സ്വന്തം ലേഖകന്‍: ഉത്സവ സീസണുകളില്‍ ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാമെന്ന് കേന്ദ്രം. ഉത്സവ സീസണുകളില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്ന വിമാനക്കമ്പനികളുടെ പ്രവണത തിരുത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യത്തോട് പ്രതികരിക്കവെയാണ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തി!ന്റെ അനുകൂല പ്രതികരണം.
തിരക്കുള്ള സീസണുകളില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാന്‍ മന്ത്രാലയം തയാറാണെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍.എന്‍. ചൗബേ പറഞ്ഞു.പുതുതായി ആരംഭിക്കുന്ന കണ്ണൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വിസുകള്‍, നഗരങ്ങളെ ബന്ധിപ്പിച്ച് കൂടുതല്‍ ആഭ്യന്തര സര്‍വിസുകള്‍ എന്നീ ആവശ്യങ്ങള്‍ സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത വിമാനക്കമ്പനികളുടെ യോഗത്തിലാണ് ചൗബേ ഇക്കാര്യം വ്യക്തമാക്കിയത്.
ഭയകക്ഷി കരാര്‍ പ്രകാരമാണ് വിദേശ വിമാന കന്പനികള്‍ക്ക് മന്ത്രാലയം സീറ്റ് അനുവദിക്കുന്നത്. മുന്‍കൂട്ടി സീറ്റ് വര്‍ധന തീരുമാനിക്കാന്‍ കഴിഞ്ഞാല്‍ നിരക്ക് കുത്തനെ ഉയര്‍ത്തുന്നത് ഒഴിവാക്കാന്‍ കഴിയുമെന്ന് യോഗത്തില്‍ പങ്കെടുത്ത വിമാനകന്പനികളും അറിയിച്ചു. ഇതു സംബന്ധിച്ച് കൂടുതല്‍ ആലോചന നടത്തി തീരുമാനമെടുക്കുമെന്ന് ചൗബേ അറിയിച്ചു.
കൂടുതല്‍ സര്‍വീസ് നടത്തുന്നതിന് പ്രോത്സാഹനമെന്ന നിലയില്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ (എടിഎഫ്) വാറ്റ് സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കണമെന്ന ആവശ്യം യോഗത്തില്‍ എയര്‍ലൈന്‍ കന്പനികള്‍ ഉന്നയിച്ചു. ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും തീരുമാനം വൈകാതെ എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല