സ്വന്തം ലേഖകൻ: ഗൾഫ് മേഖലയിലേക്കുള്ള ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് കുറക്കാൻ നിരന്തരമായ ശ്രമം കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന വിദേശകാര്യവുമായി ബന്ധപ്പെട്ട പാലർമെന്റ് സ്ഥിരം സമിതി ശിപാർശയിൽ പ്രതീക്ഷയർപ്പിച്ച് പ്രവാസികൾ.
ഗൾഫിലെ ഇന്ത്യൻ എംബസികൾ വ്യോമയാന മന്ത്രാലയവുമായി സഹകരിച്ചു വിമാന കമ്പനികളുമായി സ്ഥിരം ചർച്ച നടത്തണമെന്നാണ് കമ്മിറ്റിയുടെ പ്രധാന ശിപാർശ. വിവിധ രാജ്യങ്ങളുമായി വ്യോമയാനരംഗവുമായി ബന്ധപ്പെട്ടു ഇന്ത്യ ഒപ്പുവെച്ചിരിക്കുന്ന കരാർ കാലാനുസൃതമായി വിലയിരുത്തണമെന്നും ബി.ജെ.പി ലോക്സഭാംഗമായ പി.പി. ചൗധരി അധ്യക്ഷനായ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രവാസി സമൂഹത്തിന്റെ വർഷങ്ങളായുള്ള ആവശ്യമാണ് വിമാന ടിക്കറ്റ് നിരക്കിളവ്. ഇതിനായി പ്രവാസി സംഘടനകൾ മുട്ടാത്തവാതിലുകളില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകളിൽ നിരന്തരം സമ്മർദ്ദം ചെലുത്തിയെങ്കിലും ആകാശ ലോബിയുടെ ശക്തമായ ഇടപെടൽ മൂലം അവയൊന്നും ഫലം കണ്ടിരുന്നില്ല.
ടിക്കറ്റ് നിരക്ക് തീരുമാനിക്കാനുള്ള അവകാശം വിമാന കമ്പനികൾക്കാണെന്ന് കേന്ദ്രം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, നിരന്തര അഭ്യർഥനമാനിച്ചു വിഷയം പഠിക്കാൻ പാർലമെന്ററി സ്ഥിരം സമിതിയെ നിയോഗിച്ചിരുന്നു. സമിതി നൽകിയ ശിപാർശയിലെ പ്രധാന ആവശ്യങ്ങളിലൊന്ന് വിമാന ടിക്കറ്റ് നിരക്ക് കുറക്കാൻ ഇടപെടണമെന്നതാണ്. ഇതാണിപ്പോൾ വീണ്ടും പ്രതീക്ഷ നൽകുന്നത്.
കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടു തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സമഗ്ര പദ്ധതി നടപ്പിലാക്കുക, പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കുക, ഗൾഫ് രാജ്യങ്ങളിൽ തന്റേതല്ലാത്ത കാരണത്താൽ ജയിൽ ശിക്ഷ അടക്കമുള്ള ശിക്ഷാനടപടികൾ നേരിടുന്നവരുടെ ചെറിയ പിഴത്തുക നൽകാൻ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് (ഐ.സി.ഡബ്ല്യുഎഫ്) ഉപയോഗിക്കുക, അനധികൃത റിക്രൂട്ട്മെന്റ് ഏജൻസികളെ പിഴുതെറിയാനായി പരിശോധനയും ശിക്ഷ നടപടികളും കർശനമാക്കുകതുടങ്ങിയവയാണ് മറ്റു ശിപാർശകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല