സ്വന്തം ലേഖകന്‍: വിവാദ ആള്‍ദൈവം ഗുര്‍മീത് പ്രശസ്തരായ നടികളെയും മോഡലുകളെയും ലൈംഗികമായി ഉപയോഗിച്ചിരുന്നതായി ബന്ധുവിന്റെ വെളിപ്പെടുത്തല്‍. ആശ്രമത്തിലെ അന്തേവാസികളായ യുവതികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗ് പ്രശസ്തരായ നടികളെയും മോഡലുകളെയും ലൈംഗികമായി ഉപയോഗിച്ചിരുന്നെന്ന് ബന്ധു ഭൂപീന്ദര്‍ സിംഗ് ഗോരയാണ് വെളിപ്പെടുത്തിയത്.
ഗുര്‍മീത് ഇതിനു വേണ്ടിയാണ് സിര്‍സയില്‍ നിന്നും മുംബൈയിലേക്ക് പോയിരുന്നതെന്നും ഭൂപീന്ദര്‍ ആരോപിച്ചു. ഗുര്‍മീതിന്റെ ദത്തുപുത്രിയും അടുത്ത അനുയായിയുമായ ഹണിപ്രീത് ഇന്‍സാനാണ് ഇതെല്ലാം സംഘടിപ്പിക്കുക. ഗുര്‍മീത് ഏറ്റവും കൂടുതല്‍ സമയം ചെലവിട്ടിരുന്നത് സ്ത്രീകളോടൊപ്പമായിരുന്നെന്നും ഭൂപീന്ദര്‍ പറഞ്ഞു. ഗുര്‍മീത് വിവാഹിതരായ പെണ്‍കുട്ടികളെയും ചൂഷണം ചെയ്യുന്നതിനാല്‍ അദ്ദേഹത്തിന് മുന്നിലേക്ക് തങ്ങളുടെ സ്ത്രീകളെ അയക്കരുതെന്ന് കോണ്‍ഗ്രസ് മുന്‍ നേതാവ് ഹര്‍മീന്ദര്‍ സിംഗ് ജാസി പറഞ്ഞിരുന്നു.
ഗുഹയില്‍ തന്നെ ഒരിക്കല്‍ സന്ദര്‍ശിച്ച സ്ത്രീയെ ഗുര്‍മീത് പിന്നെ കാണാറില്ലെന്നും ഹര്‍മീന്ദര്‍ പറഞ്ഞു. അതേസമയം പഞ്ച്കുള സിബിഐ കോടതിയുടെ വിധിക്കെതിരെ ഗുര്‍മീത് പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. പീഡനത്തിന് ഇരയായി എന്നു പറയുന്ന യുവതികളുടെ മൊഴി ആറ് വര്‍ഷത്തിനു ശേഷമാണ് എടുക്കുന്നത്. മൊഴികള്‍ ഒന്നും വ്യക്തമായി ശേഖരിച്ചിരുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.
ഗുര്‍മീത് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹണിപ്രീത് ഒളിവിലാണ്. പൊലീസ് തേടുന്ന 43 കൊടും കുറ്റവാളികളില്‍ ഒരാളാണ് ഹണിപ്രീത്. ഇതിനിടെ ഹണിപ്രീത് നേപ്പാളിലേക്ക് രക്ഷപെട്ടിരിക്കാമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയെങ്കിലും നേപ്പാള്‍ പൊലീസ് ഈ വാര്‍ത്ത നിഷേധിച്ചിരുന്നു. അതേസമയം ഹണിപ്രീത് ഇന്‍സാന്‍ ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല