സ്വന്തം ലേഖകൻ: വിഷു അടുത്തതോടെ കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് കടൽ കടന്നത് 1,600 കിലോയോളം കൊന്നപ്പൂക്കൾ. കണിവെക്കാൻ വാടിക്കരിയാത്ത, തണ്ടൊടിയാത്ത പൂക്കൾ തന്നെ വേണമെന്നതിനാൽ വിഐപി പരിഗണനയിലാണ് കണിക്കൊന്നയുടെ വിദേശയാത്ര.
കരിപ്പൂരിൽനിന്നും പരിസരപ്രദേശങ്ങളിൽനിന്നും ശേഖരിക്കുന്ന പൂക്കളാണ് കയറ്റിയയക്കുന്നത്. ഏപ്രിൽ 11, 12 ദിവസങ്ങളിൽ 2,000 കിലോ പൂക്കൾ കരിപ്പൂരിൽനിന്ന് കയറ്റി അയച്ചതിൽ 80 ശതമാനവും കൊന്നപ്പൂവാണ്. കിലോഗ്രാമിന് 200 രൂപ മുതൽ 250 രൂപവരെ നൽകിയാണ് ഏജൻസികൾ കണിക്കൊന്ന ശേഖരിക്കുന്നത്.
ഇവ ജെൽ ഐസ് ഇട്ട് പാക്ക് ചെയ്താണ് കയറ്റി അയയ്ക്കുക. മിഡിൽ ഈസ്റ്റിലേക്ക് 100 കിലോ പൂക്കളും യൂറോപ്യൻ രാജ്യങ്ങളിലേക്ക് 30 കിലോ പൂക്കളും കയറ്റി അയച്ചെന്നാണ് കരിപ്പൂരിലെ കെ.ബി എക്സ്പോർട്ട്സ് ആൻഡ് ഇംപോർട്സ് ഉടമ കെ.ബി റഫീക്ക് പറയുന്നത്. ഏപ്രിൽ 13 ആകുമ്പോഴേയ്ക്കും ഇത് ഇനിയും കൂടും.
ഒരു പെട്ടിയിൽ നാല് കിലോഗ്രാം പൂക്കളാണ് കയറ്റി അയയ്ക്കാനാകുക. പെട്ടിയുടെ ഭാരം ഉൾപ്പടെ അഞ്ച് കിലോഗ്രാം കൊന്നപ്പൂ കൊണ്ടുപോകണമെങ്കിൽ വിമാനത്തിൽ 20 കിലോഗ്രാം മറ്റു സാധനങ്ങൾ കൊണ്ടുപോകാനുള്ള സ്ഥലം വേണം. ഇതിന്റെ ചെലവു കണക്കാക്കുമ്പോൾ കടൽ കടന്നെത്തുന്ന കൊന്നപ്പൂവിനു നാല് ഡോളർ വിലവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല