സ്വന്തം ലേഖകന്‍: ഒമാനില്‍ കൈക്കൂലി കേസില്‍ കുടുങ്ങിയ പ്രമുഖ മലയാളി വ്യവസായിക്ക് മോചനം. എണ്ണ കമ്പനിയുടെ വിതരണ കരാര്‍ നേടാന്‍ കൈക്കൂലി നല്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദാലി ഒമാനില്‍ ജയില്‍ മോചിതനായി. റമദാന് മാസത്തില്‍ ഭരണകൂടം നല്കിയ പൊതുമാപ്പിലാണ് മുഹമ്മദലി മോചിതനായത്.
നേരത്തെ മുഹമ്മദാലിക്ക് 15 വര്‍ഷം തടവും 27 കോടി രൂപയും മസ്കറ്റ് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചിരുന്നു. 2014 മാര്‍ച്ചിലാണ് ശിക്ഷ ലഭിച്ചത്. പിഴത്തുകയടക്കം 24 ലക്ഷം ഒമാനി റിയാല്‍ കെട്ടിവച്ച മുഹമ്മദാലിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എണ്ണ പ്രകൃതി വാതക സ്ഥാപനമായ പെട്രോളിയ ഡവലപ്മെന്റ് ഓഫ് ഒമാനില്‍ നിന്നും കരാര്‍ നേടുന്നതിനു കൈക്കൂലി നല്‍കിയെന്നായിരുന്നു കേസ്. കമ്പനിയുടെ വൈസ് പ്രസിഡന്റടക്കം അഞ്ച് ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
കേസില്‍ 2011 ജനുവരിയില്‍ മൂന്നു വര്‍ഷം തടവിനാണ് കോടതി ആദ്യം ശിക്ഷ വിധിച്ചത്. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ശിക്ഷ 15 വര്‍ഷമായി വര്‍ധിപ്പിച്ചത്. ഇതേതുടര്‍ന്ന് മുഹമ്മദാലി ഗള്‍ഫാര്‍ എന്‍ജിനീയറിംഗ് ആന്റ് കോണ്ട്രാക്റ്റിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് രാജിവച്ചിരുന്നു. ഒരു ഇന്ത്യന്‍ വ്യവസായിക്ക് ഗള്‍ഫ് മേഖലയില്‍ ലഭിച്ച ഏറ്റവും വലിയ ശിക്ഷയായിരുന്നു മുഹമ്മദലിക്ക് വിധിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല