സ്വന്തം ലേഖകൻ: കഴിഞ്ഞ വർഷം ഡിസംബർ മുതൽ ഉള്ളി കയറ്റുമതിക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന നിരോധം പിൻവലിച്ചു. ഇതോടെ എല്ലാ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി പുനരാരംഭിച്ചു. ഈ വർഷം റാബീ സീസണിൽ മികച്ച ഉൽപാദനമുണ്ടായതാണ് കയറ്റുമതി പുനരാരംഭിക്കാൻ കാരണമെന്ന് ഫോറിൽ ട്രേഡ് ഡയറക്ടറേറ്റിന്റെ അറിയിപ്പിൽ പറയുന്നു.
മെട്രിക് ടണ്ണിന് 550 ഡോളർ എന്ന കുറഞ്ഞ വിലയും കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കയറ്റുമതി നിരോധം ഉള്ളി കർഷകരെ പ്രതികൂലമായി ബാധിച്ചിരുന്നു. കയറ്റുമതി കുറഞ്ഞതോടെ ഇന്ത്യൻ മാർക്കറ്റിൽ വില തീരെ കുറഞ്ഞിരുന്നു.
കഴിഞ്ഞ ഖരിഫിൽ ഉള്ളി ഉൽപാദനം 20 ശതമാനം കുറഞ്ഞതാണ് കയറ്റുമതി നിരോധം ഏർപ്പെടുത്താൻ പ്രധാന കാരണം. ഉൽപാദനം കുറയുന്നത് പ്രദേശിക മാർക്കറ്റിൽ ഉള്ളി വില വർധിക്കാൻ കാരണമാകുമെന്നതിനാലാണ് കയറ്റുമതി നിരോധിച്ചത്. കയറ്റുമതി നിരോധം പിൻവലിച്ചതോടെ ഇന്ത്യൻ ഉള്ളികൾ പത്ത് ദിവസത്തിനുള്ളിൽ മാർക്കറ്റിലെത്തുമെന്ന് ഒമാനിലെ ഇറക്കുമതി മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു.
ഇന്ത്യൻ ഉള്ളി എത്തിയാലും വില പെട്ടെന്ന് കുറയില്ലെന്നും ഇവർ പറഞ്ഞു. നിലവിൽ ഉള്ളി വില കിലോക്ക് 600 ബൈസക്ക് അടുത്താണ് വിപണിയിലെ വില. യമൻ, സുഡാൻ തുടങ്ങിയ രാജ്യങ്ങളുടെ ഉള്ളിയാണ് വിപണിയിലുള്ളത്. ഇത് ഇന്ത്യൻ ഉള്ളിയെ അപേക്ഷിച്ച് താരതമ്യേന വില കൂടിയതാണ്. നിലവിൽ ഈ ഉള്ളികൾ വിറ്റഴിഞ്ഞ ശേഷമായിരിക്കും ഇന്ത്യൻ സുലഭമായി വിപണിയിലെത്തുക എന്നും പറയപ്പെടുന്നുണ്ട്.
ഏതായാലും ഉള്ളി വില പെട്ടെന്നൊന്നും കഴിഞ്ഞ ഒക്ടോബറിന് മുമ്പുള്ള വിലിയിലെത്തില്ല. ഉള്ളിയുടെ സാധാരണ വില കിലോക്ക് 300 ബൈസയിൽ താെഴ ആയിരുന്നു.ഇന്ത്യയുടെ ഉള്ളി കയറ്റുമതി നിരോധം ഒമാൻ മാർക്കറ്റിനെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. മാർക്കറ്റിൽ നല്ല ഉള്ളി കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു. മാർക്കറ്റിലെ ഏറ്റവും മികച്ച ഉള്ളിയും വില കുറവും ഇന്ത്യൻ ഉള്ളിക്കാണ്. ഗുണനിലവാരത്തിൽ പാകിസ്താൻ ഉള്ളിയാണ് രണ്ടാം സ്ഥാനത്തുള്ളത്.
ഇന്ത്യൻ ഉള്ളിയുടെ നിയന്ത്രണ സമയത്ത് പാകിസ്താൻ ഉള്ളി മാർക്കറ്റിലുണ്ടായിരുന്നു. എന്നാൽ, പാകിസ്താൻ ഉള്ളി സീസൻ അവസാനിച്ചതോടെ ഗുണനിലവാരമുള്ള ഉള്ളിയുടെ വരവ് നിലക്കുകയായിരുന്നു. ഇന്ത്യൻ ഉള്ളിക്ക് ദൗർലഭ്യം അനുഭവപ്പെടുന്നത് ഹോട്ടൽ മേഖലയെയും പ്രതികൂലമായി ബാധിച്ചിരുന്നു ചെറുകിട ഹോട്ടലുകളിൽ സലാഡിലും മറ്റും ഉള്ളി അപ്രത്യക്ഷമാവുകയും ഉള്ളി കൊണ്ടുള്ള വിഭവങ്ങളും ഇല്ലാതാവുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല