സ്വന്തം ലേഖകന്‍: ആഗോള എണ്ണവില തുലാസില്‍, ഗള്‍ഫ് മേഖല വന്‍ പ്രതിസന്ധിയിലേക്കെന്ന് റിപ്പോര്‍ട്ട്, പ്രവാസികളുടെ ഗതിയെന്താകും? ദിനംപ്രതി കുറയുന്ന അന്താരാഷ്ട്ര എണ്ണ വില കഴിഞ്ഞ ദിവസത്തേക്കാള്‍ ബാരലിന് 1.75 ഡോളര്‍ കുറഞ്ഞ്, 31.41 ഡോളറായിട്ടുണ്ട്. ഇത് ഇരുപത് ഡോളര്‍ വരെ താഴ്ന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളെയാണ് എണ്ണയുടെ വിലയിടിച്ചില്‍ ഏറ്റവും ബാധിയ്ക്കുക.
ബാരലിന് 128 ഡോളര്‍ എന്ന 2008 ലെ വിലയില്‍ നിന്ന് ബാരലിന് 30 ഡോളറിലേക്ക് എത്തുമ്പോള്‍ വരുന്ന ഭീമമായ നഷ്ടമാണ് ഗള്‍ഫ് രാജ്യങ്ങളുടെ നടുവൊടിക്കുന്നത്. ലോകത്ത് ഏറ്റവും അധികം എണ്ണ ഉത്പാദിപ്പിയ്ക്കുന്നത് അമേരിയ്ക്കയാണ്. എന്നാല്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്കാണ് ഇത് അധികവും ഉപയോഗിയ്ക്കുന്നത് എന്നതിനാല്‍ ഗള്‍ഫ് മേഖലകളെ പോലെ വലിയ പ്രതിസന്ധി നേരിടേണ്ടിവരില്ലെന്നാണ് റിപ്പോര്‍ട്ട്.
ലോകത്തെ എണ്ണ ഉത്പാദക രംഗത്ത് രണ്ടാമനാണ് സൗദി അറേബ്യ. പ്രതിദിനം ഒരുകോടി പതിനാറ് ബാരല്‍ അസംസ്കൃത എണ്ണയാണ് അവര്‍ ഉത്പാദിപ്പിയ്ക്കുന്നത്.
സൗദി അറേബ്യയുടെ പ്രധാന വരുമാനം എണ്ണ വില്പനയിലൂടെയാണ് ലഭിയ്ക്കുന്നത്.എണ്ണവില കുത്തനെ ഇടിയുന്നതോടെ സൗദിയുടെ സാമ്പത്തിക അടിത്തറ തന്നെ തകരും.
ഏറ്റവുംഅധികം മലയാളികള്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യം കൂടിയായ സൗദി കിതക്കുന്നതോടെ ഭൂരിപക്ഷം പേരും നാട്ടിലേക്ക് മടങ്ങേണ്ട ഭീഷണിയിലാവും. അതുപോലെ മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന യുഎഇയിലും ഇതുതന്നെ സംഭവിക്കാം. എണ്ണ ഉത്പാദത്തിന്റെ കാര്യത്തില്‍ ആറാമതുള്ള യുഎഇ പ്രതിദിനം ഉത്പാദിപ്പിയ്ക്കുന്നത് മുപ്പത്തിനാല് ലക്ഷത്തി എഴുപത്തിയൊന്നായിരം ബാരലാണ്.
പ്രതിദിനം ഇരുപത്തിയേഴ് ലക്ഷത്തില്‍ പരം ബാരല്‍ എണ്ണയാണ് കുവൈറ്റ് ഉത്പാദിപ്പിയ്ക്കുന്നത്. ഖത്തറിന്റെ പ്രതിദിന എണ്ണ ഉത്പാദനം ഇരുപത് ലക്ഷത്തിന് മേല്‍ ബാരലുകളാണ്. എണ്ണവില കുത്തനെ ഇടിയുന്ന സാഹചര്യത്തില്‍ ഉത്പാദനം കുറയ്ക്കുക എന്നത് മാത്രമാണ് ഇവരുടെ മുന്നിലുള്ള വഴി. എന്നാല്‍ ഉത്പാദനം കുറക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി അപ്പോഴും മേഖലയെ തുറിച്ചു നോക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല