റാന്നി:സഹോദരന്റ്‌റെ കുഞ്ഞിന്റ്‌റെ മാമ്മോദീസയും സ്വന്തം പിറന്നാളും ആഘോഷിക്കാന്‍ ഘ്രസ്വ അവധിക്കു സൌദിയില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെ അയല്‍വാസി കല്ലെറിഞ്ഞു കൊന്നു.ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് റാന്നിക്ക് സമീപം നാട്ടുകാരെ ഒന്നടങ്കം നടുക്കിയ ദാരുണമായ സംഭവം നടന്നത്. റാന്നി അങ്ങാടി ചെട്ടിമുക്ക് ഇടപ്പറമ്പില്‍ റോജി ഇ. തോമസാണ് വളരെ പ്രാകൃതമായ രീതിയില്‍ കൊല ചെയ്യപ്പെട്ടത്.അതിരുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ കശപിശയാണ് സംഭവത്തിലേക്ക് നയിച്ചത് എന്ന് പോലിസ് വ്യക്തമാക്കി.
തന്റെ പിറന്നാള്‍ കുടുംബാംഗങ്ങളോടും ബന്ധു മിത്രാദികളോടും ഒപ്പം ആഘോഷിക്കാനും സ്വന്തം സഹോദരന്റെ മകളുടെ മാമ്മോദീസായില്‍ പങ്കു കൊള്ളുവാനുമായി പത്തു ദിവസങ്ങള്‍ക്കു മുന്‍പാണ് ഈ ചെറുപ്പക്കാരന്‍ അവധിക്കു നാട്ടില്‍ എത്തിയത്.സെപ്റ്റംബര്‍ ഒന്നിനായിരുന്നു റോജിയുടെ ജന്മ്മദിനം. ഏതാനും ദിവസങ്ങളായി റോജിയുടെ ഫെയ്‌സ്ബുക്കിലേക്ക് ബന്ധുക്കളുടെതും സുഹൃത്തുക്കളുടേതായി ജന്മദിന ആശംസാ സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു.ഈ വെള്ളിയാഴ്ച റോജി തനിക്കു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി അറിയിച്ച് മറുപടി പോസ്റ്റ് ഇടുകയും ചെയ്ത വിവരം സുഹൃത്തുക്കള്‍ വേദനയോടെ ഓര്‍ക്കുന്നു. സന്തോഷത്തിന്റ്‌റെ ദിനങ്ങളില്‍ തങ്ങളുടെ കൂട്ടുകാരനെ തേടിയെത്തിയ ദുരന്തത്തിന്റെ ഞെട്ടലിലാണ് നാട്ടിലും വിദേശത്തുമുള്ള റോജിയുടെ സുഹൃത്തുക്കള്‍.പിറന്നാള്‍ ആഘോഷത്തിനു പിന്നാലെ മൂത്ത സഹോദര ന്റ്‌റെ മകളുടെ മാമോദീസ ചടങ്ങിന്റെ ആഘോഷത്തിലായിരുന്നു ഞായറാഴ്ച റോജിയും കുടുംബം മുഴുവനും. സമീപത്തെ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം അടുത്ത ബന്ധുക്കളോടൊപ്പം വീട്ടില്‍ മടങ്ങി എത്തിയതിനു പിന്നാലെയായിരുന്നു റോജിയെ അയല്‍വാസി എറിഞ്ഞു കൊന്നത്.
കുറച്ചു വര്‍ഷങ്ങളായി അയല്‍വാസിയുമായി നിലനിന്ന ഭൂമി അതിരു തര്‍ക്കമാണ് ദുരന്തത്തില്‍ കലാശിച്ചത്.തര്‍ക്കസ്ഥലം അളന്ന് കല്ലിടുന്നതിന് സംഭവദിവസം താലൂക്ക് സര്‍വേയര്‍ ഉള്‍പ്പെടുന്ന സംഘം എത്തിയിരുന്നതായി റോജിയുടെ വീട്ടുകാര്‍ പറഞ്ഞു.എന്നാല്‍ അന്നേ ദിവസം,കുഞ്ഞിന്റ്‌റെ മാമോദിസ ചടങ്ങ് ഉള്ളതിനാല്‍ തങ്ങള്‍ക്ക് അസൗകര്യം ഉണ്ടെന്നും മറ്റൊരു പ്രവര്‍ത്തി ദിനത്തില്‍ പോലീസിന്റെ കൂടി സാന്നിധ്യത്തില്‍ ഭൂമി അളന്ന് അതിരിട്ടാല്‍ മതിയെന്നും എതിര്‍കക്ഷിയെ അറിയിച്ചിരുന്നതായി ഇവര്‍ പറയുന്നു.
പക്ഷെ റോജിയുടെ വീട്ടുകാരുടെ അഭ്യര്‍ത്ഥന വകവയ്ക്കാതെ,അവരുടെ അസാന്നിധ്യത്തില്‍ റവന്യു സംഘത്തെ കൊണ്ട് നിര്‍ബന്ധപൂര്‍വ്വം ഭൂമി അളന്ന് അതിരിടുകയായിരുന്നുവെന്നുംപള്ളിയിലെ ചടങ്ങുകള്‍ക്കു ശേഷം റോജി മടങ്ങിയെത്തിയപ്പോള്‍ ഇതു സംബന്ധിച്ച് വാക്കു തര്‍ക്കം ഉണ്ടാകുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവന്ന് പോലീസ് പറഞ്ഞു.പ്രതികള്‍ ഇപ്പോള്‍ പോലിസ് കസ്റ്റഡിയില്‍ ആണ് എന്നാണ് ലഭിക്കുന്ന വിവരം.റോജിയുടെ ഇരട്ട സഹോദരനായ ബിജി ഇ.തോമസിന് ദുബായിലാണ് ജോലി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല