സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖലയില്‍ ഇറാനെതിരായ പടയൊരുക്കത്തിന് ശക്തി പകര്‍ന്ന് 1500 അമേരിക്കന്‍ സൈനികരും. പ്രതിരോധ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സൈനികരെ വിന്യസിക്കുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഗള്‍ഫ് തീരത്ത് എണ്ണകപ്പലുകള്‍ക്കു നേരെ നടന്ന ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നും അമേരിക്ക കുറ്റപ്പെടുത്തി.
1500 പേര്‍ ഉള്‍പ്പെട്ട താരതമ്യേന ചെറിയ തോതിലുള്ള സൈനിക വ്യൂഹത്തെയാണ് ഗള്‍ഫിലേക്ക് അയക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുമെന്ന സൂചനയും ട്രംപ് നല്‍കുന്നുണ്ട് . ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുക്കുക മാത്രമാണ് സൈനികവിന്യാസത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നാണ് അമേരിക്കയുടെ വാദം. രണ്ട് യു.എസ് യുദ്ധകപ്പലുകള്‍ ഇതിനകം ഗള്‍ഫ് സമുദ്രത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്. പാട്രിയട്ട് മിസൈല്‍ പ്രതിരോധ സംവിധാനവും സജ്ജമാണ്. ഗള്‍ഫ് രാജ്യങ്ങളുടെ സേനകളുമായി ചേര്‍ന്ന് അമേരിക്കയുടെ അഞ്ചാം കപ്പല്‍പട സുരക്ഷാ പട്രോളിങ്ങും തുടരുന്നു.
കൂടുതല്‍ സൈന്യത്തെ ഗള്‍ഫിലേക്ക് അയക്കേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു പോയ വാരം ട്രംപ് അറിയിച്ചത്. ലക്ഷം സൈനികരെ ഗള്‍ഫിലേക്ക് അയക്കാന്‍ അമേരിക്ക തുനിയുന്നതായ ‘ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ടും ട്രംപ് തള്ളുകയായിരുന്നു. പശ്ചിമേഷ്യയില്‍ അറുപതിനായിരത്തിലേറെ യു.എസ് സൈനികര്‍ നിലവിലുണ്ട്.
ഇറാഖിലും മറ്റും നിലയുറപ്പിച്ച യു.എസ് സൈനികര്‍ക്കു നേരെ ആക്രമണം നടത്താന്‍ ഇറാന്‍പദ്ധതിയിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക പടയൊരുക്കം ഊര്‍ജിതമാക്കുന്നത്. ഫുജൈറ തീരത്ത് അടുത്തിടെ നാല് എണ്ണ കപ്പലുകള്‍ക്കു നേരെ നടന്ന അട്ടിമറി നീക്കത്തിനു പിന്നില്‍ ഇറാന്‍ റവലൂഷനറി ഗാര്‍ഡാണെന്നും പെന്റഗണ്‍ കുറ്റപ്പെടുത്തുന്നു.യുറേനിയം സമ്പുഷ്ടീകരണവുമായി മുന്നോട്ടു പോകാനുള്ള ഇറാന്‍ നീക്കം എന്തുവില കൊടുത്തും തടയും എന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല