രാജ്യത്തിന് അപമാനമായി ഗുവാഹത്തിയില്‍ 16 വയസുകാരിയെ പൊതുനിരത്തില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു.തിങ്കളാഴ്ച രാത്രിയാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത് . നഗരത്തില്‍ ജി.എസ് റോഡിലെ ബാറിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റസ്റ്റാറന്റില്‍നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചിറങ്ങിയ പെണ്‍കുട്ടിക്കു നേരെയാണ് അതിക്രമം നടന്നത്. നിരവധി പേര്‍ നോക്കിനില്‍ക്കേ സഹായത്തിനായി പെണ്‍കുട്ടി അലറിക്കരഞ്ഞെങ്കിലും മൊബൈല്‍ ഫോണില്‍ രംഗം ചിത്രീകരിക്കാന്‍ തിരക്കു കൂട്ടിയവര്‍ ആരും അനങ്ങിയില്ല. ഒടുവില്‍ അതുവഴിയെത്തിയ ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ് പൊലീസ് സഹായത്തോടെ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. പ്രാദേശിക ചാനല്‍ ഈ രംഗം പുറത്തുവിട്ടതോടെ ജനരോഷം അണപൊട്ടുകയായിരുന്നു.
യൂട്യൂബിലൂടെ പുറത്തുവന്ന കാമറാദൃശ്യങ്ങളില്‍നിന്ന് 13 പേരെ പൊലീസ് തിരിച്ചറിഞ്ഞു. 20ഓളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ നാലുപേരെ മാത്രമാണ് അറസ്റ്റ്ചെയ്യാനായത്. പ്രധാനപ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് നഗരത്തിലെമ്പാടും പതിച്ചിട്ടുണ്ട്. കേസിലെ മുഖ്യ പ്രതിയായ അമര്‍ജ്യോതി കാലിദ നഗരത്തില്‍ സ്വൈരവിഹാരം നടത്തുകയാണെന്ന് പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ടുചെയ്തത് ജനരോഷം വര്‍ധിപ്പിച്ചു.
രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയ ഗുവാഹതി പീഡനത്തിലെ മുഴുവന്‍ പ്രതികളെയും 48 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യാന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗെഗോയ് പൊലീസിന് നിര്‍ദേശം നല്‍കി. ഇതിനായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. നഗരത്തിലെ പ്രധാന റോഡില്‍ ഒരുകൂട്ടം ആളുകള്‍ 16കാരിയെ അരമണിക്കൂറോളം വസ്ത്രാക്ഷേപം നടത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിട്ടും ഉണര്‍ന്നു പ്രവര്‍ത്തിക്കാത്ത പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സംഭവം അന്വേഷിക്കുന്നതിനായി ദേശീയ വനിതാ കമീഷന്‍ മൂന്നംഗ സംഘത്തെ ഗുവാഹതിയിലേക്ക് അയച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല