സ്വന്തം ലേഖകൻ: രാജ്യങ്ങളിലെ കനത്ത മഴ. യുഎഇ, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ തിങ്കളാഴ്ച തുടങ്ങിയ മഴ ചൊവ്വാഴ്ച പുലർച്ചയോടെയാണ് ശക്തിപ്രാപിച്ചത്. ബുധനാഴ്ചയും മഴ തുടരാനാണ് സാധ്യതയെന്ന് വിവിധ കാലാവസ്ഥാകേന്ദ്രങ്ങൾ അറിയിച്ചു. വെള്ളപ്പൊക്കത്തിൽപ്പെട്ട് ഒട്ടേറെ വാഹനങ്ങൾ ഒഴുകിപ്പോയി. കെട്ടിടാവശിഷ്ടങ്ങളും മറ്റും വീണ് വാഹനങ്ങൾക്ക് കേടുപാടുണ്ടായി. പലയിടങ്ങളിലും റോഡുകൾ ഇടിഞ്ഞുതാഴ്ന്നു. മഴയെത്തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഗൾഫിലേയ്ക്കുള്ള നാല് വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച മുതൽ പെയ്ത കനത്ത മഴയെ തുടർന്ന് ഷാർജയിലെയും ദുബായിലെയും നിരവധി കെട്ടിടങ്ങൾ, വില്ലകൾ, ടൗൺഹൗസ് കമ്മ്യൂണിറ്റികൾ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങി. ഷാർജയിലെ അൽ മജാസ് ഏരിയയിലെ ചില അപാർട്ട്‌മെന്റ് ബ്ലോക്കുകളിൽ ഇന്ന് പുലർച്ചെ 3 മുതൽ വൈദ്യുതിയും ഇൻറർനെറ്റും ഇല്ലായിരുന്നു. പിന്നീട് ജലവിതരണവും ഇല്ലാതായെന്ന് താമസക്കാർ പറഞ്ഞു.
ദുബായ് ലുലു വില്ലേജിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ വൈദ്യുതി മുടങ്ങിയതിനാൽ പതിവിലും മണിക്കൂറുകൾ വൈകിയാണ് പ്രവർത്തനം പുനരാരംഭിച്ചത്. എല്ലായിടത്തും ജല – വൈദ്യുതി വിതരണം ഉറപ്പാക്കിക്കൊണ്ടിരിക്കുകയാണ്. നിലവിൽ ദുബായിലും മറ്റും മഴ ശമിച്ചിട്ടുണ്ടെങ്കിലും കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ, മിക്ക റോഡുകളിലും മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ ഗതാഗതം ആരംഭിച്ചിട്ടില്ല. ഇന്ന് രാവിലെ ഓഫീസുകളിലേയ്ക്കും മറ്റും പുറപ്പെട്ടവർ റോഡ‍് അടച്ചതിനാൽ പാതിവഴിയിൽ തിരിച്ചുവരേണ്ടി വന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വഴി മുഹൈസിനയിൽ നിന്ന് ദുബായ് സ്റ്റുഡിയോ സിറ്റിയിലേയ്ക്ക് പുറപ്പെട്ട താൻ മിർദിഫിന് അടുത്ത് നിന്ന് മടങ്ങേണ്ടി വന്നതായി മിറാജ് മുഹമ്മദ് മനോരമ ഓൺലൈനിനോട് പറഞ്ഞു.
എതിർദിശയിൽ കൂടുതൽ മഴവെള്ളം ഉള്ളതിനാൽ അങ്ങോട്ടുപോയ റോഡിലൂടെ തന്നെയാണ് എല്ലാവരും മടങ്ങുന്നത്. വെള്ളത്തിൽ പലിയടത്തും വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ഒഴുകി നടക്കുന്നതും കാണാമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല