സ്വന്തം ലേഖകന്‍: എച്ച് 1 ബി വീസ അപേക്ഷ ഏപ്രില്‍ രണ്ടു മുതല്‍ സ്വീകരിക്കും; പ്രീമിയം പരിശോധന സെപ്റ്റംബര്‍ 10 വരെയില്ല; പ്രതീക്ഷയോടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍. തൊഴില്‍ വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളില്‍ വിദേശികളെ നിയമിക്കാനായി യുഎസ് അനുവദിക്കുന്ന താല്‍ക്കാലിക തൊഴില്‍വീസയായ എച്ച്–1 ബി വീസ അപേക്ഷ ഏപ്രില്‍ രണ്ടു മുതല്‍ സ്വീകരിക്കും. അതേസമയം എച്ച്–1 ബി വീസ 15 ദിവസത്തിനകം അനുവദിക്കുന്ന പ്രീമിയം പരിശോധനാ നടപടി സെപ്റ്റംബര്‍ 10 വരെ നിര്‍ത്തിവച്ചു.
ഇക്കാലയളവിലും വീസ അപേക്ഷകള്‍ സ്വീകരിക്കുമെന്നു യുഎസ് സിറ്റിസന്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) അറിയിച്ചു. ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന 2018–19 സാമ്പത്തിക വര്‍ഷത്തിലെ എച്ച് 1 ബി വീസ അപേക്ഷകളാണു സ്വീകരിക്കുന്നത്.
ഇത്തരം വീസയില്‍ യുഎസില്‍ എത്തിയശേഷം ഒന്നിലധികം തൊഴിലിടങ്ങളില്‍ ജോലിയെടുക്കാനുള്ള നടപടിക്രമങ്ങള്‍ കര്‍ശനമാക്കുന്ന പുതിയ നയം ട്രംപ് ഭരണകൂടം കഴിഞ്ഞ മാസം പാസാക്കിയിരുന്നു. അപേക്ഷകളുടെ എണ്ണം വര്‍ധിച്ചതിനെത്തുടര്‍ന്നു കഴിഞ്ഞ ഏപ്രിലില്‍ പ്രീമിയം വീസ നടപടികള്‍ നിര്‍ത്തിവച്ചതു സെപ്റ്റംബറിലാണു പുനരാരംഭിച്ചത്.
കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിനു വേണ്ടിയാണു പ്രീമിയം വീസ അപേക്ഷകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്. ഐടി രംഗത്തു പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഈ വീസ അപേക്ഷിച്ചു കാത്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല