സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് മുന്നില്‍ വെടിവെപ്പ് നടന്നത്. മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷന്‍ പരിധിയിലെ സല്‍മാന്‍ ഖാന്റെ വസതിയായ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 4.55-ഓടെയായിരുന്നു സംഭവം. നടന്റെ വീടിന് മുന്നിലേക്ക് ബൈക്കിലെത്തിയ രണ്ടുപേര്‍ മൂന്നുതവണ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ബാന്ദ്ര പോലീസ് അന്വേഷണം ആരംഭിച്ചു. നടന്റെ വീടിന് പുറത്തും പരിസരത്തും കനത്ത പോലീസ് കാവലും ഏര്‍പ്പെടുത്തി.
വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നിരിക്കുയാണ് അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയി. തമാശയല്ലെന്നും, തങ്ങളെ നിസ്സാരമായി കരുതരുതെന്നും ഇത് അവസാന താക്കീതാണെന്നും അന്‍മോല്‍ ബിഷ്‌ണോയി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. സല്‍മാന്റെ വീട്ടിലാണ് ഇനി വെടിവെപ്പ് നടക്കുകയെന്നും ഇയാള്‍ പ്രഖ്യപിച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷവും സൽമാന് നേരേ വധഭീഷണി ഉയർന്നിരുന്നു. റോക്കി ഭായി എന്ന പേരില്‍ രാജസ്ഥാനില്‍ നിന്നാണ് കോള്‍ വന്നത്. പതിനാറ് വയസ്സുള്ള ഒരു ആണ്‍കുട്ടിയാണ് അതിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന സംഗതി. ഏപ്രില്‍ 30 ന് സല്‍മാനെ വകവരുത്തുമെന്നായിരുന്നു ഭീഷണി. അന്നും അന്വേഷണം എത്തിയത് ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിന് നേരെയായിരുന്നു.
അതേസമയം കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. നൂറിലധികം സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് മുംബൈ പോലീസ് നടത്തിയ പരിശോധനയിലാണ് രണ്ടുപേരുടെയും ദൃശ്യങ്ങള്‍ കണ്ടെടുത്തത്. അതേസമയം, പ്രതികളിലൊരാളായ വിശാല്‍ എന്ന കാലുവിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. പക്ഷേ, ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല