1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2025

സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റക്കാരുടെ സാന്നിധ്യം പരിശോധിക്കാൻ യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥർ ന്യൂയോർക്കിലെയും ന്യൂജഴ്‌സിയിലെയും ഗുരുദ്വാരകളിൽ പരിശോധന നടത്തി. നിയമവിരുദ്ധവും രേഖകളില്ലാത്തതുമായ ചില ഇന്ത്യൻ കുടിയേറ്റക്കാർ അവരുടെ കേന്ദ്രമായി ന്യൂയോർക്കിലെയും ന്യൂജഴ്‌സിയിലെയും ചില ഗുരുദ്വാരകൾ ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തെ ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥർക്ക് സന്ദേശം ലഭിച്ചിരുന്നു.

എന്നാൽ ഉദ്യോഗസ്ഥർ ഗുരുദ്വാരകൾ സന്ദർശിക്കുന്നത് തങ്ങളുടെ വിശ്വാസത്തിൻ്റെ പവിത്രതയ്ക്ക് ഭീഷണിയായി കാണുന്നുവെന്ന് ചില സിഖ് സംഘടനകൾ പ്രതികരിച്ചു. ഡോണൾഡ് ട്രംപ് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ, ഹോംലാൻഡ് സെക്യൂരിറ്റിയുടെ ചുമതലയുള്ള സെക്രട്ടറി ബെഞ്ചമിൻ ഹഫ്മാൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ്, കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ എന്നീ വകുപ്പുകൾക്കുള്ള ബൈഡൻ ഭരണകൂടത്തിൻ്റെ മാർഗനിർദ്ദേശങ്ങൾ റദ്ദാക്കിയിരുന്നു.

അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ കുറ്റവാളികൾക്ക് ഇനി അമേരിക്കയിലെ സ്കൂളുകളിലും പള്ളികളിലും ഒളിക്കാൻ കഴിയില്ലെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പിൻ്റെ വക്താവ് പറഞ്ഞു. അനധികൃത കുടിയേറ്റക്കാർ നിയമവിരുദ്ധമായി നടത്തുന്ന കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവര്‍ത്തനങ്ങൾ തടയുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഗുരുദ്വാരകൾ പോലുള്ള ആരാധനാലയങ്ങൾ ലക്ഷ്യമിടാനുമുള്ള ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റിൻ്റെ തീരുമാനത്തിൽ തങ്ങൾ വളരെയധികം ആശങ്കാകുലരാണെന്ന് സിഖ് അമേരിക്കൻ ലീഗൽ ഡിഫൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കിരൺ കൗർ ഗിൽ പറഞ്ഞു. സിഖ് വിശ്വാസത്തിൻ്റെ പവിത്രതയ്ക്ക് ഇത്തരം പരിശോധനകൾ ഭീഷണിയാകുമെന്ന് കിരൺ കൗർ പറഞ്ഞു.

അനധികൃത ഇന്ത്യൻ കൂടിയേറ്റക്കാരിൽ ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗവും. കഴിഞ്ഞ ഒരു വർഷത്തിനിടെ 1,000ത്തിലധികം അനധികൃത താമസക്കാരായ ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. 18,000 ഇന്ത്യക്കാരാണ് രേഖകളില്ലാതെ യുഎസിൽ കഴിയുന്നത്. ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അമേരിക്ക നേരത്തെ ഇന്ത്യയെ അറിയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.