സ്വന്തം ലേഖകൻ: മടങ്ങുന്ന പ്രവാസികളുടെ എണ്ണം കൂടിയതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കു വർധിപ്പിക്കുന്നതായി ആക്ഷേപം. ഒരു മാസത്തിനിടെ 50% വരെ നിരക്കു വർധിപ്പിച്ചതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. യുഎഇ സെക്ടറിലേക്കാണു കാര്യമായ വർധന. കോഴിക്കോട് വിമാനത്താവളത്തിൽനിന്നു ദുബായിലേക്കു നേരിട്ടുള്ള വിമാന യാത്രയ്ക്ക് 15,000 രൂപ വരെയായിരുന്നു നേരത്തേയുള്ള ടിക്കറ്റ് നിരക്ക്.
ഈ മാസം 23ന് കോഴിക്കോട്ടുനിന്നു ദുബായിലേക്ക് ഒരു വിമാനക്കമ്പനി 26,555 രൂപയും മറ്റൊരു വിമാനക്കമ്പനി 23,337 രൂപയുമാണു നിരക്കു കാണിക്കുന്നത്. മറ്റു വിമാനത്താവളങ്ങളിൽ ഇറങ്ങി കണക്‌ഷൻ വിമാനത്തിൽ യാത്ര ചെയ്യുന്നതിനുള്ള നിരക്കിലും വർധനയുണ്ട്. അടുത്ത ദിവസം ഹൈദരാബാദ് വഴി കണക്‌ഷൻ വിമാനത്തിൽ ദുബായിലേക്കു പോകാൻ 16,443 രൂപയാണു ടിക്കറ്റ് നിരക്ക് കാണിച്ചിട്ടുള്ളത്.
കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി വിമാന സർവീസുകൾ നിർത്തിയതിനെത്തുടർന്ന്, ചാർട്ടേഡ് വിമാനങ്ങളായിരുന്നു നേരത്തേയുള്ള ആശ്രയം. തുടർന്നു പല ഗൾഫ് നാടുകളുമായി ‘എയർ ബബ്ൾ’ കരാർ പ്രകാരം രാജ്യത്തു വിമാന സർവീസുകൾ ആരംഭിച്ചു.
പതിവു വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനു മുന്നോടിയായാണിത്. ഈ സർവീസുകളുടെ ടിക്കറ്റ് നിരക്കിലാണു വർധന. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് ഗൾഫ് നാടുകൾ സജീവമാകുന്നുണ്ട്. ഇതോടെ നാട്ടിൽനിന്നു മടങ്ങുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. ഈ സാഹചര്യത്തിൽ നിരക്കു വർധന ഒഴിവാക്കണമെന്നാണു പ്രവാസികളുടെ ആവശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല