സ്വന്തം ലേഖകൻ: കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കച്ചത്തീവ് ദ്വീപിനെ കുറിച്ച് നടത്തിയ പരാമര്‍ശം ദേശീയ അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായി. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രംഗം വിട്ട് കച്ചത്തീവ് വിഷയം നയതന്ത്ര ബന്ധങ്ങള്‍ സംബന്ധിച്ച വിഷയത്തിലേക്ക് വരെ നീണ്ടു. കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്ത ഇന്ദിര ഗാന്ധി സര്‍ക്കാര്‍ നടപടിയെ ആയിരുന്നു നരേന്ദ്ര മോദി വിമര്‍ശിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ ചര്‍ച്ചയില്‍ ഇടം പടിച്ചിരിക്കുകയാണ് പാകിസ്താനിലെ തുറമുഖ നഗരമായ ഗ്വാദാര്‍.
ആധുനിക പാകിസ്താനിലെ ഏറ്റവും വലിയ മൂന്നാമത്തെ തുറമുഖ നഗരമാണ് ഗ്വാദാര്‍. എന്നാല്‍ 200 വര്‍ഷത്തോളം ഗ്വാദാര്‍ ഒമാനിന് കീഴിലായിരുന്ന ഈ പ്രദേശം ഇന്ത്യയ്ക്ക് നല്‍കാന്‍ ഗള്‍ഫ് രാഷ്ട്രം തയ്യാറായിരുന്നു എന്നാണ് ഇപ്പോഴത്തെ ചര്‍ച്ചയുടെ അടിസ്ഥാനം. 1958ലാണ് ഗ്വാദാര്‍ പാകിസ്താന്റെ ഭാഗമാകുന്നത്.
പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവശ്യയിലെ മക്രാന്‍ തീരത്താണ് ഗ്വാദാർ സ്ഥിതി ചെയ്യുന്നത്. 1783ലാണ് ഗ്വാദാർ ഒമാന് കീഴിലാകുന്നത്. ഖാന്‍ ഓഫ് കാലത് മിർ നൂരി നസീർ ഖാന്‍ ബലോച്, മസ്കറ്റ് രാജകുമാരന്‍ സുല്‍ത്താന്‍ ബിന്‍ അഹമ്മദിന് പ്രദേശം സമ്മാനിക്കുകയായിരുന്നു. രാജകുമാരന്‍ ഒമാന്റെ സിംഹാസനത്തിലെത്തിയാല്‍ ഗ്വാദാർ തിരികെ നല്‍കുമെന്ന് മിഡ നൂരി നസീറുമായി ധാരണയുണ്ടായിരുന്നതായി യൂറേഷ്യ ഗ്രൂപ്പിന്റെ സൗത്ത് ഏഷ്യ തലവന്‍ പ്രമീത് പല്‍ ചൗദരി ഇന്ത്യ ടുഡെയോട് വ്യക്തമാക്കി.
അറേബ്യന്‍ തീരങ്ങളില്‍ ഉടനീളം നടത്തിയ റെയ്‌ഡുകളുടെ താവളമായി സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ഗ്വാദാറിനെ നിലനിർത്തി. 1792ല്‍ മസ്കറ്റിന്റെ സിംഹാസനം കൈക്കലാക്കുന്നതുവരെ ഇതു തുടർന്നു. എന്നാല്‍ ധാരണപ്രകാരം ഗ്വാദാർ തിരികെ നല്‍കാന്‍ സുല്‍ത്താന്‍ ബിന്‍ അഹമ്മദ് തയാറായില്ല. ഇത് ഇരുവർക്കുമിടയില്‍ തർക്കത്തിന് കാരണമായി.
ഗ്വാദാറിന്റെ കൈമാറ്റങ്ങള്‍ സംബന്ധിച്ച് 1985-1904 കാലഘട്ടങ്ങള്‍ക്കിടയിലും ചർച്ചകള്‍ സജീവമായിരുന്നു. ഖാന്‍ ഓഫ് കാലത്തും ബ്രിട്ടീഷ് ഇന്ത്യയിലെ ഭരണകൂടവുമായി നടത്തിയ ചർച്ചകള്‍ എങ്ങുമെത്താതെ പോയി. ഗ്വാദാർ: ദ സുല്‍ത്താന്‍സ് പൊസെഷന്‍ എന്ന മാർട്ടിന്‍ വുഡ്‍വാർഡിന്റെ ബുക്കിലാണ് ഇക്കാര്യം പരാമർശിച്ചിട്ടുള്ളത്.
1948ല്‍ മുഹമ്മദ് അലി ജിന്നയുടെ കീഴില്‍ പാകിസ്താന്‍ സ്വതന്ത്രമാകുന്നതുവരെ ബലോചിസ്താന്‍ ഭരിച്ചിരുന്നത് ഇതെ കാലത് ഖാനത് തന്നെയായിരുന്നു. ബലോചിസ്താന്റെ ഭൂരിഭാഗം പ്രദേശങ്ങളും 1948ല്‍ പാകിസ്താന്റെ ഭാഗമായി. എന്നാല്‍ ഗ്വാദാറിന് ചുറ്റുമുള്ള തീരപ്രദേശമായ മക്രാന്‍ 1952ലാണ് പാകിസ്താനുമായി ചേരുന്നതെന്നും പ്രമീത് പല്‍ ചൗദരി പറയുന്നു. ഗ്വാദാർ അപ്പോഴും പാകിസ്താന്റെ നിയന്ത്രണത്തിലായിരുന്നില്ല.
ഗ്വാദാർ സ്വതന്ത്രമായി തുടർന്ന പശ്ചാത്തലതില്ലാണ് ഒമാന്‍ സുല്‍ത്താന്റെ നീക്കം നടക്കുന്നത്. സ്വാതന്ത്ര്യം നേടിയതിന് ശേഷം ഗ്വാദാർ, ഒമാന്‍ സുല്‍ത്താന് പകരം ഇന്ത്യ ഭരിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതെന്നാണ് രേഖകള്‍. 1956ലാണ് ഇന്ത്യയ്ക്ക് മുന്നില്‍ ഒമാന്‍ ഗ്വാദാർ ഓഫർ വെക്കുന്നത്. ഇത് ജവഹർലാല്‍ നെഹ്രു നിരസിച്ചു. പിന്നീട് 1958ല്‍ മൂന്ന് മില്യണ്‍ പൗണ്ടിനാണ് ഗ്വാദാർ പാകിസ്താന് ഒമാന്‍ വിറ്റത്.
ഒമാന്റെ വാഗ്ദാനം നെഹ്രു നിരസിക്കുന്നത് അന്നത്തെ സാഹചര്യങ്ങള്‍ക്കൂടി പരിഗണിച്ചായിരുന്നു. അന്നത്തെ വിദേശകാര്യ സെക്രട്ടറി സുബിമല്‍ദത്ത്, ഇന്ത്യന്‍ ഇന്റലിജെന്‍സ് ബ്യൂറൊ തലവന്‍ ബി എന്‍ മുല്ലിക്ക് എന്നിവരാണ് ഓഫർ നിരസിക്കാന്‍ നിർദേശിച്ചതെന്നാണ് ദേശീയ സുരക്ഷ വിദഗ്ദന്‍ കൂടിയായ പ്രമിത് പല്‍ പറയുന്നത്. വാങ്ങിയിരുന്നെങ്കില്‍ കടന്നുചെല്ലാന്‍ സാധിക്കാത്ത പാകിസ്താനിലെ ഇന്ത്യന്‍ മണ്ണായി ഗ്വാദാർ മാറിയേനെ. പ്രകോപന കാരണമാകുന്ന ഒരു നടപടിയായും നെഹ്രു കണ്ടിരുന്നതായി പ്രമിത് കൂട്ടിച്ചേർത്തു.
ഒരുപക്ഷേ, അന്ന് ഇന്ത്യ ഗ്വാദാർ വാങ്ങിയിരുന്നെങ്കില്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞേനെ എന്നാണ് പ്രമിത് പറയുന്നത്. തന്ത്രപരവും സാമ്പത്തികവുമായ താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലവുമായേനെ തീരുമാനം പക്ഷെ എത്ര കാലത്തേക്ക് എന്നതില്‍ കൃത്യമായൊരു ഉത്തരം കണ്ടെത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാരണം ഗ്വാദാറിന്റെ ഭൂപ്രകൃതിയും ഭൂമിശാസ്ത്രവും അത്തരത്തിലാണ്. ഒരു ചുറ്റികയോട് സാമ്യമുള്ളതാണ് രൂപമാണ് ഗ്വാദാറിനുള്ളത്. സൈനിക പ്രവേശനം എളുപ്പം സാധ്യമല്ലാത്ത രൂപം.
കടല്‍, വായു മാർഗത്തിലൂടെ മാത്രമാണ് ഗ്വാദാറിലേക്ക് എത്താന്‍ സാധിക്കുക. അന്ന് അത് ഇന്ത്യയ്ക്ക് കഴിയുന്ന ഒന്നായിരുന്നില്ല. എന്നാല്‍ കശ്മീർ പോലുള്ള വിഷയങ്ങളില്‍ ഗ്വാദാർ ഉപയോഗപ്രദമായേനെയെന്ന അഭിപ്രായവും പ്രമിത് പല്‍ അഭിപ്രായപ്പെട്ടു. ഭാവിയെ മുന്നില്‍ക്കണ്ടായിരുന്നില്ല പകരം യാഥാർഥ്യം ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു നെഹ്രുവിന്റെ തീരുമാനമെന്നും വിലയിരുത്താനാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല