സ്വന്തം ലേഖകൻ: ദക്ഷിണ അമേരിക്കന്‍ രാജ്യമായ ഗയാന അടുത്ത വര്‍ഷം അമ്പരപ്പിക്കുന്ന വളര്‍ച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി വ്യക്തമാക്കുന്നു. ഈ വര്‍ഷം 4.4 ശതമാനം വളര്‍ച്ചാനിരക്കുള്ള ഗയാനയുടെ വളര്‍ച്ചാനിരക്ക് 86 ശതമാനം ആയിരിക്കുമെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്. ദക്ഷിണ അമേരിക്കയിലെ ഒരു കൊച്ചുരാജ്യമാണ് 7.8 ലക്ഷം മാത്രം ജനസംഖ്യയുള്ള ഗയാന. ബ്രസീലും വെനിസ്വേലയുമാണ് അയല്‍ രാജ്യങ്ങള്‍.
അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ എക്‌സണ്‍ മൊബീല്‍ കോര്‍പ് ഗയാനയില്‍ വന്‍തോതില്‍ ഇന്ധന നിക്ഷേപം കണ്ടെത്തിയതോടെയാണ് ഗയാനയുടെ തലവര മാറിയത്. 2015ല്‍ ആണ് ഗയാനയില്‍ ഈ കണ്ടെത്തല്‍ നടത്തിയത്. വലിയ ഇന്ധനിക്ഷേപമുള്ള രാജ്യമാണ് അയല്‍ രാജ്യമായ വെനിസ്വേലയെങ്കിലും ഗയാനയില്‍ അതുവരെ ഏതെങ്കിലും വിധത്തിലുള്ള ഇന്ധന ഉല്‍പാദനവും നടന്നിരുന്നില്ല.
നിലവില്‍ 400 കോടി ഡോളറിന്റെ ആഭ്യന്തര ഉത്പാദന ശേഷി 2024ഓടെ 1500 കോടിയായി വന്‍ വളര്‍ച്ചനേടുമെന്നാണ് ഐഎംഎഫ് പറയുന്നത്. ഇതിന്റെ 40 ശതമാനവും എണ്ണ വിപണിയില്‍നിന്നായി മാറും. എണ്ണ ഉല്‍പാദനത്തിന്റെ തുടക്കത്തില്‍ത്തന്നെ രാജ്യത്തിന്റെ മൊത്തം സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു.
അമേരിക്കന്‍ കമ്പനികളായ എക്‌സണ്‍, ഹെസ്സ് കോര്‍പറേഷന്‍ എന്നിവയെ കൂടാതെ ചൈനീസ് കമ്പനിയായ സിഎന്‍ഒഒസി ലിമിറ്റഡും ഗയാനയുടെ ഇന്ധന മേഖലയില്‍ നിക്ഷേപമിറക്കിക്കഴിഞ്ഞു. മറ്റു നിരവധി വന്‍കിട കമ്പനികളും ഗയാനയിലേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണ്. എക്‌സണ്‍ ഡിസംബര്‍ മാസം മുതല്‍ ഉല്‍പാദനം ആരംഭിക്കും.
2025ഓടെ പ്രതിദിനം 7.5 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലിന്റെ ഉല്‍പാദനമാണ് ഗയാനയില്‍ ഉണ്ടാകുകയെന്നാണ് കണക്കുകൂട്ടുന്നത്. ആദ്യ ഘട്ടമെന്ന നിലയില്‍ ലാഭവിഹിതമായി പ്രതിവര്‍ഷം 30 കോടി ഡോളറിന്റെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 2022ല്‍ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കുന്നതോടെ ഇത് ഇരട്ടിയാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല