സ്വന്തം ലേഖകന്‍: പഞ്ചാബില്‍ ഗുരുവിന്റെ മൃതദേഹം ആറുമാസമായി ഫ്രീസറില്‍, ഗുരു ധ്യാനത്തിലാണെന്ന് ശിഷ്യന്മാര്‍. പഞ്ചാബിലെ ദിവ്യ ജ്യോതി ജാഗ്രതി സന്‍സ്ഥാന്‍ എന്ന ഭക്തിപ്രസ്ഥാനത്തിന്റെ തലവന്‍ ഗുരു അശുതോഷ് മഹാരാജിന്റെ മൃതദേഹമാണ് മാസങ്ങളായി ആശ്രമത്തില്‍ ഫ്രീസറില്‍ സൂക്ഷിക്കുന്നത്. ഗുരു മരിച്ചിട്ടില്ലെന്നും ധ്യാനത്തിലാണെന്നുമാണ് ശിഷ്യന്മാരുടെ വാദം.
അശുതോഷ് മഹാരാജ് ധ്യാനാവസ്ഥയില്‍ നിന്നും വീണ്ടും ഉണരുമെന്ന ഉറച്ച വിശ്വാസത്തിലാണ് അനുയായികള്‍ നൂര്‍മഹല്‍ പട്ടണത്തിലുള്ള ആശ്രമത്തില്‍ മൃതദേഹം സൂക്ഷിക്കുന്നത്. ജനുവരി 29 നാണ് എഴുപതുകാരനായ മഹാരാജ് അന്തരിച്ചത്. ഗുരുവിന്റെ ധ്യാനം പൂര്‍ത്തിയാകുന്നതുവരെ ശരീരം ഫ്രീസറില്‍ നിന്ന് മാറ്റാനോ സംസ്‌കരിക്കാനോ അനുവദിക്കില്ലെന്ന് പ്രസ്ഥാന വക്താവ് സ്വാമി വിശാലാനന്ദ അറിയിച്ചു.
ഗുരു ഹൃദായാഘാതം മൂലമാണ് മരിച്ചതെന്ന് മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചിരുന്നു. മൃതദേഹം സംസ്‌കരിക്കാന്‍ വിട്ടു നല്‍കാത്തതിനെ തുടര്‍ന്ന് മഹാരാജിന്റെ മുന്‍ ഡ്രൈവര്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മരണം സ്ഥിരീകരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും കോടതി ഹരജി തള്ളുകയാണ് ചെയ്തത്. പ്രശ്‌നത്തില്‍ കോടതി പഞ്ചാബ് സര്‍ക്കാരിനോട് വിശദീകരണം തേടി.
എന്നാല്‍ ആത്മീയാചാര്യനായ അശുതോഷ് മഹാരാജിന്റെ മൃതദേഹം സംസക്‌രിക്കുന്നത് സംബന്ധിച്ച തീരുമാനം അനുയായികള്‍ക്ക് വിട്ടു നല്‍കണമെന്നാണ് പഞ്ചാബ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് കോടതി മൃതദേഹം സൂക്ഷിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
ഫ്രീസറില്‍ ധ്യാനത്തിലിരിക്കുമ്പോഴും ഗുരുവുമായി ആത്മീയ ബന്ധം പുലര്‍ത്തുന്നതായാണ് അനുയായികളുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല