സ്വന്തം ലേഖകന്‍: ലോകമെമ്പാടുമായി ആറു കോടി അനുയായികളും 50 ഓളം ആശ്രമങ്ങളും, കോടികളുടെ ആസ്തി, തോഴിമാര്‍ക്കൊപ്പം ആഡംബര ജീവിതം, ബലാത്സംഗം ചെയ്ത് ശുദ്ധരാക്കാമെന്ന് ശിഷ്യകള്‍ക്ക് വാഗ്ദാനം, ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ഭക്തി പ്രസ്ഥാനത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ബലാത്സംഗ കേസില്‍ സി.ബി.ഐ. കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയ വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ദേരാ സച്ച സൗദ എന്ന ആത്മീയ പ്രസ്ഥാനത്തിന്റെ വിശേഷങ്ങള്‍ ആരേയും ഞെട്ടിക്കുന്നതാണ്.
വലിയ സാമ്പത്തിക ശക്തികളും വ്യവസായികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം നന്നായി ഉപയോഗിച്ചാണു ഗുര്‍മീത് റാം റഹീം സിങ് തന്റെ ഭക്തി പ്രസ്ഥാനം പനപോലെ വളര്‍ത്തിയത്. അമേരിക്ക, യു.കെ, കാനഡ, യു.എ.ഇ. ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ശാഖകളിളേക്കും കോടിക്കണക്കിനു രൂപയുടെ ആസ്തികളിലേക്കും ആയിരുന്നു ആ വളര്‍ച്ച.
ഇസഡ് കറ്റഗറി സുരക്ഷയില്‍ വി.വി.ഐ.പിയായി രാജാവിനെ പോലെ വിലസിയ ഇദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന് 69 വര്‍ഷത്തെ ചരിത്രമുണ്ട്.
വലിയ ദര്‍ശനങ്ങളുമായി ഹരിയാനയിലെ സിര്‍സയില്‍ 1948 ഏപ്രില്‍ 29 നു യോഗി മസ്താന ബലോചിസ്താനിയാണ് ആത്മീയ പഠനത്തിനായി ദേരാ സച്ച സൗദ സ്ഥാപിച്ചത്. ലാഭേച്ഛയില്ലാത്ത സാമൂഹികക്ഷേമ ആത്മീയ പ്രസ്ഥാനമെന്ന നിലയിലായിരുന്നു തുടക്കം. ആത്മമോചനത്തിലുടെ ഭിന്നതയില്ലാത്തതും സമാധാനം നിറഞ്ഞതുമായ ലോകം കാംക്ഷിക്കാനാകുമെന്നാണ് പ്രസ്ഥാനം പറയുന്നത്.സാമൂഹികതിന്മകളും ചൂഷണവും പാപരഹിതവുമായ ലോകക്രമവുമാണു പ്രഖ്യാപിത ലക്ഷ്യം.
1960 ഏപ്രില്‍ 18 ന് അദ്ദേഹം മരിച്ചതിനെത്തുടര്‍ന്നു ഷാ സത്‌നാം സിങ് പിന്‍ഗാമിയായി. നാല്‍പ്പതിയൊന്നാമത്തെ വയസില്‍ അധികാരമേറ്റ അദ്ദേഹം 1991 ഡിസംബര്‍ 13 നു മരിച്ചു. ഇതിനു മുമ്പു 1990 സെപ്റ്റംബര്‍ 23 ന് ഈ വലിയ പ്രസഥാനത്തിന്റെ മേധാവിയായി വിവാദ നായകനായ ഗുര്‍മീത് റാം റഹീം സിങ് ചുമതലയേറ്റു. കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പില്‍ സഹായിച്ചതിന്റെ നന്ദിയായി ഇസഡ് കാറ്റഗറി പരിരക്ഷ ലഭിച്ചു. പ്രസ്ഥാനത്തിന്റെ കരുത്ത് ബി.ജെ.പി മനസിലാക്കിയതോടെ പുതിയ കൂട്ടുകെട്ടായി.
എന്തും ചെയ്യാന്‍ തലകുനിച്ചു നില്‍ക്കുന്ന വന്‍ സംഘമാണ് സദാസമയവും ഗുര്‍മീതിനൊപ്പമുള്ളത്. ആശ്രമത്തില്‍ ഷണ്ഡരാക്കിയ 400 അടിമകളാണ് ഉള്ളതെന്ന് പറയപ്പെടുന്നു. സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാനെന്ന പേരില്‍ സ്ത്രീകളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഗുരുവിന്റെ ലൈംഗിക കേളികള്‍ക്ക് വഴങ്ങിയാല്‍ വിശുദ്ധയാകുമെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇപ്രകാരം മാനഭംഗത്തിന് ഇരയായ ഒരു യുവതിയായിരുന്നു 2002 ല്‍ കാമഭ്രാന്തനായ ദൈവത്തിനെതിരെ പരാതി നല്‍കിയത്.
2002 ല്‍ ദേരാ സച്ചാ സൗദയിലെ ആചാരങ്ങള്‍ സൂചിപ്പിച്ച് യുവതി അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിക്കും പഞ്ചാബ്ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസിനുമായിരുന്നു കത്തയച്ചത്. ഈ കത്തായിരുന്നു പിന്നീട് റാം റഹീമിനെതിരേ നടന്ന സിബിഐ അന്വേഷണത്തിലേക്ക് നയിച്ചത്. പഞ്ചാബില്‍ നിന്നായിരുന്നു യുവതി കത്തെഴുതിയത്. ദേരാ സച്ചാ സൗദയുടെ കടുത്ത വിശ്വാസികളായ കുടുംബം കാരണമാണ് താനും ആള്‍ ദൈവത്തിന്റെ ‘സാധ്വി’ യായി മാറിയതെന്ന് യുവതി കത്തില്‍ പറഞ്ഞു.
സിര്‍സയിലെ ദേരയിലെ രണ്ടു വര്‍ഷത്തെ വാസമാണ് ലൈംഗിക ചൂഷണത്തിലേക്ക് നയിച്ചത്. ഇക്കാലത്ത് മഹാരാജ് ജി ഭൂഗര്‍ഭ താമസസ്ഥലമായ ഗുഫയിലേക്ക് യുവതിയെ വിളിച്ചു. ‘ഗുഫയിലേക്ക് പ്രവേശിക്കുമ്പോള്‍ സമയം 10 മണിയായിരുന്നു. മഹാരാജ് അവിടെ അയാളുടെ കിടക്കയില്‍ ഇരിക്കുകയായിരുന്നു. കയ്യില്‍ ഒരു റിമോട്ടുണ്ടായിരുന്നു. മുന്നിലെ ടെലിവിഷനില്‍ പ്രായ പൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള സിനിമ ഓടുന്നു. കിടക്കയുടെ ഒരു വശത്ത് തോക്ക് വെച്ചിരുന്നു. എല്ലാം കണ്ട് ഞാന്‍ ഞെട്ടി.
കാരണം മഹാരാജിനെ കുറിച്ച് ഒരിക്കലും ഇങ്ങിനെ ചിന്തിച്ചിരുന്നില്ല. എന്നാല്‍ തന്റെ പ്രിയപ്പെട്ട സാധ്വിയായി തെരഞ്ഞെടുക്കപ്പെട്ട് എന്നില്‍ പ്രസാദിച്ചിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഗുര്‍മീതിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചപ്പോള്‍ താന്‍ ദൈവമാണെന്ന കാര്യത്തില്‍ സംശയിക്കേണ്ടെന്നായിരുന്നു മറുപടി. ദൈവം ഇത്തരം മോശം കാര്യം ചെയ്യാറില്ലല്ലോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ‘ഇതൊന്നും ഇവിടെ പുതിയ കാര്യമല്ല. നമ്മള്‍ ഇവിടെ വര്‍ഷങ്ങളോളം ഒരുമിച്ചു ജീവിക്കാന്‍ പോകുന്നു. 360 ഗോപികമാരുള്ള കൃഷ്ണഭഗവാന്‍ ദിനംപ്രതി അവരെ മാറിമാറി പ്രണയിച്ചിരുന്നില്ലേ’. എന്നായിരുന്നു മഹാരാജിന്റെ മറുപടി,’ യുവതി കത്തില്‍ വെളിപ്പെടുത്തുന്നു.
അടുത്ത മൂന്ന് വര്‍ഷവും ഇത് തുടര്‍ന്നു. ഇതിനിടയില്‍ മറ്റ് സാധ്വികളെയും ദേരാ തലവന്‍ തന്റെ ഇംഗിതത്തിന് ഇരയാക്കിയിരുന്നു. 35 നും 40 നും ഇടയില്‍ പ്രായക്കാരായ ഗുര്‍മീത് ബലാത്സംഗം ചെയ്ത അനേകം യുവതികളുടെ പേരുകളും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വിവാഹപ്രായം കഴിഞ്ഞു നില്‍ക്കുന്നവരായിരുന്നതിനാല്‍ ഇതില്‍ കൂടുതല്‍ അവര്‍ക്ക് പ്രതീക്ഷിക്കാന്‍ കഴിയുമായിരുന്നില്ലെന്നും കത്തില്‍ പറയുന്നു.
ഇതു കൂടാതെ പ്രകൃതിദുരന്തങ്ങളില്‍ ക്ഷേമരക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ വന്‍ സേനയ്ക്ക് ഗുര്‍മീത് റാം റഹീം സിങ് രൂപം നല്‍കി. ഷാ സത്‌നാം ജി ഗ്രീന്‍എസ് വെല്‍ഫയര്‍ഫോഴ്‌സ് എന്ന് പേരിട്ട ഈ സേനയില്‍ 70,000 ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, രക്ഷാപ്രവര്‍ത്തകര്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. വ്യഭിചാരവൃത്തിയില്‍ നിന്നു സ്ത്രീകളെ രക്ഷിക്കാന്‍ സമൂഹ വിവാഹവും നടത്തി. സിര്‍സയില്‍ ഈ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ 400 കിടക്കകളുള്ള അത്യാധുനിക ആശുപത്രിയും പ്രവര്‍ത്തിക്കുന്നുണ്ട്.
2002 സെപ്തംബര്‍ 3 ന് കിട്ടിയ കത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി ജഡ്ജി ആദര്‍ശ് കുമാര്‍ ഗോയല്‍ സ്വമേധയാ കേസെടുത്തതോടെയാണ് രാജവാഴ്ച തകിടം മറിഞ്ഞത്. അതിന് ശേഷം സിര്‍സാ ജഡ്ജിയോട് ദേരാ സന്ദര്‍ശിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമായിരുന്നു ഹൈക്കോടതി ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2002 സെപ്തംബര്‍ 24 ന് സിബിഐ അന്വേഷണത്തിന് ഉത്തരവായി. തുടര്‍ന്ന് കുറ്റക്കാരനാണെന്ന കോടതി വിധിയുമെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല