സ്വന്തം ലേഖകന്‍: നാനൂറോളം വര്‍ഷം പഴക്കമുള്ള ലാഹോറിലെ ഗുരുനാനാക് കൊട്ടാരത്തിന്റെ വിലപിടിപ്പുള്ള തടി ഉരുപ്പടികളും വാതിലുകളും പ്രദേശവാസികളായ സാമൂഹികവിരുദ്ധര്‍ പൊളിച്ചു വിറ്റു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ലാഹോറില്‍നിന്ന് നൂറു കിലോമീറ്റര്‍ അകലെ നരോവാള്‍ പട്ടണത്തിലാണ് കൊട്ടാരം.
സിക്ക് മതസ്ഥാപകനായ ഗുരുനാനാക്കിന്റെയും ഹൈന്ദവ ഭരണാധികാരികളുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള പാലസ് ഓഫ് ബാബ ഗുരു നാനാക് എന്ന നാലുനിലക്കെട്ടിടത്തില്‍ 16 മുറികളാണുള്ളത്. ഓരോ മുറിയിലും കുറഞ്ഞത് മൂന്നു വാതിലും നാലു ജനാലകളുമുണ്ട്. വാതിലുകള്‍ പൂക്കളുടെ മാതൃക കൊത്തിവച്ചിട്ടുള്ളവയാണ്. ചന്ദനം, കളിമണ്ണ്, കുമ്മായക്കട്ട എന്നിവകൊണ്ടാണു വിസ്താരമുള്ള മുറികള്‍ നിര്‍മിച്ചിരിക്കുന്നത്. നിയമനടപടികള്‍ ആരംഭിക്കണമെങ്കില്‍ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ആര്‍ക്കാണെന്നു കണ്ടെത്തണമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
റവന്യൂ രേഖകള്‍ പരിശോധിച്ചതില്‍ ചരിത്രപ്രാധാന്യമുള്ള ഈ കെട്ടിടത്തെക്കുറിച്ച് വിവരമില്ലെന്നും മുനിസിപ്പല്‍ കമ്മിറ്റിയുടെ റിക്കാര്‍ഡ് പരിശോധിച്ചുവരികയാണെന്നും നരോവാള്‍ ഡെപ്യൂട്ടി കമ്മീഷണര്‍ വഹീദ് അസ്ഘര്‍ പറഞ്ഞു. അതിക്രമം നടത്തിയത് ആരാണെന്നും കെട്ടടത്തിന്റെ ഉടമസ്ഥര്‍ ആരെന്ന് അറിയില്ലെന്നുമാണ് പ്രവിശ്യയിലെ പ്രാദേശിക ഭരണാധികാരികളുടെ നിലപാട്. ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് നാട്ടുകാര്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല