപ്പോള്‍ നിറയെ യാത്രക്കാരുമായാണ് പറക്കുന്നത്.

ആഗസ്ത് 29 ന് കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങുന്നതിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി ഗള്‍ഫ് എയര്‍ വിമാനം അപകടത്തില്‍പ്പെട്ടിരുന്നു. ഈ അപകടം കൂടി കണക്കിലെടുത്താകണം ഞായറാഴ്ച ഗള്‍ഫ് എയര്‍ വിമാനം പറത്തിയ പൈലറ്റ് റിസ്‌ക് എടുക്കാതെ വിമാനത്തിന്റെ ഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ടത്. ബ്രിട്ടണ്‍ സ്വദേശിയായ ആന്‍റണി ഹോസിലി ആണ് ഞായറാഴ്ച ഗള്‍ഫ് എയര്‍ വിമാനം പറത്തിയത്.

യാത്ര മുടങ്ങിയ 16 യാത്രക്കാരില്‍ ചിലരെ ഒമാന്‍ എയര്‍ വിമാനത്തില്‍ കയറ്റിവിട്ടു. ബാക്കി യാത്രക്കാരെ തിങ്കളാഴ്ചത്തെ ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹ്‌റിനിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ ഭാരം ക്രമീകരിക്കാന്‍ അത്യാവശ്യഘട്ടങ്ങളില്‍ ലഗേജുകളും കാര്‍ഗോയും മറ്റും സാധാരണയായി ഇറക്കാറുണ്ട്. എന്നാല്‍ യാത്രക്കാരെ പൊതുവെ ഇറക്കി വിടാറില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.