1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2023

സ്വന്തം ലേഖകൻ: ഗൾഫിലെ പ്രവാസികൾക്ക് ഇത്തവണയും ഓണത്തിന് നാട്ടിലെത്തുക ദുഷ്കരമാകും. പല സെക്ടറുകളിലെയും വിമാനടിക്കറ്റുകൾ വിറ്റുതീർന്നു. ലഭ്യമായ ടിക്കറ്റുകൾക്കാകട്ടെ 200 ഇരട്ടിവരെയാണ് നിരക്ക് വർധന. യുഎഇയിൽ സ്കൂൾ അവധിക്കാലം അവസാനിച്ചതിനാൽ മടങ്ങാനിരിക്കുന്ന പ്രവാസികുടുംബങ്ങൾ ത്രിശങ്കുവിലാണ്. 7000 രൂപയിൽ താഴെ ലഭിച്ചിരുന്ന വിമാനടിക്കറ്റുകൾക്ക് 40,000 മുതൽ ഒന്നരലക്ഷം വരെയാണ് ഈടാക്കുന്നത്.

കോഴിക്കോട് -ദുബായ് മേഖലയിൽ 64,000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. ദുബായ് -കോഴിക്കോട് മേഖലയിലും സമാനമാണ് നിരക്കുകൾ. കൊച്ചിയിലേക്കിത് 13,000 മുതൽ 1,04,738 രൂപ വരെയാണ്. തിരുവനന്തപുരത്തേക്ക് 28,000 മുതൽ 2,45,829 രൂപ വരെയും. നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് കേരളത്തിൽനിന്ന് ദുബായിലേക്കോ തിരിച്ചോ യാത്ര ചെയ്യണമെങ്കിൽ രണ്ടുലക്ഷത്തോളം രൂപ വേണമെന്ന സ്ഥിതിയാണ്. സെപ്റ്റംബർ പകുതിവരെ ഈ ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കോഴിക്കോട് -ഷാർജ മേഖലയിൽ രണ്ടാഴ്ച ടിക്കറ്റുകൾ ലഭ്യമല്ല. സെപ്റ്റംബർ ആദ്യവാരത്തിലാകട്ടെ 33,080 രൂപ മുതൽ 66,404 രൂപ വരെയാണ് നിരക്കുകൾ. തിരുവനന്തപുരത്തേത് 22,660 മുതൽ 90,522 വരെയും കൊച്ചിയിലേക്ക് 19,000 മുതൽ 64,741 രൂപവരെയുമെത്തി നിൽക്കുന്നു. ഇവിടെയും 7000 രൂപയ്ക്ക് താഴെ ടിക്കറ്റുകൾ ലഭിച്ചിരുന്നു.

അബുദാബിയിലേക്ക് കോഴിക്കോട്ടുനിന്ന് 36,902 മുതൽ 1,50,219 രൂപ വരെയും കൊച്ചിയിൽനിന്ന് 22,000 മുതൽ 2,67,409 രൂപ വരെയുമാണ് നിരക്കുകൾ. തിരുവനന്തപുരത്തിത് 27078 മുതൽ 1,29,109 വരെയാണ്. അതേസമയം, നിരക്കുവർധന ജിദ്ദ മേഖലയെ ബാധിച്ചിട്ടില്ല. കോഴിക്കോട് -ജിദ്ദ മേഖലയിൽ 12,709 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. കൊച്ചിയിലിത് 13,242-ഉം തിരുവനന്തപുരത്ത് 31,862 രൂപയുമേ ഉള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.