1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2025

സ്വന്തം ലേഖകൻ: പ്രവാസി മലയാളികളുടെ സ്വപ്നമായ ഗൾഫിലേക്കുള്ള കപ്പൽ സർവീസ് യാഥാർഥ്യമാകാനുള്ള സാധ്യത മങ്ങുന്നു. സർവീസിന് താത്പര്യമറിയിച്ച് മുന്നോട്ടെത്തിയ ചെന്നൈ ആസ്ഥാനമായ കമ്പനിക്ക് അനുയോജ്യമായ കപ്പൽ കണ്ടെത്താൻ മാസങ്ങളായിട്ടും കഴിയാത്തതാണ് കാരണം. കൊച്ചിയിൽനിന്ന് ദുബായിലേക്കുള്ള സർവീസാണ് ആലോചനയിലുള്ളത്.

വിമാനയാത്രക്കൂലി വർധന പ്രവാസികൾക്ക് താങ്ങാവുന്നതിനും അപ്പുറമായതോടെയാണ് കപ്പൽ സർവീസിനായുള്ള നീക്കങ്ങൾ തുടങ്ങിയത്. കഴിഞ്ഞവർഷം കേരള മാരിടൈം ബോർഡ് താത്പര്യപത്രം ക്ഷണിച്ചു. നാല് കമ്പനികളാണ് ഇതിനോട് പ്രതികരിച്ച് എത്തിയത്. കമ്പനികൾക്ക് കപ്പൽ സർവീസ് നടത്താൻ സ്വന്തമായുള്ള സംവിധാനങ്ങൾ, മുൻപരിചയം എന്നിവ ബോർഡ് വിലയിരുത്തിയിരുന്നു.

ഇതിൽനിന്ന് രണ്ട് കമ്പനികളെ അന്തിമപട്ടികയിൽപ്പെടുത്തി. കമ്പനികളുടെ പ്രവർത്തനപശ്ചാത്തലം, മേഖലയിലെ കാര്യക്ഷമത, സർവീസ് നടത്താൻ ഉദ്ദേശിക്കുന്ന കപ്പലുകളിൽ യാത്രചെയ്യുന്നതിനും വിശ്രമിക്കുന്നതിനും ലഗേജ് കൊണ്ടുവരുന്നതിനുമുള്ള സൗകര്യങ്ങൾ, യാത്രയ്ക്കും ചരക്കുകൾ കൊണ്ടുവരുന്നതിനുമുള്ള നിരക്ക്, സർക്കാരിൽനിന്ന് പ്രതീക്ഷിക്കുന്ന സഹായങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും തേടി.

കപ്പൽഗതാഗതരംഗത്ത് മുൻപരിചയമുണ്ടായിരുന്ന ചെന്നൈ ആസ്ഥാനമായ കമ്പനിയെയാണ് സർവീസ് നടത്തിപ്പിനായി ഒടുവിൽ തിരഞ്ഞെടുത്തത്. ഇവർ സർവീസിന് അനുയോജ്യമായ കപ്പൽതേടി വിവിധ രാജ്യങ്ങളിൽ മാസങ്ങളായി തിരച്ചിൽ തുടങ്ങിയെങ്കിലും ഇനിയും കണ്ടെത്താനായിട്ടില്ല. കപ്പൽ ലഭിച്ചാൽ ഏപ്രിലിൽ സർവീസ് തുടങ്ങാനാകുമെന്ന് കമ്പനി അധികൃതർ മാരിടൈം ബോർഡ് അധികൃതരെ അറിയിച്ചിരുന്നതുമാണ്.

കപ്പൽ കണ്ടെത്താനായാൽ ഇന്ത്യൻ ഷിപ്പിങ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. തുടർന്നുവേണ്ട സഹായങ്ങൾ ലഭ്യമാക്കാൻ അധികൃതർ തയ്യാറുമാണ്. നിശ്ചിത എണ്ണം യാത്രക്കാർ സർവീസുകളിൽ ഉണ്ടാകാതിരുന്നാൽ കപ്പൽ കമ്പനിക്കുണ്ടാകുന്ന നഷ്ടം നികത്താനുള്ള സഹായം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. ബോർഡ് നടത്തിയ പാസഞ്ചർ സർവേയിൽ മൂവായിരത്തോളംപേരാണ് കപ്പൽ സർവീസ് തുടങ്ങുന്നതിന് അനുകൂലപ്രതികരണം അറിയിച്ചിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.